
കാന്‍സറിനെ തോല്‍പ്പിച്ച അമ്പിളി പറയുന്നത് നന്മയുടെ കഥ
Posted on: 07 Sep 2014

ഹരിപ്പാട്: 'ഹൃദയം കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ദൈവത്തിന്റെ ശബ്ദംപോലെ തോന്നി. അല്ലെങ്കില്‍ ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ പഠനം മുടങ്ങിയ പെണ്‍കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്‌തെന്ന് നിങ്ങള്‍ വായിക്കുമായിരുന്നു ...' മഹാദേവികാട് ലക്ഷ്മീനിവാസില്‍ രവീന്ദ്രന്റെ ഭാര്യ അമ്പിളി (49) ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടതിന്റെ അവിശ്വസനീയ അനുഭവമാണ് പങ്കുവയ്ക്കുന്നത്.
കാന്‍സറിനോട് പൊരുതിയതിന്റെ അടയാളങ്ങള്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത മുഖം. കീമോതെറാപ്പിയുടെ ബാക്കിപത്രമായി തോളത്ത് ചുരുണ്ടുകിടക്കുന്ന മുടി. മൂന്ന് ശസ്ത്രക്രിയകളുടെ വേദന ഏറ്റുവാങ്ങിയ ശരീരം. പക്ഷേ, ആ സങ്കടങ്ങളെല്ലാം അലിയിച്ചുകളഞ്ഞ നന്മ നിറഞ്ഞവന്‍ ഡോ. വി.പി. ഗംഗാധരനാണ്.
കാന്‍സറിന്റെ വഴിയില്‍നിന്ന് ഏറെപ്പേരെ രക്ഷപ്പെടുത്തിയ ഡോക്ടര്‍ക്ക് അമ്പിളിയുടെ കഥയില്‍ ചികിത്സകന്റെ റോളല്ല. ഭക്ഷണത്തിനു വകയില്ലാഞ്ഞിട്ടും മകളെ പഠിപ്പിക്കാന്‍ ശ്രമിച്ച രക്ഷിതാക്കള്‍ക്കു മുമ്പില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത് ഇരുചെവിയറിയാത്ത സഹായവുമായാണ്. അതിന് നിമിത്തമായത് ആത്മഹത്യ ചെയ്യാനുറച്ച അമ്പിളി, അവസാന ശ്രമമെന്ന നിലയില്‍ ഡോക്ടര്‍ക്കയച്ച കത്തും.
മറുപടി തീരെ പ്രതീക്ഷിച്ചില്ല. എന്നാല്‍, രണ്ടാം നാള്‍ ഡോക്ടറുടെ വിളിവന്നു. മൂന്നാം ദിവസം ആളും ബഹളവും ഫോട്ടോയെടുപ്പുമൊന്നുമില്ലാതെ അമ്പിളിയുടെ മൂത്തമകള്‍ ശ്രീലക്ഷ്മിയ്ക്ക് ബീഫാം മൂന്നാം വര്‍ഷത്തേക്കുള്ള ഫീസിനത്തിലെ 85,000 രൂപ കൈയില്‍ക്കൊടുത്തു.രവീന്ദ്രന്‍ ബി.എസ്.എഫിലായിരുന്നു. 23 വര്‍ഷത്തെ സേവനത്തിനുശേഷം 2003- ല്‍ പിരിയുമ്പോള്‍ ഹൃദ്രോഗം കൂട്ടിനുണ്ടായിരുന്നു. പെന്‍ഷനിലെ നല്ലൊരു ഭാഗവും ചികിത്സയ്ക്കു വേണ്ടിവന്നെങ്കിലും നല്ലനിലയില്‍ ജീവിക്കുകയായിരുന്നു.2011ലാണ് പ്ലസ് ടു കഴിഞ്ഞ മകള്‍ ശ്രീലക്ഷ്മിയെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ഫാര്‍മസികോളേജില്‍ ചേര്‍ക്കുന്നത്.
അതേവര്‍ഷം നവംബറോടെ അമ്പിളിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 2012 മാര്‍ച്ചില്‍ ആദ്യ ശസ്ത്രക്രിയ. തുടര്‍ന്ന് ആര്‍.സി.സി.യില്‍ രണ്ടു പ്രാവശ്യം ശസ്ത്രക്രിയ വേണ്ടിവന്നു. ആറുലക്ഷം രൂപയിലധികം ചെലവായി. കടവും പലിശയും പെരുകിയതിനാല്‍ 22 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. അങ്ങനെ വാടകവീട്ടില്‍ അഭയം തേടിയിരിക്കവേയാണ് ശ്രീലക്ഷ്മിയുടെ വാര്‍ഷികഫീസ് ഇവര്‍ക്കുമുമ്പില്‍ ചോദ്യചിഹ്നമാകുന്നത്. പിഴയടക്കം ഫീസടയ്‌ക്കേണ്ട സമയം കഴിഞ്ഞതിനാല്‍ ജൂണില്‍ ശ്രീലക്ഷ്മി വീട്ടിലേക്ക് പോന്നു. സഹായ അഭ്യര്‍ത്ഥനയുമായി ഈ ദമ്പതിമാര്‍ മുട്ടാത്ത വാതിലുകളില്ല.
നല്ലവാക്കുകള്‍ക്ക് പഞ്ഞമുണ്ടായില്ലെങ്കിലും ഒരു വാതിലും തുറന്നില്ല. അമ്പിളിയുടെ രോഗവിവരമറിഞ്ഞ ബന്ധുക്കളില്‍ ചിലര്‍ സഹായിച്ചില്ലെന്നു മാത്രമല്ല, കുടുംബ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം നിയമക്കുരുക്കിലാക്കി വിഷമിപ്പിക്കുകയും ചെയ്തു. കിടപ്പാടം ഇല്ലാതാക്കിയ തന്റെ രോഗം മകളുടെ പഠനവും പാതിവഴിയിലാക്കുമെന്ന സങ്കടമാണ് ആത്മഹത്യയെന്ന ചിന്തയില്‍ തന്നെ എത്തിച്ചതെന്ന് അമ്പിളി പറയുന്നു.ഡോ. ഗംഗാധരനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ആദരിക്കുന്നതറിഞ്ഞ് അമ്പിളിയും കുടുംബവും കാണാനെത്തിയിരുന്നു. ചടങ്ങിനിടെ അമ്പിളിയുടെ ഇളയ മകള്‍ പത്താം ക്ലാസുകാരി ജയലക്ഷ്മി താന്‍ വരച്ച ഒരു ചിത്രം ഡോക്ടര്‍ക്ക് സമ്മാനിച്ചു.
അത് സ്വീകരിച്ച ഡോക്ടര്‍ അവാര്‍ഡായി തനിക്കു കിട്ടിയ 10,000 രൂപ അവളെ ഏല്പിച്ചു. തന്റെ കുടുംബത്തിന് പുനര്‍ജന്മമേകിയ ഡോക്ടര്‍ക്ക് പകരംകൊടുക്കാനൊന്നുമില്ലാത്തതിനാലാണ് ജയലക്ഷ്മി നോട്ടുബുക്കിന്റെ അവസാനപുറത്ത് വരച്ചിട്ട ചിത്രവുമായി ചടങ്ങിനെത്തിയത്. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജയലക്ഷ്മി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിക്ക് തുടര്‍ച്ചയായി രണ്ടുവര്‍ഷം ഒന്നാംസ്ഥാനം നേടിയ മിടുക്കിയാണ്. ചടങ്ങിനുശേഷം കുട്ടികളെ ചേര്‍ത്തുനിര്‍ത്തി ഡോക്ടര്‍ ഏറെ നേരം സംസാരിച്ചു. പഠിച്ച് മിടുക്കികളായി കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മറികടക്കാന്‍ ഉപദേശിച്ചു. കണ്ണീരടക്കാന്‍ പാടുപെട്ടുകൊണ്ട് അമ്പിളിയും രവീന്ദ്രനും അടുത്തുണ്ടായിരുന്നു.
