goodnews head

വൃത്തിയുടെ കാര്യത്തില്‍ ചാക്കോയ്ക്ക് വിട്ടുവീഴ്ചയില്ല

Posted on: 15 Jun 2009


റാന്നി: വൃത്തിയുടെ കാര്യത്തില്‍ റാന്നി തീയാടിക്കല്‍ കുറ്റികണ്ടത്തില്‍ വെള്ളാറമല കെ.ഇ.ചാക്കോ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. സ്വന്തം വീട്, പരിസരം എന്നിവയ്ക്കുപുറമെ ദിവസവും നൂറുകണക്കിന് വഴിയാത്രക്കാരെത്തുന്ന തീയാടിക്കല്‍ കവലയും പരിസരവും ഈ 75-കാരന്‍ തൂത്തുവാരി വൃത്തിയാക്കുന്നു.

എന്നും പുലര്‍ച്ചെ 4 ന് ബര്‍മുഡയും ബനിയനും ഇട്ട്, ഈ മുന്‍പട്ടാളക്കാരന്‍ കവലയിലെത്തും. മൂന്നുവര്‍ഷംമുന്‍പ് തുടങ്ങിയ ഈ വൃത്തിയാക്കല്‍ ആദ്യമൊക്കെ ആള്‍ക്കാര്‍ക്ക് പുതുമയായിരുന്നു. പിന്നീട് അത് മാറി. ഇദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവര്‍ സ്വയം വൃത്തിയാക്കാന്‍ തുടങ്ങി.

ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് ചാക്കോ തീയാടിക്കല്‍ കവലയും പരിസരവും വൃത്തിയാക്കുന്നത്. വെയിറ്റിംഗ്‌ഷെഡാണ് ആദ്യം വൃത്തിയാക്കുന്നത്. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരത്തില്‍ റോഡരികിലും കടകള്‍ക്ക് മുമ്പിലുമുള്ള ചപ്പുചവറുകള്‍ നീക്കും, പൂന്തോട്ടം വൃത്തിയാക്കും. കവലയിലെ വെയിറ്റിംഗ്‌ഷെഡിന് പൂന്തോട്ടവും നിര്‍മ്മിച്ചത് ചാക്കോതന്നെ. ശുചിത്വം പാലിക്കുക, മാലിന്യം നിക്ഷേപിക്കരുത് എന്നീ ബോര്‍ഡുകളും ചാക്കോ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

വൃത്തിയാക്കലില്‍മാത്രം നില്‍ക്കുന്നതല്ല ചാക്കോയുടെ സേവനം. കവലയിലും സമീപപ്രദേശങ്ങളിലുമായി സ്ഥാപിക്കാന്‍ പതിനഞ്ച് സി.എഫ്.എല്‍. ലൈറ്റുകള്‍ അദ്ദേഹം വാങ്ങി നല്‍കി. വൈകീട്ട് 6.30 ന് ഇവ പ്രകാശിപ്പിക്കുന്നതും രാവലെ 6 ന് ഓഫ് ചെയ്യുന്നതും ചാക്കോതന്നെ. തീയാടിക്കല്‍-വെണ്ണിക്കുളം റോഡിന്റെ ടാറിംഗ് ജോലികളില്‍ തൃപ്തി തോന്നാത്ത ചാക്കോ പണികള്‍ നല്ലതുപോലെ ചെയ്യിച്ചശേഷമാണ് പിന്മാറിയത്.

സുനില്‍ വൃന്ദാനം

 

 




MathrubhumiMatrimonial