അമ്മയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു, പക്ഷേ...

Posted on: 03 Jun 2009


തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. ഇവിടെ യാത്ര ചെയ്യണമെന്നതും. എല്ലാം നടന്നു. പക്ഷേ, അത് ഈ വിധമാണെന്നുമാത്രം. മരണശേഷമാണെങ്കിലും അമ്മയുടെ ആഗ്രഹമെല്ലാം സാധിക്കാനായതില്‍ കേരളത്തോട് നന്ദി പറയുകയാണ് കമലാ സുരയ്യയുടെ മൂത്ത മകന്‍ എം.ഡി.നാലപ്പാട്.

അമ്മ ഇസ്ലാമിനെ സ്വീകരിച്ചത് ഇഷ്ടത്തോടെയാണ്. അവസാനം വരെയും ഈ മതത്തിന്റെ വിശ്വാസങ്ങളെ പിന്തുടരണമെന്നതും അവരുടെ ആഗ്രഹമായിരുന്നു. മക്കളെന്ന നിലയില്‍ അതും സാധിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കായി. ഇതിന് കേരള സര്‍ക്കാരിനോടും പാളയം ജുമാ മസ്ജിദിനോടും നന്ദിയുണ്ട്. കബറടക്കത്തിന് ശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഐ.സി.യു.വില്‍ കിടക്കുമ്പോള്‍ തിരിച്ചുപോയി കേരളം കാണണമെന്നാണ് അമ്മ ഞങ്ങളോട് പറഞ്ഞത്. നിങ്ങളൊക്കെ കൂടെയുണ്ടാവണമെന്നും. ഈ കേരളത്തെ ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക് അമ്മയെ കാണിക്കാനായി. ഈ വഴി മാത്രമേ അതിന് സാധിക്കാനായുള്ളൂ. എങ്കിലും കേരളത്തില്‍ യാത്ര ചെയ്യാനും ഇവിടത്തെ ജനങ്ങളുടെ സ്‌നേഹവും വികാരവും അറിയാനും അമ്മയ്ക്ക് കഴിഞ്ഞു. ആ സ്‌നേഹത്തിന്റെ തീക്ഷ്ണത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ഈ ജനങ്ങളോട് ഞങ്ങള്‍ക്ക് പൂര്‍ണമായ നന്ദിയുണ്ട്. അദ്ദേഹം പറഞ്ഞു.





MathrubhumiMatrimonial