goodnews head

മേസ്ത്രിമാരുടെ കൂട്ടായ്മയില്‍ ഒരുവീട് ഉയരുന്നു

Posted on: 27 Sep 2014




മഞ്ചേശ്വരം: നിരാംലബരായ കുടുംബത്തിന് മേസ്ത്രിമാരുടെ കൂട്ടായ്മയില്‍ ഒരു വീട് ഉയരുന്നു. ആറുലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം പച്ചമ്പളത്തെ ചന്ദ്രശേഖരന്റെ കുടുംബത്തിനാണ് ഇവര്‍ വീട് നിര്‍മിച്ചുനല്‍കുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ മഞ്ചേശ്വരം മേഖലാ കമ്മിറ്റിയാണ് നാട്ടുകാരുടെ സഹായത്തോടെ ജീവകാരുണ്യ പ്രവൃത്തി നടത്തുന്നത്.

അസോസിയേഷനില്‍ അംഗമായ ചന്ദ്രശേഖരന്റെ പെട്ടെന്നുള്ള മരണംമൂലം ഭാര്യ പുഷ്പയും രണ്ട് കുട്ടികളും അനാഥരായി. വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് സാന്ത്വനമാകാനാണ് സഹപ്രവര്‍ത്തകര്‍ കൈകോര്‍ത്തത്. മൂന്നുമാസം മുമ്പാണ് വീടുപണി തുടങ്ങിയത്. ഇപ്പോള്‍ വാര്‍പ്പ് പൂര്‍ത്തിയായതായി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ പറഞ്ഞു.

ഡിസംബറില്‍ ഗൃഹപ്രവേശം നടത്താനാണ് ലക്ഷ്യം. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ചന്ദ്രശേഖര, മേഖലാ ഭാരവാഹികളായ പി.ആര്‍.ശശി, എ.ആര്‍.മോഹനന്‍, എസ്.ഓമനക്കുട്ടന്‍, നവീന്‍ ഡിസൂസ, അഷ്‌റഫ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

 

 




MathrubhumiMatrimonial