സ്ഥാനാര്‍ഥിയായി തലസ്ഥാനത്ത്‌

Posted on: 01 Jun 2009


തിരുവനന്തപുരം: മാധവിക്കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ എഴുത്തിന്റെ വഴിയില്‍ നിന്നും വേറിട്ടുനടന്ന സ്ഥാനാര്‍ഥിയുടെ ദൃശ്യങ്ങള്‍ തലസ്ഥാനമനസ്സില്‍ മിന്നിമറഞ്ഞു.
1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മാധവിക്കുട്ടി സ്ത്രീകളുടെയും കുരുന്നുകളുടെയും മനംകവര്‍ന്നു.

14 സ്ഥാനാര്‍ഥികളില്‍ ഏക വനിതയായ കമലാദാസിന്റെ പേര് ബാലറ്റ്‌പേപ്പറില്‍ എട്ടാമതായി സ്ഥാനംപിടിച്ചു.
തിരുവനന്തപുരത്ത് മാധവിക്കുട്ടിയുടെ സാന്നിധ്യമറിയിക്കുന്ന ഒരു പ്രചാരണം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യസമരസേനാനി എ.പി. ഉദയഭാനുവാണ് മാധവിക്കുട്ടിയുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനും പ്രചാരണത്തിന്റെ കരുക്കള്‍ നീക്കുന്നതിനും ഒപ്പംനിന്നത്.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുള്ള തിരഞ്ഞെടുപ്പായതിനാല്‍ ദേശീയ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ജ്വലിച്ചുനിന്ന പ്രചാരണം.
സ്ത്രീകളെയും കുട്ടികളെയും അഭിസംബോധന ചെയ്യുകയും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

വോട്ട് എണ്ണിയപ്പോള്‍ കോണ്‍ഗ്രസ്സിലെ എ. ചാള്‍സ് 53,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ. നീലലോഹിതദാസിനെ തോല്പിച്ചു. ഹിന്ദുമുന്നണിയുടെ അരങ്ങേറ്റം നടന്ന തിരഞ്ഞെടുപ്പാണ്. ഹിന്ദുമുന്നണിയുടെ കേരളവര്‍മരാജാ 1,10,449 വോട്ടുനേടി. പക്ഷേ ബാലറ്റ് യുദ്ധത്തില്‍ എഴുത്തുകാരി പിന്തള്ളപ്പെട്ടു. ആകെ 1,786 വോട്ടുകളാണ് മാധവിക്കുട്ടിക്ക് കിട്ടിയത്.
തോല്‍വി ഈ എഴുത്തുകാരിയെ തളര്‍ത്തിയില്ല. എങ്കിലും തന്നോട് സ്‌നേഹവാത്സല്യങ്ങള്‍ കാണിച്ച സ്ത്രീവോട്ടര്‍മാര്‍ വോട്ടുചെയ്തിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് അവര്‍ അനുസ്മരിച്ചു. ''കഥകള്‍ പോലെ കാല്പനികമായ വിലയിരുത്തലായിട്ടാണ് മാധവിക്കുട്ടി തിരഞ്ഞെടുപ്പിനെ കണ്ടത്''-കവിയും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി അനുസ്മരിച്ചു.
പിന്നീട് ലോക്‌സേവാപ്രസ്ഥാനവുമായി രംഗത്തെത്തിയ മാധവിക്കുട്ടി, പക്ഷേ രാഷ്ട്രീയഗോദയില്‍ മത്സരിക്കാനിറങ്ങിയില്ല. ലോക്‌സേവയെ ജീവകാരുണ്യപ്രസ്ഥാനമാക്കിമാറ്റി.

നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ വേളയില്‍ മാധവിക്കുട്ടി ശക്തമായി പ്രതികരിച്ചു. രാജ്കുമാറിനെ മോചിപ്പിക്കാന്‍ കാട്ടില്‍ പോകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷം മറച്ചുവെച്ചില്ല. സാധാരണക്കാരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് അവര്‍ പറഞ്ഞു.
''വി.എസ്സിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. വിവര്‍ത്തകയായി തന്നെ കൂട്ടിയാല്‍ മതി. വി.എസ്സിനെപ്പോലെ ഒരാളുടെ വിവര്‍ത്തകയാവുന്നത് മഹാഭാഗ്യമായിട്ടാണ് താന്‍ കരുതുന്നത്'' അവര്‍ പറഞ്ഞു.




MathrubhumiMatrimonial