'ജാനുവമ്മയ്ക്ക്' ഓര്‍ക്കാനുണ്ട് ഏറെ

Posted on: 01 Jun 2009


കോഴിക്കോട്: 'ജാനുവമ്മ' കമലസുരയ്യയ്ക്ക് വെറുമൊരു കഥാപാത്രമായിരുന്നില്ല. അവര്‍ തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടിലേറെയുള്ള ആത്മബന്ധമാണെന്നു പറയാം. പരസ്​പരം തുറന്നുപറഞ്ഞ്, യാത്രകളില്‍ കൂട്ടായി... 'ജാനുവമ്മ' എന്ന കഥാപാത്രത്തിന്റെ മാതൃക ചിരുതേയിയമ്മയാണെന്ന് ഇതിനോടകം പ്രസിദ്ധമായിക്കഴിഞ്ഞു.

ഏതാണ്ട് മുപ്പതുവര്‍ഷം മുമ്പാണ് പറമ്പത്ത് സ്വദേശിനി ഓലയാറമ്പത്ത് ചിരുതേയിയമ്മ കമലസുരയ്യയുടെ വീട്ടിലെത്തുന്നത് വീട്ടുജോലിക്കായാണ്.ബിലാത്തികുളത്തായിരുന്നു അന്ന് കമല താമസം. ചിരുതേയിയമ്മയുടെ വരവ് കോഴിക്കോടന്‍ വിശേഷങ്ങള്‍ കൂടിയാണ് മാധവിക്കുട്ടി എന്ന കഥാകാരിക്കു സമ്മാനിച്ചത്. ചിരുതേയിയുടെ വ്യക്തിജീവിതവും അവരുടെ മുന്നില്‍ തുറന്നതോടെ 'ജാനുവമ്മ പറഞ്ഞ കഥ' പിറന്നു.

മാധവിക്കുട്ടിയുടെ ആത്മകഥയില്‍ തന്റെ പേര് പ്രതിപാദിക്കരുതെന്ന് ചിരുതേയി പറഞ്ഞപ്പോഴാണ് 'ജാനുവമ്മ' എന്ന പേരുവീണത്.
പ്രായം 90നോടടുത്തെങ്കിലും ചിരുതേയിയുടെ ഓര്‍മകളില്‍ മാധവിക്കുട്ടി തെളിഞ്ഞു. ''ഇത്രയും കാലത്തിനിടയ്ക്ക് ഇങ്ങനെ ഒരു സ്ത്രീയെ കണ്ടിട്ടില്ല. ഒന്നിനോടും വാശിയോ അതിയായ ആഗ്രഹമോ ആരോടും വഴക്കോ പ്രകടിപ്പിച്ചുകണ്ടിട്ടില്ല. എവിടെ പോകുമ്പോഴും എന്നെ ഒപ്പം കൂട്ടുമായിരുന്നു''- നിറഞ്ഞ മിഴികളോടെ ചിരുതേയി പറഞ്ഞു.

കമലസുരയ്യയുടെ അച്ഛന്‍ വി.എം. നായരും അമ്മ കവയിത്രി ബാലാമണിയമ്മയുമൊക്കെ ഒന്നിച്ച് ബിലാത്തികുളത്ത് താമസിക്കുമ്പോഴാണ് ചിരുതേയി ആദ്യമായി അവിടെ ജോലിക്കെത്തുന്നത്. കൊച്ചിയിലും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ കമലയുടെ ഒപ്പം അവരും ഉണ്ടായിരുന്നു. പാചകജോലിക്കായാണ് ചിരുതേയിയെ കൊണ്ടുപോയതെങ്കിലും പ്രായമേറിയതോടെ ജോലിയില്‍നിന്നൊഴിവാക്കി. പിന്നെ കമലയ്ക്ക് തുണയായി ഒപ്പം കൂട്ടി.

നാലുവര്‍ഷം മുമ്പ് മാധവിക്കുട്ടിയുടെ വീട്ടില്‍നിന്നു ചിരുതേയി വീട്ടിലേക്കു തിരിച്ചെത്തി. എങ്കിലും ഇടക്കിടയ്ക്ക് മാധവിക്കുട്ടി കാണാന്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. മാധവിക്കുട്ടി പുണെയിലേക്ക് പോകുന്നതിന് കുറച്ചുദിവസം മുമ്പ് കൊച്ചിയിലെ വീട്ടില്‍ ചിരുതേയി ചെന്നിരുന്നു.

ദുരിതങ്ങള്‍ നിറഞ്ഞ ജീവതമായിരുന്നു ചിരുതേയിയുടേത്. മാധവിക്കുട്ടിക്ക് എന്നും അത് ഒരു വേദനയുമായിരുന്നു. ബിലാത്തികുളത്ത് വാടകയ്ക്കു താമസിച്ചിരുന്ന ചിരുതേയിക്കും മകള്‍ ലക്ഷ്മിക്കും പറമ്പത്ത് നാലര സെന്റ് സ്ഥലം വാങ്ങാനും വീടുവയ്ക്കാനും സഹായിച്ചതും മാധവിക്കുട്ടിയാണ്.

ഭര്‍ത്താവ് മരിച്ച മകള്‍ ലക്ഷ്മി വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ലക്ഷ്മിയുടെ മകന്‍ രാജുവിന് വൈക്കത്തുനിന്ന് വധുവിനെ കണ്ടെത്തിയതും അവര്‍ക്ക് താലി സമ്മാനിച്ചതും കമലസുരയ്യയാണ്.ജയരാജ് സംവിധാനം ചെയ്ത 'ആനന്ദഭൈരവി' എന്ന സിനിമയില്‍ മുത്തശ്ശിയായി ചിരുതേയി വേഷമിട്ടതും കമലയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ്.
കമലയോടൊപ്പമുള്ള ഫോട്ടോയും അവര്‍ നല്‍കിയ വെറ്റിലച്ചെല്ലവും കോളാമ്പിയും ഉരലും നിധിപോലെ സൂക്ഷിക്കുകയാണ് ചിരുതേയി. കുണ്ടൂപ്പറമ്പ് യൂണിയന്‍ വായനശാലയുടെ കമലസുരയ്യ അനുസ്മരണപരിപാടിയില്‍ ചിരുതേയി പങ്കെടുക്കുന്നുണ്ട്.



MathrubhumiMatrimonial