
എഴുത്തിന്റെ നിത്യവസന്തം
Posted on: 01 Jun 2009
തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1934 മാര്‍ച്ച് 31നായിരുന്നു കമലയുടെ ജനനം

വീട്ടില്‍ 'ആമി'യായിരുന്ന കമല മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരിലും കഥകളും കവിതകളും നോവലുകളും രചിച്ചു. ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും നേടാത്ത കമലയെ വളര്‍ത്തിയത് നാലപ്പാട്ടെ അന്തരീക്ഷമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അവഗാഹം നേടി. 15-ാം വയസ്സില്‍തന്നെ ബന്ധുവായ മാധവദാസുമായി വിവാഹം കഴിഞ്ഞു. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അമ്പതുകളുടെ തുടക്കത്തില്‍ കഥാകാരിയായി അറിയപ്പെട്ടുതുടങ്ങി. ഭര്‍ത്താവും എഴുതാന്‍ പ്രേരിപ്പിച്ചു. 1955ല്‍ പ്രസിദ്ധീകരിച്ച 'മതിലുകള്‍' ആദ്യ കഥാസമാഹാരമാണ്. പിന്നീട് തരിശുനിലം, ചുവന്നപാവാട, പക്ഷിയുടെ മണം, തണുപ്പ്, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്റെ സ്‌നേഹിത അരുണ, എന്റെ കഥ, ഭയം എന്റെ നിശാവസ്ത്രം, നീര്‍മാതളം പൂത്തകാലം, ബാല്യകാലസ്മരണകള്‍, യാ അല്ലാഹ്, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ രചനകള്‍ മലയാളരചനാലോകത്ത് ഉന്നതമായ സ്ഥാനത്ത് അവരെ പ്രതിഷ്ഠിച്ചു. സമ്മര്‍ ഇന്‍ കല്‍ക്കട്ട, കളക്ടഡ് പോയംസ്, ദ ഡെസന്‍ഡന്റ്‌സ്, ഓള്‍ഡ് പ്ലേ ഹൗസ് ആന്‍ഡ് അദര്‍ പോയംസ്, ലവ് പോയംസ്, ആനമലൈ പോയംസ് തുടങ്ങിയ കവിതാസമാഹാരങ്ങള്‍ ആംഗലേയ രചനാലോകത്തും അവരെ പ്രശസ്തയാക്കി. പ്രണയത്തിന്റെ തണുപ്പും ഗൃഹാതുരത്വവും മലയാളിക്കു സമ്മാനിച്ച മാധവിക്കുട്ടിയുടെ രചനാലോകം ധീരമായ തുറന്നുപറച്ചിലുകള്‍കൊണ്ട് വിവാദവുമുയര്‍ത്തി. ആത്മകഥാസ്പര്‍ശമുള്ള 'എന്റെ കഥ'യായിരുന്നു അതില്‍ സവിശേഷം.വ്യത്യസ്തവും നിഷ്‌കളങ്കവുമായ കമലാദാസിന്റെ പ്രതികരണങ്ങളോട് മലയാളി കൗതുകം പുലര്‍ത്തി. ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുകപോലും ചെയ്തു.
1999ല്‍ കമലാദാസ് ഇസ്‌ലാംമതം സ്വീകരിച്ചതും ചര്‍ച്ചാവിഷയമായി. ഇതുവരെ ഒപ്പമുണ്ടായിരുന്ന കൃഷ്ണനെ മുഹമ്മദാക്കിയെന്ന് അവര്‍ വ്യാഖ്യാനിച്ചു. വ്യക്തിപരമെന്ന് പറഞ്ഞപ്പോഴും രഹസ്യങ്ങളില്ലെന്ന് അവര്‍ വ്യക്തമാക്കി. മാധവിക്കുട്ടിക്ക് ചിത്രകാരിയെന്ന അറിയപ്പെടാത്ത ഒരു മുഖവുമുണ്ട്. അവരുടെ പുസ്തകങ്ങള്‍ ജര്‍മന്‍, സ്വീഡിഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. പല വിദേശ സര്‍വ്വകലാശാലകളിലും പാഠ്യപദ്ധതിയിലുമുണ്ട്. എഴുത്തച്ഛന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഏഷ്യന്‍ കവിതാസമ്മാനം, ആശാന്‍ വേള്‍ഡ് പ്രൈസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറിന്റെ ഡോക്ടറേറ്റ് തുടങ്ങിയവയൊക്കെ കമലാദാസിന് ലഭിച്ചു. ഇന്ത്യയില്‍നിന്ന് നോബല്‍സമ്മാനത്തിന് പരിഗണിക്കുന്നതിന് ഇവരുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍, സംസ്ഥാന ഫോറസ്ട്രി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം വീടുകളില്‍ മാറിമാറിത്താമസിച്ചിരുന്ന മാധവിക്കുട്ടി അവസാനം കൊച്ചിയില്‍ കൂടുറപ്പിച്ചു. ഭര്‍ത്താവും മരിച്ച് ഏകാകിനിയായിരുന്നു അവര്‍. ശാരീരികാസ്വാസ്ഥ്യങ്ങള്‍ കൂടിവന്നപ്പോള്‍ ഏകാന്തവാസം ഉപേക്ഷിച്ച് മകന്റെ കൂടെ പുണെയിലേക്കു പോയി. മാതൃഭൂമി മുന്‍ പത്രാധിപര്‍ എം.ഡി. നാലപ്പാട്ട്, ചിന്നന്‍ദാസ്, ജയസൂര്യ (മീഡിയ കണ്‍സള്‍ട്ടന്റ്, പുണെ) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലക്ഷ്മി, ദേവി. പരേതനായ ശ്യാമും സുലോചനയും സഹോദരങ്ങളാണ്.
