AnnaChandam Head

സവര്‍ണക്കറുപ്പന്‍ - ഷേണായി ചന്ദ്രശേഖരന്‍

Posted on: 31 Jul 2009

-ശ്രീകുമാര്‍ അരൂക്കുറ്റി




ആനകള്‍ക്ക് ജാതിയും മതവുമുണ്ടോ...? ജാതിമത പരിഗണനകളും അതിന്റെ പേരിലുള്ള വിഭാഗീയതകളും ഉച്ചനീചത്വങ്ങളും ആനകള്‍ക്കിടയില്‍ ഉണ്ടായാലും ഇല്ലെങ്കിലും കുറഞ്ഞപക്ഷം നമ്മള്‍ മനുഷ്യരെങ്കിലും അങ്ങിനെയൊരു ഭാരം ആനകളുടെ പേരില്‍ കുത്തിച്ചെലുത്തുന്നുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ പറ്റുപിടി പുസ്തകങ്ങള്‍ പ്രകാരമുള്ള ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ തരംതിരിവുകള്‍ തന്നെയാണ് ആനകളിലും ആരോപിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുന്നത്.

എന്തിനും ഏതിനും നല്ല വൃത്തിയും ശുദ്ധിയുമൊക്കെ പുലര്‍ത്തുന്ന ആനകളെ ബ്രാഹ്മണരെന്ന് വിളിക്കും. അവര്‍ കുളത്തിലിറങ്ങിയാല്‍, ചെന്നപാടെ വെള്ളം വലിച്ച് കുടിയ്ക്കുകയൊന്നുമില്ലത്രെ! പകരം കൈയും (തുമ്പികൈ) മുഖവുമെല്ലാം വൃത്തിയായി കഴുകിയ ശേഷം സാവകാശം മാത്രം വെള്ളം കുടിക്കും. ഇനി ക്ഷത്രിയ ആനകളാകട്ടെ വീരശൂര പരാക്രമികളായിരിക്കും. കേസ് നടത്തി നടത്തി തറവാട് കുളം തോണ്ടിയാലും സ്വന്തം ആത്മാഭിമാനം ആര്‍ക്ക് മുന്നിലും പണയം വയ്ക്കാത്ത തരത്തിലുള്ള തറവാട്ട് കാരണവന്‍മാരുടെ ജനുസില്‍ പെടുന്നവര്‍. വഴിയില്‍ ചത്തുകിടക്കുന്ന പട്ടിയെ തിന്നാനും മടിയില്ലാത്ത മട്ടില്‍ എന്ത് തറവേലകള്‍ക്കും തയ്യാറുള്ള 'എടങ്ങേറ്' പാര്‍ട്ടി'കളെല്ലാം ശൂദ്രഗണത്തില്‍ പെടും, അഥവാ പെടണം. അങ്ങിനെയൊക്കെയാണ് യാഥാസ്ഥിതിക ആന പ്രേമികളുടെ പിടിവാശികള്‍.

ഈ വിധമുള്ള ജാതിതിരിവുകള്‍ ഒരു വശത്ത് ഇപ്പോഴും തുടരുമ്പോള്‍ തന്നെ രാമന്‍ നായരെന്നും ശങ്കരന്‍ എമ്പ്രാതിരിയുമെന്നൊക്കെ പറയുംപോലെ ജാതിപ്പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തുകെട്ടി ഗമയില്‍ വിലസുന്ന ഒരാന കേരളത്തിലുണ്ടെങ്കില്‍ അത് ഷേണായി ചന്ദ്രശേഖരനായിരിക്കും.

എറണാകുളം നഗരത്തില്‍ ബാലകൃഷ്ണ ഷേണായി എന്ന ഉടമയുടെ സ്വന്തകാരനായതുകൊണ്ടാണ് ജന്മംകൊണ്ട് ബീഹാറിയായ ചന്ദ്രശേഖരന് ഷേണായി ചന്ദ്രശേഖരന്‍ എന്ന പേര് വീണത്. ഉത്തരേന്ത്യയില്‍ നിന്ന് വന്നവനാണെങ്കിലും അസ്സല്‍ ഒരു തറവാട്ട് മൂപ്പീന്നിന്റെ ആഢ്യത്തവും ലക്ഷണപ്പെരുക്കങ്ങളുമാണ് ചന്ദ്രശേഖരന്റെ എക്കാലത്തേയും വലിയ ബാങ്ക്ബാലന്‍സ്. സമൃദ്ധമായ മദഗിരികളും നിലംതൊടുന്ന തുമ്പിക്കൈയും മികച്ച ചെവികളും തെറ്റില്ലാത്ത കൊമ്പുകളും - അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഒന്നാന്തരം മുഖപ്രസാദം. അതാണ് ചന്ദ്രശേഖരന്‍.

ലോകത്തിന്റെ ഏതേതു കോണുകളിലൊക്കെ പോയി എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും അവനവന്റെ മണ്ണില്‍ നിലയുംവിലയുമില്ലെങ്കില്‍ പിന്നെന്തു കാര്യം എന്ന് തുറന്ന് ചോദിക്കുന്ന കൂട്ടത്തിലാണ് ചന്ദ്രശേഖരന്‍. എന്നുവെച്ചാല്‍ മറ്റെവിടുത്തേക്കാളും അധികം പേരും പുകഴുമെല്ലാം ചന്ദ്രശേഖരന് സ്വന്തം തട്ടകമായ എറണാകുളംജില്ലയില്‍ നിന്നാണ് ലഭിക്കുന്നത്. അതില്‍ തന്നെ തൃപ്പൂണിത്തുറ ക്ഷേത്രവും അവിടുത്തെ ഉത്സവങ്ങളുമാണ് അവന്റെ മാസ്റ്റര്‍പീസ്. എത്ര വലിയ ജഗജാലകില്ലാഡികള്‍ അരയുംതലയും മുറുക്കി രംഗത്തെത്തിയാലും ശരി തൃപ്പൂണ്ണിത്തുറ വൃശ്ചികോത്സവത്തിന് ചന്ദ്രശേഖരനുണ്ടെങ്കില്‍ അവന്‍ കഴിഞ്ഞേ മറ്റാര്‍ക്കും സിംഹാസനവും കിരീടവുമുള്ളു. അതുപോലെ തന്നെ പ്രശസ്തമായ വൈക്കത്തഷ്ഠമിക്കും അനേക വര്‍ഷങ്ങളായി ചന്ദ്രശേഖരന്റെ പ്രൗഢസാന്നിധ്യം പ്രധാന പരിപാടികളില്‍ ഒന്നായി ഇടംപിടിക്കുന്നു.

ഗജപരിപാലനരംഗത്ത് ശ്രദ്ധേയരായ തൃശ്ശൂരിലെ നാണുഎഴുത്തച്ഛന്‍ ഗ്രൂപ്പാണ് ഏതാണ്ട് കാല്‍നൂറ്റാണ്ടിനപ്പുറം ഉത്തരേന്ത്യയില്‍ നിന്ന് ഈ ആനമിടുക്കനെ കണ്ടെത്തി ഞാറ്റുവേലയുടെ നാട്ടിലേക്ക് ആനയിക്കുന്നത്. അക്കാലത്ത് വടക്കന്‍നാട്ടില്‍ നിന്നും ഒത്തിരിയൊത്തിരി ആനകളെ കേരളത്തിലേക്ക് എത്തിച്ചിരുന്നു എഴുത്തച്ഛന്‍ ഗ്രൂപ്പ് പിന്നെയൊരുനാള്‍ മോശമില്ലാത്ത ലാഭം കിട്ടിയപ്പോള്‍ ഇവനെയും വിറ്റു. വൈക്കത്തിനടുത്തുള്ള പദ്മനാഭനാണ് തൃശ്ശൂരില്‍ നിന്നും വാങ്ങുന്നത്. പിന്നെ കുറച്ചുകാലം കഴിഞ്ഞ് പാമ്പാക്കുടക്കാരന്‍ ഗംഗാധരന്റെ സ്വന്തമായി. ഒരഞ്ചാറ് കൊല്ലക്കാലം പാമ്പാക്കുടയിലുണ്ടായിരുന്നു. അതു കഴിഞ്ഞ് പെരുമ്പാവൂര്‍ അരുണ്‍കുമാറിന്റെ പക്കലേയ്ക്കും. അപ്പോഴേക്കും ചന്ദ്രശേഖരന്‍ ആരു കണ്ടാലും കൊതിക്കുന്ന അസ്സല്‍ ഒരാനച്ചന്തമായി മാറുകയും ചെയ്തിരുന്നു.

അരുണ്‍കുമാറിന്റെ കൈയില്‍ നിന്നാണ് ഷേണായി കുടുംബം 1989-ല്‍ ചന്ദ്രശേഖരനെ സ്വന്തമാക്കുന്നത്. അക്കാലത്ത് വിടാതെ കൂടിയ പാദരോഗത്തിന്റെ ശല്യം ചന്ദ്രശേഖരനെ വല്ലാതെ അലട്ടിയിരുന്നു. കാലുകളിലെ ഉണങ്ങാതെ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വ്രണം കാണുന്ന ചിലരൊക്കെ, ആനയ്ക്ക് ക്യാന്‍സറാണ്, അതിന്റെ കാര്യം കഴിഞ്ഞു എന്നുപോലും വിലയിരുത്തുകയുണ്ടായി. എന്നാല്‍ ഗജപരിപാലനത്തിനൊപ്പം നല്ലൊരു ആനചികിത്സകന്‍ കൂടിയായിരുന്ന വിശ്വനാഥ ഷേണായി, ചന്ദ്രശേഖരനെ പതിവായി ചില മരുന്നുവെള്ളത്തില്‍ മണിക്കൂറുകളോളം ഇറക്കി നിര്‍ത്തി ആ ദീനം മാറ്റിയെടുത്തു. വിശ്വനാഥ ഷേണായിയുടെ പുത്രനാണ് ഇന്നത്തെ ഉടമയായ ബാലകൃഷ്ണ ഷേണായി.

ചന്ദ്രശേഖരന്‍ എന്നു കേട്ടാല്‍ നാവില്‍ തേനും പാലും കിനിയുന്ന ഇവന്റെ ആരാധകരെപ്പോലെ തന്നെ, ഒട്ടേറെ പ്രശസ്തരും ഇവന്റെ ആനച്ചന്തത്തെ തൊട്ടുരുമ്മി നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മത്സരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി, ക്രിക്കറ്റ് താരം കപില്‍ദേവ് തുടങ്ങിയവരൊക്കെ അങ്ങനെ ചന്ദ്രന്റെ 'ഓര്‍ക്കുട്ട് പ്രൊഫൈലിലേക്ക് ഫ്രണ്ട്ഷിപ്പ് അഭ്യര്‍ഥന അയച്ചിട്ടുള്ളവരാണ്. ബാംഗ്ലൂരില്‍ നടന്ന മിസ്‌വേള്‍ഡ് മത്സരത്തിലും ചന്ദ്രശേഖരന്‍ മുഖ്യാകര്‍ഷണമായിരുന്നു. ഫെഡറല്‍ ബാങ്കിന്റെ പരസ്യങ്ങളിലെ പ്രധാന മോഡലും ഈ കൊച്ചിക്കാരന്‍ തന്നെ.

സുന്ദരപുരുഷനായ ഈ ആനഷേണായിയെ ജനക്കൂട്ടത്തിന്റെ പ്രിയതാരമാക്കി വര്‍ഷങ്ങളോളം നിലനിര്‍ത്തിയതില്‍ ഇവന്റെ പാപ്പാനായ ഭാസ്‌ക്കരന്‍ നായരുടെ പങ്കും എടുത്തു പറയേണ്ടതാണ്. പത്തിരുപത് വര്‍ഷമായി ചന്ദ്രശേഖരന്റെ കണ്ണും കാഴ്ച്ചയുമായി വഴികാട്ടുന്ന ഭാസ്‌ക്കരന്‍ നായര്‍ ഈയിടെ രോഗപീഢകളാല്‍ അവശനായതിന്റെ വിഷമത്തിലാണ് പാവം ചന്ദ്രശേഖരന്‍ ഇപ്പോള്‍. ഭാസ്‌ക്കരന്‍ നായരെ മറന്ന് എങ്ങിനെ മറ്റൊരാളോട് ചങ്ങാത്തം കൂടും. മനസ്സില്ലാമനസ്സോടെയാണെങ്കിലും അതിന് തയ്യാറാവാതെ ഒരു നാട്ടാനയായി എങ്ങനെ ജീവിതം തുടരും...ആ സന്ദേഹങ്ങളിലാണിപ്പോള്‍ ആനപ്രേമികളുടെ മാനസേശ്വരനായ ചന്ദ്രശേഖരന്‍.
sreekumararookutty@gmail.com

Tags:   Elephant, Kerala Festivals, Anachantham, Shenoy Chanrashekaran



MathrubhumiMatrimonial