ഓര്‍മയുടെ വഴിത്താരയില്‍ 'ആമി'യുടെ കളിക്കൂട്ടുകാരി...

Posted on: 01 Jun 2009


ഗുരുവായൂര്‍: മാധവിക്കുട്ടിയുമായുള്ള ബാല്യകാലം ഓര്‍ത്തെടുക്കുകയാണ് പുന്നയൂര്‍ക്കുളത്തെ തെണ്ടിയത്ത് കാര്‍ത്ത്യായനിയമ്മ. മാധവിക്കുട്ടിയുമായി നാലപ്പാട്ടെ മുറ്റത്ത് കളിച്ചുവളര്‍ന്നതിന്റെ ഓര്‍മകള്‍ പങ്കിടുമ്പോള്‍ അവര്‍ അറിയാതെ വിങ്ങി-'ആ വിയോഗം താങ്ങാനാവുന്നില്ല'.

1940ല്‍ പുന്നയൂര്‍ക്കുളത്തെ രാമരാജ സ്‌കൂളില്‍ ഒരേ ബെഞ്ചിലായിരുന്നു ഇവര്‍. അന്നവര്‍ നാലുപേര്‍. മാധവിക്കുട്ടി, കാര്‍ത്ത്യായനി, ഭാനുമതി, കയ്യാബി. സ്‌കൂള്‍വിട്ടാലും ആമിക്ക് കൂട്ട് കാര്‍ത്ത്യായനിയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ മാധവിക്കുട്ടിക്കൊപ്പം നാലപ്പാട്ടു തന്നെയുണ്ടാകും. നാലപ്പാട്ട് തറവാട്ടിലെ പൂമുഖത്തെ നടശാലയില്‍ നിത്യേനയെന്നോണം എഴുത്തുകാരുടെ കൂട്ടായ്മയുണ്ടാകും. ''അന്നത്തെ സാഹിത്യ വെടിവട്ടങ്ങള്‍ കേള്‍ക്കാന്‍ രണ്ടുപേര്‍ക്കും നല്ല ഇഷ്ടമാണ്. നാലപ്പാട്ട് നാരായണമേനോന്റെ അടുത്തിരുന്ന് ഉറൂബ് പറയുന്ന തമാശകള്‍ കേള്‍ക്കാനാണ് ഏറെ ഇഷ്ടം. വീട്ടിലേക്ക് പോകാന്‍ സമ്മതിക്കാതെ ആമി എന്നെ നിര്‍ബന്ധിച്ച് പിടിച്ചിരുത്തും'' - കാര്‍ത്ത്യായനിയമ്മ ഓര്‍ക്കുന്നു. അന്നൊക്കെ നാലപ്പാട്ടെ മുറ്റത്തുള്ള നീര്‍മാതളം ചെറിയൊരു മരമായിരുന്നു. നീര്‍മാതളത്തെപ്പറ്റിയും അത് പൂക്കുന്നതിനെപ്പറ്റിയുമൊക്കെ ആമി അന്ന് വാതോരാതെ പറയുമായിരുന്നുവെന്ന് കാര്‍ത്ത്യായനിയമ്മ ഓര്‍മിച്ചെടുത്തു.

നന്നേ ചെറുപ്പത്തില്‍ത്തന്നെ കഥകള്‍ പറയാന്‍ പ്രത്യേക വൈഭവം ആമിക്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ 'ഒരു പക്ഷിക്കുഞ്ഞിന്റെ മരണം' എന്ന കഥയെപ്പറ്റി ആമി ചെറുപ്പത്തിലേ പറഞ്ഞുതന്നിട്ടുണ്ടെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു.

മാധവിക്കുട്ടി കൊല്‍ക്കത്തയിലേക്ക് പോകുകയും വലിയ എഴുത്തുകാരിയായി പേരെടുക്കുകയും ചെയ്തിട്ടും അവര്‍ കളിക്കൂട്ടുകാരിയെ മറന്നില്ല. ഓരോ പുസ്തകമിറങ്ങുമ്പോഴും ഒരു കോപ്പി സ്വന്തം കയ്യൊപ്പിട്ട് കാര്‍ത്ത്യായനിയമ്മയ്ക്ക് അയച്ചുകൊടുക്കും. പുന്നയൂര്‍ക്കുളത്തു വരുമ്പോഴൊക്കെ വാതോരാതെയിരുന്ന് സംസാരിക്കും. ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി വരാറില്ല. എത്ര തിരക്കായാലും ഫോണില്‍ വിളിക്കും. അത് കഴിഞ്ഞമാസം വരെ തുടര്‍ന്നു.എം.ടി.വാസുദേവന്‍നായരുടെ പിതൃസഹോദരി തെണ്ടിയത്ത് അമ്മിണിയമ്മയുടെ മകള്‍ കൂടിയാണ് കാര്‍ത്ത്യായനിയമ്മ. ഈയിടെ അവര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ മാധവിക്കുട്ടിക്ക് അയച്ചുകൊടുത്തിരുന്നു.








MathrubhumiMatrimonial