പൂമരത്തണലില്‍ അന്ത്യവിശ്രമ സ്ഥലമൊരുങ്ങി

Posted on: 02 Jun 2009


മലയാളത്തിന്റെ പ്രിയ കഥാകാരി കമലാസുരയ്യയുടെ മൃതദേഹം വഹിച്ചുകൊണ്ട് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കേരളത്തിന്റെ കണ്ണ് നനയിച്ചു. ആ വഴികളിലൂടെ......

തിരുവനന്തപുരം: നീര്‍മാതളത്തിന്റെ തണലില്‍നിന്ന് സുന്ദരമായ കഥകള്‍ മെനഞ്ഞെടുത്ത കമലാസുരയ്യയ്ക്ക് ഇനി പാളയം ജുമാമസ്ജിദിലെ പൂമരങ്ങള്‍ക്ക് ചുവട്ടില്‍ അന്ത്യവിശ്രമം.

കമലാസുരയ്യയെ ഏറ്റുവാങ്ങാന്‍ പാളയം പള്ളിയിലെ കബര്‍സ്ഥാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതിയിലെ നിത്യവിസ്മയങ്ങളെ, പച്ചപ്പിനെ, എന്നും താലോലിച്ച കമലയ്ക്കായി മരങ്ങള്‍ നിറഞ്ഞയിടം പള്ളി അധികൃതര്‍ തിരഞ്ഞെടുക്കുകയായിരുന്നു. വാകയും, മഹാഗണിയുമൊക്കെ ഇവിടെ തണല്‍ വിരിക്കുന്നു. ആരാധകരുടെ മനസ്സില്‍ നീര്‍മാതളത്തിന്റെ തണലില്‍ കമലാസുരയ്യ നില്‍ക്കുമ്പോള്‍ അവരുടെ ഭൗതികശരീരം പൂമരത്തണലില്‍ അന്ത്യവിശ്രമം കൊള്ളും.

ചൊവ്വാഴ്ച രാവിലെ എട്ടിന് മയ്യത്ത് നമസ്‌കാരം തുടങ്ങും. സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാനായി ജമാഅത്ത് ഹാളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാര്‍ഥനകള്‍ക്കും മയ്യത്ത് നമസ്‌കാരത്തിനും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട കാര്‍മ്മികത്വം വഹിക്കും.

രാവിലെ 8.30 നാണ് ഔദ്യോഗിക ബഹുമതിക ളോടെ കബറടക്കുന്നത്. അതോടെ മലയാളത്തിന്റെ വിശ്വസാഹിത്യകാരി ഓര്‍മ്മയാവും.

തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ അനുസ്മരണയോഗവും ചേരും.



MathrubhumiMatrimonial