goodnews head

ലാഭംകൊണ്ട് ഗോദാനം; ഇതുവരെ നല്‍കിയത് 25 പശുക്കളെ

Posted on: 30 Aug 2014

സി. രാജശേഖരന്‍ നായര്‍



ചെങ്ങന്നൂര്‍: കച്ചവടത്തില്‍നിന്നുള്ള ലാഭത്തില്‍നിന്ന് ഒരു വിഹിതം ഗോദാനത്തിന്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതിനോടകം 25 പശുക്കളെ നല്‍കിയ വ്യാപാരി കാരുണ്യത്തിന് മാതൃകയാകുന്നു.

ശിവഭക്തനായ ഇദ്ദേഹം പ്രതിമാസം പതിനായിരത്തോളം രൂപ ചെലവഴിച്ച് ഒരു കാളയെയും വളര്‍ത്തുന്നു.
ചെങ്ങന്നൂര്‍ പേരിശ്ശേരി ശക്തിനിവാസില്‍ 61 കാരനായ എം.ജി. ചന്ദ്രശേഖരക്കുറുപ്പാണ് ഗോദാനത്തിലൂടെ ശ്രദ്ധേയനാകുന്നത്. സമീപകാലത്ത് ഇദ്ദേഹം 25 പശുക്കളെ വിവിധ ക്ഷേത്രങ്ങള്‍ വഴി ദാനം ചെയ്തു. 20,000 മുതല്‍ 40,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് ഇങ്ങനെ നല്‍കാറുള്ളത്.

മൂന്നുവര്‍ഷം മുമ്പ് തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞവേദിയില്‍ പാവപ്പെട്ട കുടുംബത്തിന് പശുവിനെ നല്‍കിക്കൊണ്ടായിരുന്നു ഗോദാനത്തിന്റെ തുടക്കം. വ്യാപാരസ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോഴും ഉദ്ഘാടനത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മൂന്ന് പശുക്കളെ ദാനം ചെയ്തു.

പശുവിനെ കിട്ടുന്ന ചില കുടുംബങ്ങള്‍ക്ക് അതിനെ പോറ്റാന്‍ മാര്‍ഗമുണ്ടാകില്ല. അവര്‍ക്ക് കാലിത്തീറ്റയും വാങ്ങിക്കൊടുക്കും. പശുവിനെ ആര്‍ക്കു നല്‍കണമെന്ന് ക്ഷേത്രം അധികാരികളാണ് തീരുമാനിക്കാറുള്ളത്.

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിനു സമീപമുള്ള പറമ്പിലാണ് രണ്ടര വര്‍ഷമായി കുറുപ്പ് കാളയെ വളര്‍ത്തുന്നത്. ഇതിനെ നോക്കാന്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി വിജയനെ ശമ്പളത്തിന് നിര്‍ത്തിയിട്ടുണ്ട്. ശങ്കരന്‍കുട്ടി എന്നു വിളിപ്പേരുള്ള കാളയെ എന്നും കുളിപ്പിച്ച് ഭസ്മം തൊടീച്ച് അമ്പലപ്പറമ്പിലെത്തിക്കും.

ഒരാള്‍ക്ക് ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ നല്‍കിയാല്‍ അവരത് പെട്ടെന്ന് ചെലവഴിച്ച് തീര്‍ക്കും. 10 ലിറ്റര്‍ മുതല്‍ 15 ലിറ്റര്‍ വരെ പാല്‍ കിട്ടുന്ന പശുവിനെ നല്‍കിയാല്‍ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാം-കണക്കുകള്‍ നിരത്തി കുറുപ്പ് സമര്‍ത്ഥിക്കുന്നു.

 

 




MathrubhumiMatrimonial