goodnews head

രോഗികള്‍ക്ക് സാന്ത്വനം; സ്നേഹപ്രവാഹമായി പോലീസ്‌

Posted on: 05 Jun 2009


തളിപ്പറമ്പ്: പാപ്പിനിശ്ശേരിയിലെ 80 വയസ്സുള്ള ഒരുവൃദ്ധ. ജീവിതത്തിന്റെ സായം സന്ധ്യയില്‍ ശരീരത്തിന്റെ ഒരുവശം പൂര്‍ണമായും തളര്‍ന്നുകിടപ്പാണ്. അതുമൂലം പുറത്ത് വ്രണങ്ങളുമായി. മക്കളും ബന്ധുമിത്രാദികളും അവരെ പരിചരിക്കാനുണ്ട്. എങ്കിലും എല്ലാബുധനാഴ്ചകളിലും വന്ന് തന്നെ പരിചരിക്കുന്ന 'പോലീസ് കുട്ടികളെ' അവര്‍ എന്നും കാത്തിരിക്കുന്നു. സാന്ത്വനവചസ്സുകള്‍ കേള്‍ക്കാന്‍, സ്നേഹപരിലാളനങ്ങള്‍ ഏറ്റുവാങ്ങാന്‍. ഒരുചൊവ്വാഴ്ച അവര്‍ മക്കളോട് അന്വേഷിച്ചു 'ആ പോലീസ് കുട്ടികള്‍ എപ്പോള്‍ വരും'? പിറ്റേന്ന് പതിവുപോലെ അവരെത്തി. ആ അമ്മയ്ക്ക് സന്തോഷമായി. ആ 'കുട്ടികളുടെ' സാന്ത്വന സ്​പര്‍ശമേറ്റ് അവര്‍ മെല്ലെ കണ്ണുകളടച്ച് നിത്യതപുല്‍കി.

മാങ്ങാട്ട്പറമ്പ് കെ.എ.പി. നാലാം ദളത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഈരംഗം അനുസ്മരിച്ചപ്പോള്‍ അയാളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ, സേവനമനഃസ്ഥിതിയുടെ ആര്‍ദ്രത.

പോലീസിന്റെ മാറുന്ന മുഖച്ഛായയ്ക്ക് മകുടോദാഹരണമാണ് കെ.എ.പി. നാലാം ബറ്റാലിയന്റെ മൈത്രി സാന്ത്വനസംഘം. മാറാരോഗികള്‍ക്കും അശരണരായ വൃദ്ധര്‍ക്കും സാന്ത്വനം പകര്‍ന്ന് പോലിസുകാര്‍ സമൂഹത്തിന് ഉത്തമ മാതൃകയാവുകയാണിവിടെ.

മാരകരോഗികളുടെ പരിചരണത്തിനുള്ള ആധുനിക വൈദ്യശാസ്ത്രശാഖയാണ് സാന്ത്വനചികിത്സ. ഇത്തരക്കാരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരംകാണാന്‍ പരിശീലനം സിദ്ധിച്ച സന്നദ്ധസേവകര്‍ക്ക് കഴിയും. സാമൂഹിക, മാനസിക, ആത്മീയ ഇടപെടലുകളിലൂടെ രോഗിയുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സാന്ത്വനപരിചരണം കൊണ്ട് അര്‍ഥമാക്കുന്നത്.

കേരളാ പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പില്‍ സാന്ത്വനപരിചരണം എന്ന ആശയം ഉദിച്ചത്. കേരളാ പോലീസില്‍ ഈ ദിശയിലുള്ള ആദ്യസംരംഭവുമാണിത്.

ഇവിടെ കമാന്‍ഡന്റ് ആയിരുന്ന ടി.എം.അബൂബക്കര്‍ 2008 ജൂലായ് മാസം മുന്നോട്ടുവെച്ച നിര്‍ദേശം സഹപ്രവര്‍ത്തകര്‍ സഹര്‍ഷം ഏറ്റെടുക്കുകയായിരുന്നു. ഒഴിവ് സമയത്തെ തങ്ങളുടെ സേവനവും ശമ്പളത്തില്‍നിന്നുള്ള ഒരുവിഹിതവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കാന്‍ അവര്‍തയ്യാറായി.

സേവനസന്നദ്ധരായ പോലീസുകാരുടെയും വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര ഏജന്‍സികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് സാന്ത്വനപരിചരണം നടത്തുന്നത്.

കൊ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഉപദേശ, നിര്‍ദേശങ്ങള്‍ നല്കുന്നത്. കണ്ണൂരിലെ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെല്‍ട്രോണിന് സമീപമുള്ള കെട്ടിടം മൈത്രിക്ക് കൈമാറുന്നതോടെ അവിടെ ഒ.പി. വിഭാഗം പ്രവര്‍ത്തനം തുടങ്ങും.

പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാന്‍ സുമനസ്സുകളുടെ സഹകരണം ഈ സാന്ത്വനകൂട്ടായ്മ പ്രതീക്ഷിക്കുന്നുണ്ട്. ഹോം കെയര്‍ പരിപാടിയില്‍ പങ്കെടുത്തും സാമ്പത്തികസഹായം നല്കിയും ഈ ആതുര ശുശ്രൂഷയില്‍ ആര്‍ക്കും അണിചേരാം. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9447720484, 9447203327, 9388414412.

സിറിയക് മാത്യു

 

 




MathrubhumiMatrimonial