goodnews head

കാരുണ്യത്തിന്റെ ആള്‍രൂപമായി ബാലകൃഷ്ണന്‍

Posted on: 30 Aug 2014



ചാലിശ്ശേരി:
സ്വപ്രയത്‌നത്താല്‍ ഉണ്ടാക്കിയെടുത്തതെല്ലാം ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് പകുത്തുനല്‍കുന്ന ജീവിതമാണ് ചാലിശ്ശേരി വട്ടേക്കാട്ട് ബാലകൃഷ്ണന്റേത്. ഈ 70 കാരന്റെ ശ്രമത്തില്‍ ഇന്ന് സാന്ത്വനമനുഭവിക്കുന്നത് സായാഹ്നത്തില്‍ ഒറ്റപ്പെട്ടവരും പാരാപ്ലീജിയ രോഗികളുമടങ്ങുന്ന ഒരുകൂട്ടം പേരാണ്. അസുഖംമൂലവും ഒറ്റപ്പെടല്‍മൂലവും കഷ്ടതയനുഭവിക്കുന്നവര്‍ക്കായി അഭയകേന്ദ്രമൊരുക്കാന്‍ 50 സെന്റോളം സ്ഥലം ഇദ്ദേഹം സൗജന്യമായി നല്‍കി. അങ്ങനെ 2011ല്‍ കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ അനാഥ-വൃദ്ധ സംരക്ഷണകേന്ദ്രമായ 'ഷെല്‍ട്ടറി'ന് തുടക്കമായി.

നിലവില്‍ വൃദ്ധരായ 19 അന്തേവാസികളും പാരാപ്ലീജിയ രോഗികളായ നാലുപേരും ഷെല്‍ട്ടറിലുണ്ട്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ദുരിതമയമായ ചെറുപ്പകാലമായിരുന്നു ബാലകൃഷ്ണന്റേത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദന എളുപ്പത്തില്‍ മനസ്സിലാവുമെന്ന് അദ്ദേഹം പറയുന്നു. ഷെല്‍ട്ടര്‍ ചെയര്‍മാനായ ബാലകൃഷ്ണന്‍തന്നെയാണ് രോഗികള്‍ക്കുവേണ്ട സഹായവും പരിചരണവും എത്തിക്കുന്നതിന് കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാവുന്നത്.

1979ല്‍ എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് ഗള്‍ഫിലെത്തി. അക്കാലത്തുതന്നെ അദ്ദേഹം തൃശ്ശൂര്‍ മുളയത്തെ 'കുട്ടികളുടെഗ്രാമ'ത്തിലെ രണ്ട് കുട്ടികളെ ഏറ്റെടുത്തിരുന്നു. പിന്നീട് നാട്ടില്‍വന്ന് കച്ചവടം തുടങ്ങിയപ്പോഴും തന്റെ വരുമാനത്തിന്റെ ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്കായി മാറ്റിവെക്കാന്‍ ശ്രദ്ധിച്ചിരുന്നു. 1993ല്‍ പൊതുശ്മശാനം ആരംഭിച്ചതും ചാലിശ്ശേരിയില്‍ ഇദ്ദേഹം സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ്.

ഷെല്‍ട്ടറില്‍ 'സഹായി' സ്വയംസഹായസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്ക് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇതിലൂടെ പരിശീലനം നല്‍കിവരുന്നുണ്ട്. ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനം അവര്‍ക്കുതന്നെ നല്‍കി ജീവിതത്തില്‍ ഒറ്റയ്ക്ക് വരുമാനമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നു. പുതുതായി ഏഴരലക്ഷം രൂപ ചെലവില്‍ മഴവെള്ളസംഭരണിയും ഷെല്‍ട്ടറില്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

സേവനത്തിന്റെ പാതയില്‍ 70 വയസ്സ് പൂര്‍ത്തിയാക്കുന്ന ബാലകൃഷ്ണന്റെ പിറന്നാളാഘോഷം ഷെല്‍ട്ടറിലെ അന്തേവാസികളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷിക്കുന്നത്. 31ന് നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ. മാരായ കെ.ടി. ജലീല്‍, വി.ടി. ബല്‍റാം, നടനും സാഹിത്യകാരനുമായ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 




MathrubhumiMatrimonial