goodnews head

ഓണാഘോഷമൊഴിവാക്കി പണം കാന്‍സര്‍ രോഗികള്‍ക്ക്‌

Posted on: 21 Sep 2014


കുട്ടികളുടെ 'സ്‌നേഹഗംഗാ' പ്രവാഹം



കൊച്ചി: ഓണം ആഘോഷിക്കാനും പൂക്കളമിടാന്‍ പൂ വാങ്ങാനും വെച്ചിരുന്ന പണം കാന്‍സര്‍ രോഗികള്‍ക്കായി നീക്കിെവച്ച് മൂന്ന് വിദ്യാലയങ്ങളിലെ കുട്ടികള്‍. കുട്ടികളുടെ 'സ്‌നേഹഗംഗ' ഒഴുകിയെത്തിയത് ഡോ. വി.പി. ഗംഗാധരന്‍റെ അടുത്തേക്ക്. ഏഴ് വയസ്സുകാരന്‍ നന്ദുവിനെ സാക്ഷിയാക്കി തുക കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറുമ്പോള്‍ സാന്ത്വനത്തിന്റെ വെളിച്ചമായി മാറുകയായിരുന്നു വിദ്യാര്‍ഥികള്‍.

കൊച്ചി മാതൃഭൂമി 'നഗരം' പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന 'സ്‌നേഹഗംഗ' കോളത്തില്‍ ഡോ. വി.പി. ഗംഗാധരന്‍ എഴുതിയ 'മനസ്സിലുണരട്ടെ പൂക്കളങ്ങള്‍' എന്ന കുറിപ്പാണ് മൂന്ന് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാരുണ്യത്തിന്റെ പുതുവഴിയിലേക്ക് പ്രചോദനമായത്. ആഗസ്ത് 26 ന് ഡോ. ഗംഗാധരന്‍ എഴുതിയ ലേഖനത്തില്‍, ഓണം ആഘോഷിക്കാന്‍ പൂക്കള്‍ വാങ്ങാതെ നാട്ടുപൂക്കള്‍ ഉപയോഗിക്കണമെന്നും ആഘോഷത്തിനുള്ള പണം കാന്‍സര്‍ രോഗികള്‍ക്കായി മാറ്റിെവയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഡോക്ടറുടെ ലേഖനം വായിച്ച അധ്യാപകരും വിദ്യാര്‍ഥികളും ഓണാഘോഷം ചുരുക്കി പണം സമാഹരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം എറണാകുളം വെല്‍കെയര്‍ ആശുപത്രിയില്‍ ഒ.പി. ക്ക് മുന്നില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ തുക ഡോ. ഗംഗാധരന്റെ സാന്നിധ്യത്തില്‍ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി.

തമ്മനം നളന്ദ പബ്ലിക് സ്‌കൂള്‍, വെള്ളൂര്‍ ഭവന്‍സ് ന്യൂസ്പ്രിന്റ് വിദ്യാലയ, തൊടുപുഴ ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പണം സമാഹരിച്ച് കൈമാറിയത്. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി ട്രഷറര്‍ വര്‍ഗീസ് ജേക്കബ് കുട്ടികളില്‍ നിന്ന് സംഭാവന ഏറ്റുവാങ്ങി.

മജ്ജ മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന ഏഴു വയസ്സുകാരന്‍ നന്ദുവിനെ ഡോ. വി.പി. ഗംഗാധരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ ഒറ്റയ്ക്കല്ലെന്ന വലിയ സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ പങ്കുെവച്ചതെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് ഡോ. ലിസി പറഞ്ഞു. നളന്ദ പബ്ലിക് സ്‌കൂള്‍ മാനേജര്‍ സി.കെ. കൃഷ്ണന്‍, ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ തോമസ് കാപ്പന്‍, ഭവന്‍സ് ന്യൂസ്പ്രിന്റ് വിദ്യാലയ അദ്ധ്യാപിക ബിനു, ഡോ. അനുപമ, ബീന നമ്പ്യാര്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ബിജു സി.പി. എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial