goodnews head

വണ്ടിയെത്തി, ജസ്ഫിന്നിഷയ്ക്ക് പഠിച്ചുയരാന്‍

Posted on: 19 Aug 2014




മലപ്പുറം:
പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളര്‍ന്ന ജസ്ഫിന്നിഷയ്ക്ക് മുച്ചക്ര സ്‌കൂട്ടറായി. യാത്രചെയ്യാന്‍ മാര്‍ഗമില്ലാതെ ഉപരിപഠനം മുടങ്ങിയ ഈ മിടുക്കിക്ക് ഇനി പഠിച്ചുയരാം.

പ്ലസ് ടു ജയിച്ച ജസ്ഫിന്നിഷയുടെ പഠനമോഹം പൊലിഞ്ഞത് ജൂലായ് 24ന് മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തിരുന്നു. വാര്‍ത്തവായിച്ച് പതിനഞ്ചിലധികം പേര്‍ സ്‌കൂട്ടര്‍ നല്‍കാന്‍ മുന്നോട്ടുവന്നു. ഗള്‍ഫ് നാടുകളില്‍ നിന്നടക്കം നിരവധിപേര്‍ വിദ്യാഭ്യാസസഹായവും നല്‍കി. മലപ്പുറം വര്‍ണം ജ്വല്ലറിയുടമ കുളത്തൂര്‍ കുന്നത്ത് വിനീഷ്‌കുമാറാണ് ജസ്ഫിന്നിഷയ്ക്ക് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ പാണ്ടിക്കാട് ഒറവംപുറത്തെ വീട്ടില്‍ മകള്‍ ശ്രേയ കൃഷ്ണയോടൊപ്പം എത്തിയാണ് സ്‌കൂട്ടര്‍ കൈമാറിയത്.

ഒറവംപുറം പീച്ചിമണ്ണില്‍ മുസ്തഫ-നഫീസ ദമ്പതിമാരുടെ മകളാണ് ജസ്ഫിന്നിഷ. ഒന്നരവയസ്സുള്ളപ്പോള്‍ പോളിയോബാധിച്ച് കാലുകള്‍ തളരുകയായിരുന്നു. പരിമിതികള്‍ക്കിടയിലും നന്നായി പഠിച്ച് അവള്‍ പ്ലസ്ടു വരെയെത്തി. ഓട്ടോറിക്ഷയിലായിരുന്നു സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര.

ബിരുദത്തിന് കോളേജില്‍ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും യാത്രാപ്രശ്‌നം തിരിച്ചടിയായി. മാതൃഭൂമി വായനക്കാര്‍ കൈകോര്‍ത്തതോടെ ജസ്ഫിന്നിഷ പഠനവഴിയില്‍ തിരിച്ചെത്തി. തോട്ടപ്പായയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ഡി.ടി.പി. പഠിക്കുകയാണിപ്പോള്‍. അക്കൗണ്ടിങ്ങും ടാലിയും പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ബിരുദത്തിന് ചേരണമെന്നാണ് ജസ്ഫിന്നിഷയുടെ ആഗ്രഹം.

 

 




MathrubhumiMatrimonial