അപൂര്‍വ സുന്ദരം, സ്‌നേഹമധുരം -സുഗതകുമാരി

Posted on: 01 Jun 2009


തിരുവനന്തപുരം: അടിമുടി അപൂര്‍വമായ സൗന്ദര്യമായിരുന്നു കമല. സുന്ദരമായ രൂപം. അതിസുന്ദരമായ ചിരി. സുന്ദരമായ ഭാഷ. അപൂര്‍വമായ ഭാവന. എല്ലാം തികഞ്ഞ് മലയാളത്തിന്റെ വിസ്മയമായി കമല വിളങ്ങി. ഈ വിദഗ്ദ്ധയായ കലാകാരി എന്നും ഒരു കുട്ടിയായിരുന്നു. ഒരിക്കലും മുതിര്‍ന്നിട്ടില്ലാത്ത ഒരു കുട്ടി. ഒരുപാട് സ്‌നേഹിച്ചും ഒരുപാട് വാശിപിടിച്ചും പൊട്ടിച്ചിരിച്ചും പെട്ടെന്ന് കരഞ്ഞും ഇണങ്ങിയും പിണങ്ങിയും കമല നമുക്കിടയിലൂടെ നടന്നു. 'മതിവരാതെ സ്‌നേഹിക്കൂ......ജീവിതം ആഘോഷിക്കൂ' എന്നവര്‍ നമ്മോട് പറഞ്ഞു. പക്ഷേ ആ ആഘോഷത്തിനുപിന്നിലും വിഷാദത്തിന്റെ കടലിരമ്പം കേള്‍ക്കാമായിരുന്നു. സ്‌നേഹിച്ച് മതിയാകാത്ത ആത്മാവ്. സ്‌നേഹപരീക്ഷണങ്ങള്‍ നടത്തിയ ഒരു ജീവിതം. തന്റെ സ്‌നേഹം ഏറ്റുവാങ്ങാന്‍ കെല്‍പ്പുള്ള ഒരു പുരുഷനുമില്ലെന്നും അതുകൊണ്ട് അത് താന്‍ തന്റെ ഈശ്വരന് സമര്‍പ്പിക്കുന്നുവെന്നും കമല പ്രഖ്യാപിച്ചു. പക്ഷേ ആയിടെ തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു: ''ഈശ്വരന് നമ്മുടെ സ്‌നേഹം വേണമെന്നതിന് വല്ല ഉറപ്പുമുണ്ടോ?'' അത്യപൂര്‍വവും ചഞ്ചലവും പ്രസന്നവും സ്‌നേഹമധുരവുമായ ആ വ്യക്തിത്വംപോലൊന്ന് വേറെ കണ്ടിട്ടില്ല. വ്യത്യസ്തങ്ങളായ കഥകള്‍ കമല നമുക്ക് പറഞ്ഞുതന്നു. നക്ഷത്രങ്ങള്‍ പോലെയുള്ളവ. ഒരു ജീവിതം ധന്യമാകാന്‍ അത്രയൊക്കെ മതി. പ്രിയപ്പെട്ട കമലേ.....ഞാന്‍ നന്ദി പറയുന്നു. സ്‌നേഹത്തോടെ, കണ്ണീരോടെ, വിട നല്‍കുന്നു.




MathrubhumiMatrimonial