നീര്‍മാതളത്തിന്റെ മണ്ണില്‍ കമലയ്ക്ക് സ്മാരകമുയരും

Posted on: 03 Jun 2009


തിരുവനന്തപുരം: കമലാ സുരയ്യ സാഹിത്യ അക്കാദമിക്ക് നല്‍കിയ പുന്നയൂര്‍ക്കുളത്തെ ഭൂമിയില്‍ അവരുടെ ഓര്‍മ്മയ്ക്ക് സ്മാരക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി എം. എ. ബേബി.

കമലാ സുരയ്യയുടെ കബറടക്കത്തിനുശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കമലാ സുരയ്യയുടെ ഓര്‍മ്മവസ്തുക്കളെല്ലാം ഈ സ്മാരകത്തില്‍ സജ്ജീകരിക്കാന്‍ വേണ്ട സഹായം അവരുടെ മകന്‍ എം. ഡി. നാലപ്പാട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ. പി. രാജേന്ദ്രനും സ്മാരക നിര്‍മ്മാണത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.

മലയാള സാഹിത്യത്തെ ഹിമാലയത്തിനും അറബിക്കടലിനും അപ്പുറത്ത് എത്തിച്ച പ്രതിഭാശാലിയായ എഴുത്തുകാരിയാണ് കമലാസുരയ്യയെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അനുസ്മരിച്ചു.

പഴയ തലമുറയിലെ കൂടെപ്പിറപ്പിനെ മടക്കി നല്‍കിയിട്ട് ജീവിക്കേണ്ടിവരുന്നതിന്റെ ദുഃഖമാണ് ഇപ്പോഴുള്ളതെന്ന് കവി ഒ. എന്‍. വി. കുറുപ്പ് പറഞ്ഞു.

മന്ത്രിമാരായ എം. വിജയകുമാര്‍, എന്‍. കെ. പ്രേമചന്ദ്രന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, പുതുശ്ശേരി രാമചന്ദ്രന്‍, പാലോട് രവി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. പി. മോഹനന്‍, ഒ. അബ്ദുള്ള, സാദിഖലി ശിഹാബ് തങ്ങള്‍, എം. എം. മാഹിന്‍, ടി. ആരിഫലി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, സി. പി. ജോണ്‍, എം. എല്‍. എ.മാരായ വി. സുരേന്ദ്രന്‍ പിള്ള, വി. ശിവന്‍കുട്ടി, തലേക്കുന്നില്‍ ബഷീര്‍, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, ഡോ. ഹുസൈന്‍ മടവൂര്‍, കെ. രാമന്‍പിള്ള, നഫീസത്തുബീവി, ഡോ. ജോര്‍ജ് ഓണക്കൂര്‍, പെരുമ്പടവം ശ്രീധരന്‍, കെ. വി. അബ്ദുള്‍ ഖാദര്‍, ദേവദത്ത് ജി. പുറക്കാട്, അഡ്വ. പൂക്കുഞ്ഞ്, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ഇര്‍ഷാദ് എന്നിവര്‍ കമലാ സുരയ്യയെ അനുസ്മരിച്ചു.



MathrubhumiMatrimonial