AnnaChandam Head

തിരുനക്കര ശിവന്‍

Posted on: 19 Jun 2009

-ശ്രീകുമാര്‍ അരൂക്കുറ്റി




കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്‍.


ഒമ്പതേകാല്‍ അടി ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം. അതെ, ഉയരമാണ് തങ്ങളുടെ വജ്രായുധമെന്ന് ശിവനും പറയില്ല, അവന്റെ ആരാധകരും ബലംപിടിക്കില്ല. കഴുത്ത് ഒടിയും വരെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന തലയെടുപ്പും, കൊന്നത്തെങ്ങുപോലുള്ള ഉയരക്കേമത്തവും മാത്രമാണ് ആനച്ചന്തത്തിന്റെയും ആനക്കമ്പത്തിന്റെയും കാതല്‍ എന്ന മിഥ്യാധാരണയ്ക്ക് അടിമകളായവര്‍, എന്നെ കാണാന്‍ കോട്ടയത്തിന് വണ്ടി കയറേണ്ടെന്നും ചിലപ്പോള്‍ ശിവന്‍ പറഞ്ഞുകളയും.

പ്രശ്‌നക്കാരന്‍ എന്നു പറയാനാവില്ലെങ്കിലും ക്ഷിപ്രകോപത്തിന്റെതായ ഒരു തൃക്കണ്ണ് എല്ലായ്‌പ്പോഴും ഒളിപ്പിച്ച് വെച്ചുകൊണ്ടാണ് ഈ ശിവന്റെയും നടപ്പ്. തീറ്റ കൊടുക്കാനായാലും ശരി ഒന്നാംപാപ്പാന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ അങ്ങോട്ട് തട്ടാനും മുട്ടാനും വരുന്നത് ഇദ്ദേഹത്തിന് പിടിക്കില്ല. എന്നാല്‍, മദപ്പാടിലും മറ്റും കെട്ടാറുള്ള തിരുവാര്‍പ്പ് ക്ഷേത്രപരിസരത്ത് ഇവന് കുറച്ച് പിള്ളേര് സെറ്റുമായി കാര്യമായ ചങ്ങാത്തമുണ്ട്. ഓല തീര്‍ന്നാലും ദാഹിച്ചാലുമൊക്കെ പാപ്പാന്‍മാര്‍ അടുത്തില്ലെങ്കില്‍ അവന്‍ അവരെ വിളിച്ചാണ് കാര്യം പറയാറ്. മദപ്പാടില്‍ പോലും ഈ സുഹൃത്തുക്കള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും.

അഴകിന്റെ ശ്രീകോവിലാണ് തിരുനക്കര ശിവന്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ ആ ശ്രീകോവിലിന്റെ തങ്കത്താഴികക്കുടമായ ഒരവയവം ഏതെന്ന് ചോദിച്ചാല്‍ അത് ആരെയും കൊതിപ്പിക്കുന്ന ആ ചെവികള്‍ തന്നെയാണ്. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ചെവികളുള്ള ആനകളെ എടുത്താല്‍ തീര്‍ച്ചയായും ഒന്നാംറാങ്ക്, അല്ലെങ്കില്‍ രണ്ടാംറാങ്ക് ഈ ശിവകുമാരന് ഉറപ്പ്. നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ. വാലിലെ രോമങ്ങള്‍ നരച്ചതായതിനാല്‍ ആളൊരു 'പൂവാലനു'മാണ്. മടക്കുകളുള്ള വാലും നഖങ്ങളുടെ കറുപ്പ് നിറവും ശരീരസൗന്ദര്യമത്സരത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുത്താന്‍ പോന്ന സംഗതികളുമാകുന്നു.

1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള തിരുനക്കരയിലേക്കും ഏറ്റുമാനൂരേക്കും കോടനാട് കൂട്ടില്‍ നിന്നും രണ്ട് കുമാരന്‍മാരെ ഒന്നിച്ചാണ് കണ്ടെത്തുന്നതും കൊണ്ടുവരുന്നതും. കൂട്ടത്തില്‍ നല്ലതിനെ ഏറ്റുമാനൂരുകാര്‍ ആദ്യം തന്നെ സ്വന്തമാക്കി. അവനാണ് പിന്നീട് ഏറ്റുമാനൂര്‍ നീലകണ്ഠനായത്. പെട്ടെന്ന് ആരുടെയും കണ്ണിന് പിടിക്കാത്ത പാവത്താന്‍ ചെറുക്കനാണ് തിരുനക്കരയിലേക്ക് വന്നത്. ആനക്കൂട്ടില്‍ അവന്റെ പേര് തങ്കപ്പന്‍! പക്ഷേ 'കോടനാട് തങ്കപ്പന്‍' കോട്ടയത്ത് എത്തി 'തിരുനക്കര ശിവനായ'തോടെ കളി മാറി! ഒരിക്കല്‍ ആരുടെ കണ്ണുകള്‍ക്കും പെട്ടെന്ന് ഒന്നും സുഖിക്കുമായിരുന്നില്ലാത്ത ഒരാനക്കോലം, അവനിപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ക്ക് എല്ലായ്‌പ്പോഴും സുകൃതക്കാഴ്ചയായി വിലസുന്നു.

നടേശനാണ് ഏറെക്കാലമായി തിരുനക്കര ശിവന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. എന്നുവെച്ചാല്‍ ഒന്നാംപാപ്പാന്‍. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉത്സവനഗരികളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന തിരുനക്കര ശിവനെ പോയവര്‍ഷം രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്ന് നല്‍കിയാണ് ആനക്കേരളം ആദരിച്ചത്. അതെ തിരുനക്കര ശിവന്‍ എന്ന തിരുവിതാംകൂറുകാരന്‍ രാജപ്രമുഖന്‍ ജീവിതത്തിലാദ്യമായി ഇക്കഴിഞ്ഞ വര്‍ഷം വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന്റെ തെക്കോട്ടിറക്കത്തിലും ഇടംപിടിച്ചു!



sreekumararookutty@gmail.com

-ഫോട്ടോഗ്യാലറി

ഫോട്ടോ: വൈശാഖ് ജി.എസ്.ഇളംകുന്നപ്പുഴ
Tags:    Elephant, Kerala Festivals, Anachantham, Thirunakkara Sivan



MathrubhumiMatrimonial