
ശിവനന്ദയ്ക്ക് സീഡ് പ്രവര്‍ത്തകരുടെ സ്‌നേഹസഹായം
Posted on: 21 Aug 2014

പന്തളം: ഓടിക്കളിച്ചുനടക്കേണ്ട പ്രായത്തില്‍ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന അപൂര്‍വരോഗബാധിതയായ ശിവനന്ദയ്ക്ക് സീഡ് പ്രവര്‍ത്തകര്‍ സ്‌നേഹസഹായം നല്‍കി. തട്ടയില്‍ എസ്.കെ.വി.യു.പി. സ്‌കൂളിലെ കുട്ടികള്‍ സ്വരൂപിച്ച പതിനായിരം രൂപയാണ് അവര്‍ ശിവനന്ദയുടെ വീട്ടിലെത്തിച്ചുനല്‍കിയത്. ദേഹംമുഴുവന്‍ പൊള്ളലേറ്റതുപോലെ കുമിളകള്‍ വരുന്ന അപൂര്‍വ്വരോഗം ബാധിച്ച നാലുവയസ്സുകാരി ശിവനന്ദയെപ്പറ്റി മാതൃഭൂമി 'വാര്‍ത്ത' നല്‍കിയിരുന്നു.
ഇത് വായിച്ചറിഞ്ഞ കുട്ടികളാണ് കുഞ്ഞിനെ സഹായിക്കാന്‍ പണം സ്വരുക്കൂട്ടിയത്. സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള ശിവനന്ദയുടെ അച്ഛന്‍ സജീവ്കുമാറിന് പണം കൈമാറി. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം എ.കെ.വിജയന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.സുരേഷ് ബാബു, കെ.മധുസൂദനക്കുറുപ്പ്, ആര്‍.രാജന്‍പിള്ള, കെ.എം.മോഹനക്കുറുപ്പ്, പി.ആര്‍.പുരുഷോത്തമന്‍പിള്ള, ജി.രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി.പ്രസാദ്കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം സി.എന്‍.ജാനകി, പി.ടി.എ.പ്രസിഡന്റ് ടി.കെ.അനന്തകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ആര്‍.അനിതകുമാരി, പി.ടി.എ.വൈസ് പ്രസിഡന്റ് േഗാപാലകൃഷ്ണക്കുറുപ്പ്, മധുസൂദനക്കുറുപ്പ്, സീഡ് കോഓര്‍ഡിനേറ്റര്‍ വി.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ശിവനന്ദയ്ക്ക് സ്‌കൂളിന്റെ വക എയര്‍കണ്ടീഷന്‍മുറി
പന്തളം: രോഗബാധിതയായ ശിവനന്ദയ്ക്ക് തട്ടയില്‍ എസ്.കെ.വി.യു.പി. സ്‌കൂളിന്റെ വകയായി ഒരുമുറി എയര്‍കണ്ടീഷന്‍ ചെയ്തുനല്‍കാന്‍ തീരുമാനിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം ബി.പ്രസാദ്കുമാര്‍, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം എ.കെ.വിജയന്‍ എന്നിവര്‍ പറഞ്ഞു. എപ്പോഴും തണുപ്പ് വേണ്ടതിനാലാണ് നാലുവയസ്സുകാരി ശിവനന്ദയെ കിടത്തുന്ന മുറി ശീതീകരിക്കാന്‍ സ്‌കൂള്‍ അധികാരികളും സാമൂഹികപ്രവര്‍ത്തകരും തീരുമാനമെടുത്തത്. അടുത്തദിവസം തന്നെ ഇത് സ്ഥാപിക്കും.
