the tehzeeb and adab of nawabs linger on in cyberbad, home to the ethereal 'veiled rebecca'
മോജി ഫിലിം സിറ്റിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വഴിയുടെ ഇരുവശത്തും വരണ്ടമേടുകളാണ്. കല്ലിന്റെ കുന്നുകളും ജലാംശം മുഴുവന്‍ വാര്‍ന്നുപോയ കാട്ടുചെടികളും ഏകാന്തതയും നിറഞ്ഞ്, അത് നീണ്ടു പോവുന്നു. മനുഷ്യരെ കാണുക അപൂര്‍വ്വം. മലകള്‍ക്കിടയില്‍ ഉഷ്ണക്കാറ്റ് വിങ്ങി നില്‍ക്കും. എത്ര തവണ ഞാനീ വഴിയിലൂടെ കടന്നു പോയിരിക്കുന്നു! എന്നിട്ടും, കാര്യമായൊന്നും കാണാനില്ലാഞ്ഞിട്ടും എനിക്കീ കാഴ്ച്ചകള്‍ മടുക്കുന്നില്ല! മനുഷ്യരെയും അവരുടെ ജീവിതത്തെയും കാണാന്‍ മാത്രമല്ല ഒരു യാത്രയും. ഭൂപ്രകൃതിയും ചരിത്രവും കാലാവസ്ഥയും മറ്റു ജന്തു പ്രപഞ്ചവുമെല്ലാം യാത്രികനെ സ്പര്‍ശിക്കുന്നു.
ആന്ധ്ര അതിന്റെ ഏകാന്തത കൊണ്ടും, ഹൈദരബാദ് പുരാതന ചരിത്ര ഗാംഭീര്യം കൊണ്ടുമാണ് എന്നെ വശീകരിച്ചത്. ഷൂട്ടിങിന് വരുമ്പോഴെല്ലാം ഡെക്കാണിന്റെ ഉഷ്ണക്കാറ്റിനെ (എനിക്കൊരിക്കലും സഹിക്കാനാവാത്തത്) മുറിച്ചുകടന്ന്, കോഹിനൂര്‍ രത്‌നം ശിരസ്സില്‍ ചൂടിയിരുന്ന ഹൈദരാബാദിലേക്ക് ഞാന്‍ കുതിച്ചെത്തുന്നു.

കൊല്‍ക്കത്ത പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട നഗരമാണ് ഹൈദരാബാദ്. ചരിത്രത്തിന്റെ ഗന്ധം ഉള്ളതു കൊണ്ടായിരിക്കാം. പഴമയും പുതുമയും ചരിത്രവും വര്‍ത്തമാനവും വിവിധ മതവിശ്വാസങ്ങളും രാഷ്ട്രീയവും സിനിമയും കലര്‍ന്ന വിചിത്ര സമസ്യകളും എല്ലാം കൂടിച്ചേര്‍ന്നു കിടക്കുന്ന നഗരം. ചാര്‍മിനാറിന്റെ മുകളില്‍ കയറി നിന്നാല്‍ നഗരത്തിന്റെ മകുടങ്ങളും മിനാരങ്ങളും മാത്രമല്ല ചരിത്രത്തിന്റെ ചുവടുകളെ വലംവെച്ച് ഒഴുകി പോകുന്ന നിറഭേദങ്ങളുള്ള ജീവിതവും കാണാം. രാത്രിയിലെ ആ കാഴ്ച്ചകള്‍ അതിമനോഹരമാണ്. നാലു ഭാഗത്തും വീഥികള്‍. തൊട്ടപ്പുറത്തെ അതിപ്രശസ്തമായ വളകളുടെ തെരുവില്‍ നിറഞ്ഞൊഴുകുന്ന പര്‍ദ്ദാധാരിണികള്‍. അടുത്തു വരുമ്പോള്‍ മുഖത്തെ നേര്‍ത്ത വലയ്ക്കുളളിലൂടെ അവരുടെ കണ്ണുകള്‍ കത്തും. ഉടലിന്റെ സൗന്ദര്യം മുഴുവന്‍ ആ കണ്ണുകളില്‍ ഉരുക്കി ഒഴിച്ച് നിറച്ചിരിക്കുകയാണ് എന്നു തോന്നും. അവര്‍ കടന്നു പോകുമ്പോള്‍ പല പല പരിമളങ്ങളുടെ തെന്നല്‍.
ചാര്‍മിനാറിന് തൊട്ടപ്പുറത്ത് മെക്കാ മസ്ജിദ്. പുരാതന പള്ളി. മുമ്പ് അവിടെ സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. കുറച്ച്കാലം മുമ്പുണ്ടായ ബോംബ് സ്‌ഫോടനത്തിന് ശേഷം, അതിന്റെ വാതിലുകള്‍ കര്‍ശനമായിരിക്കുന്നു. ചാര്‍മിനാറിന് മുകളില്‍ നിന്നും എന്നെ ഏറ്റവും അതിശയിപ്പിച്ച കഴ്ച്ച ഗോല്‍കൊണ്ട കോട്ടയുടെതാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ അങ്ങ് ദൂരെ ആ കോട്ട നീണ്ട് വളഞ്ഞ് കിടക്കുന്നു. സന്ധ്യാ പ്രകാശത്തില്‍ അത് വിഷാദകരമായ ഒരു ദൃശ്യമാണ്.
ആ കാഴ്ച്ച മനസ്സില്‍ വെച്ചു കൊണ്ടാണ് ഓരോ തവണയും ഹൈദരാബാദിലെത്തുമ്പോള്‍ ഗോല്‍കൊണ്ടയിലേക്ക് പോകുന്നത്. ഹൈദരാബാദ് നഗര കേന്ദ്രത്തില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഗോല്‍കൊണ്ട. 'ഗൊള്ള കൊണ്ട' എന്ന തെലുങ്ക് വാക്കില്‍ നിന്നാണ് ഗോല്‍കൊണ്ട ഉണ്ടായത്. ഇടയന്‍മാരുടെ കുന്ന് എന്നാണ് വാക്കിന്റെ അര്‍ത്ഥം. കടത്തനാടന്‍ അമ്പാടി ഷൂട്ട് ചെയ്യുമ്പോഴാണ് ഞാന്‍ ആദ്യമായി ഗോല്‍കൊണ്ട കാണുന്നത്.
നഗരത്തിന്റെ തിരക്കുകള്‍ വകഞ്ഞു വകഞ്ഞു ചെന്നാല്‍ വഴി ചെന്നു മുട്ടുക പടുകൂറ്റന്‍ കോട്ടവാതിലിന് മുന്നിലാണ്. ഇന്ത്യയിലെ വിവിധ കോട്ടകള്‍ കണ്ടിട്ടുണ്ടെങ്കിലും ഗോല്‍കൊണ്ടയുടെ കോട്ടവാതിലിന് മുന്നിലാണ് ഞാന്‍ സ്തംഭിച്ച് നിന്നിട്ടുള്ളത്. പേടിപ്പിക്കുന്ന കാഴ്ച്ചയാണത്. മരത്തില്‍ ഉരുക്കിന്റെ ആണികള്‍ തറച്ച ആ വാതില്‍ 'ഫത്തേഹ് ദര്‍വ്വാസ' (വിജയത്തിന്റെ കവാടം) എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഔറംഗസീബിന്റെ സൈന്യം ഈ വഴി കടന്നുവന്നതിന് ശേഷമാണ് കവാടത്തിന് ഇങ്ങനെയൊരു പേരുവീണത്. ഉരുക്കിന്റെ ആണികള്‍ കണ്ണിലേക്ക് വന്നു തറയ്ക്കുന്നത് പോലെ തോന്നും.

കവാടത്തില്‍ നിന്നും കോട്ടയിലേക്ക് ദീര്‍ഘമായ വഴിയാണ്. ആ വഴിയില്‍ ഇന്ന് വലിയൊരു ബസാര്‍ തന്നെ രൂപപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രത്‌ന വ്യാപാര കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇവിടം. ഗോല്‍കൊണ്ടയിലെ രത്‌നഖനികളില്‍ വിളയുന്ന രത്‌നങ്ങള്‍ ഈ വഴിയോരങ്ങളിലിരുന്ന് തിളങ്ങി. വിവിധ ദേശങ്ങളില്‍ നിന്നും വ്യാപാരികള്‍ ഇവിടെ വന്നു. തലപ്പാവണിഞ്ഞ്, അംഗവസ്ത്രങ്ങള്‍ ധരിച്ച് അവര്‍ ഈ വഴികളിലൂടെ വിസ്മയത്തോടെ നടന്നിട്ടുണ്ടാവും. എന്റെ മനസ്സ് കാലത്തിന് ഏറെ പിറകോട്ട് പോയി. അവരിലൊരിലൊരാളായി ഞാനവിടെ നിന്നു. ഇരുട്ടിലും തിളങ്ങുന്ന രത്‌നങ്ങള്‍! അതില്‍ പ്രകാശിക്കുന്ന തെരുവ്. എന്തൊരു കാഴ്ച്ചയായരിക്കും അത്! സ്തംഭിച്ചു നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു കാറിന്റെ ഹോണ്‍ മുഴങ്ങും. നമ്മുടെ കാലത്തിന്റെ കാഹളം.
തെരുവീഥികള്‍ കടന്ന്, കോട്ടയുടെ അകത്തു കടക്കുന്നതോടെ പുരാതന ഭാരതീയ നിര്‍മ്മാണ ചാതുരി അതിന്റെ സമസ്തസൗന്ദര്യത്തോടെയും മുന്നില്‍ വിടരും. മണ്‍വഴികള്‍ക്കിരുപുറവുമായി കല്ലില്‍ അസാമാന്യ നിര്‍മ്മിതികള്‍. കമാനഗൃഹങ്ങള്‍, നര്‍ത്തനമണ്ഡപങ്ങള്‍ (ന ര്‍ത്തന മണ്ഡപത്തിന്റെ അടിവശത്തായി തുളകള്‍ കാണാം. നൃത്തം നടക്കുമ്പോള്‍ കോഹിനൂര്‍ അടക്കമുള്ള രത്‌നങ്ങള്‍ അവിടെ വെച്ചിരുന്നു. ചെരാതുകളുടെ വെളിച്ചത്തില്‍ അവ തിളങ്ങും! നര്‍ത്തകിയുടെ ഉടലാകെ അതില്‍ നീരാടും! തൊട്ടപ്പുറത്തിരുന്ന് രാജാവ് അത് ആസ്വദിക്കും.) കോടതികള്‍, ശയ്യാ ഗൃഹങ്ങള്‍, ആഫ്രിക്കയില്‍ നിന്നു വരെ എത്തിയിരുന്ന മല്ലന്‍മാരും ഹിജഡകളും താമസിച്ചിരുന്ന സ്ഥലങ്ങള്‍, സൈന്യത്തിന്റെ ബാരക്കുകള്‍, വിവാഹ മണ്ഡപങ്ങള്‍, ജയിലുകള്‍, എങ്ങോട്ടൊക്കെയോ എത്തിക്കുന്ന തുരങ്കങ്ങള്‍. അങ്ങ് മുകളില്‍ രാജവിന്റെ ശയ്യാ ഗൃഹം. അവിടെ നിന്നാല്‍ കോട്ടമുഴുവന്‍ കാണാം. അതിനപ്പുറം ഡെക്കാന്റെ വിശാല ദേശങ്ങളും.

ഗോല്‍കൊണ്ടയില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് അതിന്റെ എന്‍ജിനിയറിംഗ് വൈദഗ്ധ്യമാണ്. ചില പ്രത്യേക സ്ഥലങ്ങൡ, മേല്‍ക്കൂരയ്ക്ക് തൊട്ടുതാഴെ നിന്ന് കയ്യടിച്ചാല്‍ നേരെ മുകളില്‍ നിന്ന് അത് പ്രതിധ്വനിക്കും. മേല്‍ക്കൂരയുടെ ലംബരേഖയില്‍ നിന്നും മാറി തൊട്ടപ്പുറത്തു നില്‍ക്കുന്നയാള്‍ക്ക് അത് കേള്‍ക്കാന്‍ സാധിക്കുകയുമില്ല. എന്നാല്‍ അങ്ങ് മുകളില്‍ ഒരു കിലോമീറ്ററപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് വ്യക്തമായി അതു കേള്‍ക്കാം! ചിലയിടത്ത് ചുവരുകളോട് ചേര്‍ന്ന് നിന്ന് സംസാരിച്ചാല്‍ അങ്ങ് മുകളില്‍ രാജാവിന്റെ മുറിയില്‍ വരെ അതുകേള്‍ക്കാം! രഹസ്യമറിയാനുള്ള മാര്‍ഗ്ഗം. ആരെയും വിശ്വസിക്കാന്‍ സാധിക്കാതെ ജീവിച്ചു മരിക്കുക എന്നതാണ് ഓരോ രാജാവിന്റെയും വിധി എന്ന് ഈ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നു.
എന്നാല്‍ ഹൈദരാബാദില്‍ ഞാന്‍ ഏറ്റവും കാണാന്‍ ഇഷ്ടപ്പെടുന്നത് ഇതൊന്നുമല്ല. സലാര്‍ജങ് മ്യൂസിയം എന്ന വിസ്മയമാണ്. കണ്ടാലും കണ്ടാലും മതിവരാത്തത്്. മുസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു അത്ഭുതശാല. ഇന്ത്യയിലെ മ്യൂസിയങ്ങളില്‍ മൂന്നാം സ്ഥാനമാണ് സലാര്‍ജങ്ങിന്. ഒറ്റമനുഷ്യന്റെ ശേഖരങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനവും.

ഹൈദരാബാദിലെ ഏഴാം നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് മിര്‍ യുസഫ് അലി ഖാന്‍ സലാര്‍ജങ് മൂന്നാമനാണ് ഈ ശേഖരങ്ങളുടെ ഉടമസ്ഥനായിരുന്നത്. നാല്‍പ്പത്തിമൂവായിരത്തിലധികം കലാവസ്തുക്കളും അമ്പതിനായിരത്തിലധികം പുസ്തകങ്ങളും കയ്യെഴുത്ത് രേഖകളും ഇവിടെയുണ്ട്. ശില്‍പ്പങ്ങള്‍, ചെമ്പില്‍ കൊത്തിയ രൂപങ്ങള്‍, അലംകൃതമായ കല്ലില്‍ കൊത്തിയ രൂപങ്ങള്‍, മരത്തിലും ആനകൊമ്പിലും കൊത്തിയവ, ഗ്ലാസ്സില്‍ പതിപ്പിച്ചവ, പരവതാനികളില്‍ തുന്നിയവ അങ്ങിനെയങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ശേഖരങ്ങള്‍ ആ കൂറ്റന്‍ കെട്ടിടത്തിന്റെ ചിതറികിടക്കുന്ന മുറികളില്‍ നൂറ്റാണ്ടുകള്‍ക്ക് സാക്ഷിയായിരിക്കുന്നു. ഔറംഗസീബിന്റെ വാളും നൂര്‍ജഹാന്റെയും ജഹാംഗീറിന്റെയും ഷാജഹാന്റെയും സ്വകാര്യ വസ്തുക്കളും ടിപ്പു സുല്‍ത്താന്റെ അംഗവസ്ത്രവും എല്ലാം ഇവയിലുണ്ട്. എല്ലാം ഒറ്റ മനുഷ്യന്‍ ശേഖരിച്ചത്. അദ്ദേഹം ആയുഷ്‌ക്കാലം കൊണ്ട് ശേഖരിച്ചതിന്റെ പകുതി പോലുമില്ലാ ഇവ എന്നാണ് പറയുന്നത്. പലതും കണ്ട് കിട്ടാതെ പോയി. ചിലത് മോഷ്ടിക്കപ്പെട്ടു. അവയ്ക്കു നടുവില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ കൊച്ചിയിലെ വീട്ടിലെ എന്റെ കൊച്ചു മ്യൂസിയത്തെക്കുറിച്ചോര്‍ത്തുപോയി. എന്റെ പുരാവസ്തു പ്രണയം ഈ മനുഷ്യന് മുന്നില്‍ എത്ര ചെറുതാണ്.

പക്ഷേ ആ മുപ്പത്തിയെട്ട് ഗാലറികളില്‍ ഞാന്‍ തേടി നടന്നത്് അതൊന്നുമായിരുന്നില്ല. അവളെ, അവളെ മാത്രം: 'വെയില്‍ഡ് റെബേക്ക'. ലോകത്തിലെ ഏറ്റവും വിസ്മയകരമായ ശില്‍പ്പങ്ങളില്‍ ഒന്ന്. നടന്നു നടന്ന് ഒടുവില്‍ ഞാനവളുടെ മുന്നില്‍ എത്തി. പന്ത്രണ്ടാം നമ്പര്‍ ഗാലറിയില്‍ (അതോ പതിമൂന്നോ) അവള്‍ തനിച്ചു നില്‍ക്കുന്നു. ജിയോവാന്നി ബെന്‍സോണി എന്ന ഇറ്റാലിയന്‍ ശില്‍പ്പി ഒറ്റ മാര്‍ബിള്‍ കല്ലില്‍ തീര്‍ത്തതാണവളെ. മൂടുപടമിട്ടു നില്‍ക്കുന്ന അവളുടെ മുഖം അതിന്റെ നേര്‍മ്മയിലൂടെ പുറത്ത് കാണാം. എത്രമാത്രം നിഷ്‌ക്കളങ്കവും സുന്ദരവുമാണാ മുഖം! ചെമ്പകപ്പൂ പോലുള്ള വിരലുകള്‍, മൃദുവായ ശരീരം. ശില്‍പ്പത്തിലാണെങ്കിലും ജീവനോടെയാണെങ്കിലും ഇതു പോലൊരു സുന്ദരിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരടി മുന്നോട്ടോ പിന്നോട്ടോ മാറാനാകാതെ ഞാനവള്‍ക്ക് മുന്നില്‍ നിന്നു. നിമിഷങ്ങളോളം. അവളുടെ തുടയില്‍ ഒരു കറുത്ത പാടുണ്ട്. മാര്‍ബിളില്‍ പെട്ടുപോയ കറ. ശില്‍പ്പിക്കുപോലും അത് മാറ്റാന്‍ സാധിച്ചില്ല. പക്ഷേ, അവളുടെ സൗന്ദര്യത്തിന്റെ പ്രകാശത്തില്‍ ആ കറ മങ്ങി പോകുന്നു. ഹീബ്രൂ ബൈബിള്‍ പ്രകാരം റെബേക്ക ഇസഹാക്കിന്റെ പത്‌നിയാണ്. റെബേക്കയുടെ ഒന്നിലധികം ശില്‍പ്പങ്ങള്‍ ബെന്‍സോണി കൊത്തിയിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് സലാര്‍ജങ് മ്യൂസിയത്തിലേത്. മറ്റൊന്ന് അറ്റ്‌ലാന്റയിലെ ഹൈ മ്യൂസിയത്തിലും ബാക്കിയുളളത് മസാച്ചുസെറ്റ്‌സിലെ ബെര്‍ക് ഷെയര്‍ മ്യൂസിയത്തിലുമാണ് ഉളളത്. തീര്‍ച്ചയായും ബെന്‍സോണി അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചിരിക്കണം. അല്ലെങ്കില്‍ അവളില്‍ മയങ്ങാത്തവര്‍ ആരുണ്ട്?
ഹൈദരാബാദില്‍ നിന്ന് തിരിച്ചുപോകുമ്പോഴും അവളായിരുന്നു എന്റെ മനസ്സില്‍. മണ്ണിലും മേഘലോകത്തും അവള്‍മാത്രം. എന്റെ റെബേക്ക.