പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു

Posted on: 11 Jun 2009


ജനീവ: പന്നിപ്പനിയെന്ന എച്ച്1എന്‍1 പനിയെ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യാഴാഴ്ച പ്രഖ്യാപിച്ചു. നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

ഹോങ്കോങ് ഫ്‌ളു ആണ് ഏറ്റവുമൊടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട പകര്‍ച്ചവ്യാധി. 1968-ല്‍ ലോകത്താകമാനം ആ രോഗം പത്തുലക്ഷം പേരുടെ മരണത്തിനിടയാക്കി. കുറഞ്ഞത് ലോകത്തിന്റെ രണ്ട് മേഖലകളിലെങ്കിലും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പകരുന്ന തരത്തില്‍ ഒരു രോഗം മാറുമ്പോഴാണ് അതിനെ മഹാമാരി (pandemic) ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുക.

ഓസ്‌ട്രേലിയയില്‍ രോഗബാധിതരുടെ സംഖ്യ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്, ലോകാരോഗ്യസംഘടന അടയന്തരയോഗം ചേര്‍ന്ന് പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹോങ്കോങില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി വൈറസ് ബാധിച്ച കാര്യം സ്ഥിരീകരിച്ചതും ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് കാരണമായി. ഹോങ്കോങിലെ നഴ്‌സറി സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.

പന്നികളില്‍ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച എച്ച്1എന്‍1 വൈറസ് വകഭേദം, മനുഷ്യരിലേക്ക് പകര്‍ന്നതായി ആദ്യം കണ്ടത് മെക്‌സിക്കോയില്‍ ഏപ്രില്‍ പകുതിയോടെയാണ്. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആയിരങ്ങളെ പിടികൂടിയ രോഗം നിലവില്‍ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്. 141 പേര്‍ രോഗബാധയാല്‍ മരിച്ചു.

ഏറ്റവുമധികം പേരില്‍ രോഗബാധ കണ്ടെത്തിയ എട്ടു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഡബ്ല്യു.എച്ച്.ഒ. മേധാവി മാര്‍ഗരറ്റ് ചാന്‍ ബുധനാഴ്ച ആശയവിനിമയം നടത്തിയിരുന്നു. മഹാമാരിയുടെ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും, എന്നാല്‍ പ്രഖ്യാപനത്തിന് മുമ്പ് വ്യക്തമായ തെളിവുകള്‍ ശേഖരിക്കുമെന്നും അവര്‍ പറയുകയുണ്ടായി.

ഒറ്റ ആഴ്ച കൊണ്ട് ഓസ്‌ട്രേലിയയില്‍ പന്നിപ്പനി ബാധിതരുടെ സംഖ്യ നാലുമടങ്ങായി വര്‍ധിച്ച സാഹര്യമാണ് ഡബ്ല്യു.എച്ച്.ഒ. ഇപ്പോള്‍ കണക്കിലെടുത്തിട്ടുള്ളത്. നിലവില്‍ 1200 കേസുകള്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഹോങ്കോങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടരുകയും രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തത്.

കഴിഞ്ഞ ഏതാനും ദിവസത്തിനിടെ കാര്യങ്ങള്‍ വളരെയേറെ മറിയെന്ന്, ഡബ്ല്യു.എച്ച്.ഒ.യുടെ ഗ്ലോബല്‍ ഇന്‍ഫ്ലവന്‍സ പ്രോഗ്രാം മേധാവി കെയ്ജി ഫുകുഡ പറഞ്ഞു. പന്നിപ്പനി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ലെന്നും, വരും മാസങ്ങളില്‍ രോഗം ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ പിടികൂടിയേക്കാമെന്നും ബ്രട്ടീഷ് വിദഗ്ധര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.


പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍






MathrubhumiMatrimonial