
ഇവിടെ കമല ഇപ്പോഴും ജീവിക്കുന്നു
Posted on: 01 Jun 2009

'വണ്‍-ബി'യുടെ വാതില്‍ക്കലെ നെയിംപ്ലേറ്റില്‍ ഇപ്പോഴും വീട്ടുകാരിയുടെ പേരുണ്ട്; കമല സുരയ്യ. മലയാളികളെ നീര്‍മാതളത്തിന്റെ സൗന്ദര്യം കാട്ടി കൊതിപ്പിച്ച, 'എന്റെ കഥ' പറഞ്ഞ് അസ്വസ്ഥരാക്കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ.
വാതില്‍ കടന്നെത്തുമ്പോള്‍ കാണാം നിരന്നിരിക്കുന്ന പ്രശസ്തിപത്രങ്ങളും ഫലകങ്ങളും. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്... ഏറെയും മലയാളത്തിന്റെ സ്‌നേഹം തന്നെ. ഇടതുവശത്ത് കഥാകാരിയുടെ പ്രിയ ചാരുകസേര. ചേര്‍ന്നുതന്നെ വിശുദ്ധ ഗ്രന്ഥം കണക്കേ ബൈന്‍ഡ് ചെയ്ത ഡിക്ഷണറി. അരികിലായി ബുക്‌ഷെല്‍ഫ്. അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍.
വലത്തേക്ക് തിരിഞ്ഞാല്‍ വീണ്ടും കമല സുരയ്യ എന്ന പേര് പതിച്ച വാതില്‍. തുറക്കുന്നത് അടുക്കളയിലേക്കാണ്. ഇടത്തുള്ള ബെഡ് റൂം വാതിലിന്‍മേലും പേര് കാണാം, 'ഡോ. സുരയ്യാ ബീഗ'മെന്ന്. എതിര്‍വശത്താണ് എഴുത്തുമുറി. ഉപയോഗിച്ചിരുന്ന എഴുത്തുമേശയും കസേരയും കമ്പ്യൂട്ടറുമെല്ലാം അവിടെ ഭദ്രം. ചുമരില്‍ കമലയുടെ മനോഹരമായ ഫോട്ടോകള്‍. അലമാരയുടെ ഇടയില്‍ ഒളിഞ്ഞിരിക്കുന്ന പഴയൊരു വാക്കര്‍; കൊച്ചിയിലെ താമസക്കാലത്തെ നടപ്പ് സഹായി.
ബെഡ് റൂമിലേക്ക് കടക്കുമ്പോള്‍ വലതുവശത്ത് ചുമരില്‍ ഭര്‍ത്താവ് മാധവദാസും കമലയുമൊത്തുള്ള ചിത്രം; കൊല്‍ക്കത്ത വാസത്തിനിടെ എപ്പോഴോ എടുത്തത്. ബെഡ്ഡിന്റെ തലയ്ക്കലെ മേശയില്‍ അലക്ഷ്യമായി ടെലിഫോണ്‍ ഡയറി. ആദ്യ പേജില്‍ കഥാകാരിയുടെ തന്നെ കൈപ്പടയില്‍ 'ഷോഡു'വിന്റെ ഫോണ്‍ നമ്പറുകള്‍. ''മകന്‍ ജയസൂര്യക്ക് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ഷോഡു'' - ജയസൂര്യയുടെ സുഹൃത്ത് എസ്. ശ്രീനിവാസന്‍ പറയുന്നു.
2007 ജനവരിയില്‍ ഈ ഫ്‌ളാറ്റ് ഉപേക്ഷിച്ച് കമല പുണെയിലേക്ക് ചേക്കേറിയപ്പോള്‍ മുതല്‍ ശ്രീനിവാസനാണ് ഈ ഫ്‌ളാറ്റിന്റെ സൂക്ഷിപ്പുകാരന്‍. ഫ്‌ളാറ്റിന്റെ താക്കോലും ശ്രീനിവാസന്റെ കൈവശം തന്നെ. 'ടൈംസ് ഓഫ് ഇന്ത്യ'യിലെ പ്രൊഡക്ഷന്‍മാനേജരാണ് ശ്രീനിവാസന്‍. കമല സുരയ്യയുടെ ചരമവാര്‍ത്ത അറിഞ്ഞാണ് ശ്രീനിവാസന്‍ ഞായറാഴ്ച കടവന്ത്രയിലെത്തി ഫ്‌ളാറ്റ് തുറന്നത്.
1997-ല്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ എത്തുമ്പോള്‍ കമല സുരയ്യ ഇല്ലായിരുന്നു. മാധവിക്കുട്ടി മാത്രം. മതംമാറ്റവും പേരുമാറ്റവുമുള്‍പ്പെടെ ജീവിതത്തിലെ വഴിത്തിരിവിനെല്ലാം സാക്ഷ്യം വഹിച്ചത് ഈ ഫ്‌ളാറ്റ് തന്നെ. പുന്നയൂര്‍ക്കുളത്തെയെന്ന പോലെ കൊച്ചിയെയും അവര്‍ സ്‌നേഹിച്ചിരുന്നു. ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളും ജീവനുള്ള ചിത്രങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വന്തം ചിത്രങ്ങളും ഇവിടെ ശേഷിപ്പിച്ചാണ് പുണെയിലേക്ക് പറന്നത്. കൊച്ചിയുടെ മണ്ണിലേക്ക് ഒരിക്കല്‍ തിരിച്ചെത്തണമെന്ന മോഹത്തിന്റെ സാക്ഷ്യപത്രം പോലെ ഈ അടയാളങ്ങള്‍ ഇവിടെ ശേഷിക്കുന്നു...
