
കൊടക്കാട്ടെ സ്‌കൂള്‍ കുട്ടികളുടെ ബാങ്കിന് ആറ് വയസ്; 'നടത്തിപ്പുകാരന്' അധ്യാപക അവാര്‍ഡ്
Posted on: 30 Aug 2014

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളുടെ ബാങ്കിന്റെ 'നടത്തിപ്പുകാരന് ' സംസ്ഥാന അധ്യാപക അവാര്‍ഡ്. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ ബാങ്കിന് ആറ് വര്‍ഷമായി നേതൃത്വം നല്‍കുന്ന അധ്യാപകന്‍ ഇ.പി. ഷാജിത്ത് കുമാറിനാണ് പുരസ്‌കാരം.
അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ് അധ്യാപകനായ ഷാജിത്ത് ആറുവര്‍ഷമായി സ്‌കൂളില്‍ നടത്തുന്ന 'ക്ലാസ് മുറിയിലൊരു ബാങ്ക്' പദ്ധതി സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. രണ്ടര ലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ കുഞ്ഞുബാങ്കിന് ഉള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കണ്ണൂര്‍കാസര്‍കോട് മേഖലയിലെ മികച്ച അധ്യാപകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡാണ് ഷാജിത്തിന് ലഭിച്ചത്.
സ്‌കൂളിലെ വൊക്കേഷണല്‍ അക്കൗണ്ടിങ് വിഷയത്തിലുള്ള പ്രായോഗിക പരിശീലനത്തിന് പുറമേ മുഴുവന്‍ കുട്ടികളിലും സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2008 ലാണ് ബാങ്ക് തുടങ്ങിയത്. സ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് പ്രധാനമായും ഈ ബാങ്കിലൂടെ അക്കൗണ്ടിംഗ് പരീശീലനം നേടുന്നത്. വര്‍ഷാവസാനമാകുമ്പോള്‍ അവര്‍ തന്നെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.
അക്കൗണ്ടിങ് ജോലികള്‍ ചെയ്യാനാവശ്യമായ പ്രായോഗിക പരിശീലനം രണ്ട് വര്‍ഷത്തെ കോമേഴ്‌സ് പഠനം കൊണ്ട് ലഭിക്കുന്നില്ല എന്നത് സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോമേഴ്‌സ് വിദ്യാര്‍ഥികളുടെ പ്രശ്‌നമാണ്. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം അക്കൗണ്ടിങ് മേഖലയിലേക്ക് തിരിയുന്ന വിദ്യാര്‍ഥികള്‍ മറ്റ് സ്ഥാപനങ്ങളില്‍ വീണ്ടും പ്രായോഗിക പരിശീലനം തേടണം. ഇവിടെയാണ് സ്റ്റുഡന്റ്‌സ് സേവിങ്‌സ് ബാങ്കിന്റെ പ്രസക്തി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ന്‍ഡറിയുടെ പ്രഖ്യാപിത ലക്ഷ്യമായ തൊഴില്‍ പഠനം പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് ഇവിടത്തെ കുട്ടികളുടെ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഓരോ ആഴ്ചയിലും അഞ്ച് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഗ്രൂപ്പ് ആണ് ബാങ്ക് സ്റ്റാഫായി പ്രവര്‍ത്തിക്കുന്നത്. കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കുമായി കൈകോര്‍ത്ത് കൊണ്ടാണ് സ്‌കൂളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശ്വനാഥനും മറ്റധ്യാപകരും പ്രോത്സാഹനമായി കൂടെയുണ്ട്.
സ്‌കൂളിലെ ടൂറിസം ക്ലബ്ബ് കോര്‍ഡിനേറ്ററാണ് ഷാജിത്ത്. സംസ്ഥാന ടുറിസം വകുപ്പിന്റെ സഹായത്തോടുകൂടി സ്‌കൂള്‍ അധികൃതര്‍ ടൂറിസം ക്ലബ്ബ് അംഗങ്ങളുമായി ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ നിര്‍മ്മിച്ച കല്‍ത്തറയും മനോഹരമായ ഉദ്യാനവും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പുതിയ പാഠ്യപദ്ധതിയുടെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ് ജില്ലാ കോര്‍ഡിനേറ്റര്‍, സൗഹൃദക്ലബ്ബ് കോര്‍ഡിനേറ്റര്‍ എന്നീ മേഖലയിലും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ നാറാത്ത് ഇ.പി. കുഞ്ഞിരാമന്റെയും ടി.വി. ഭാനുമതിയുടെയും മകനാണ്. ഭാര്യ പ്രീതി. കരിവെള്ളൂര്‍ വൈദ്യുതി ഓഫീസില്‍ സീനീയര്‍ അസിസ്റ്റന്റ് ആണ്. മക്കള്‍ അഭിനന്ദ, അഭിവേഥ്.
