ആ ഒറ്റ നീര്‍മാതളം

Posted on: 31 May 2009

പി.വി.ഷാജികുമാര്‍



''ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരെ, കാണികളെ , ശ്രോതാക്കളെ, ദൃക്‌സാക്ഷികളെ, കണ്ണുനീര്‍വറ്റി എന്നോ വരണ്ടുപോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുതേ... മൃത്യുവിന്റെ മരവിപ്പ് പ്രതിഫലിക്കുന്ന ആ കണ്ണുകളെ ഞാന്‍ ഭയപ്പെടുന്നു. ചത്തുമലച്ച മത്സ്യങ്ങളുടെ വെള്ളിനിറമുള്ള കീഴ്ഭാഗങ്ങളെ അവ എന്നെ ഓര്‍മ്മിപ്പിക്കുന്നു...''(ഹംസധ്വനി/മാധവിക്കുട്ടി)

എഴുത്തിന്റെ ഒരു നീര്‍മാതളക്കാലം മലയാളിയുടെ സര്‍ഗ്ഗാത്മകവ്യവഹാരങ്ങളില്‍ ഇനി ഓര്‍മ്മ . മാധവിക്കുട്ടിവിചാരങ്ങളില്‍ മലയാളിയുടെ മനസ്സില്‍ 'നീര്‍മാതളം' എന്ന വാക്ക് ആദ്യം തന്നെ കടന്നുവരും. സ്‌കൂള്‍ കുട്ടികള്‍ പോലും 'നീര്‍മാതളം' മാധവിക്കുട്ടിയുമായി ചേര്‍ത്തുവായിക്കാന്‍ ഏറെയിഷ്ടപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? നീര്‍മാതളം പോലെ വലിയ തണല്‍ മാധവിക്കുട്ടി മലയാളികള്‍ക്ക് കഥകളിലൂടെയും വാക്കുകളിലൂടെയും അനുഭവിപ്പിക്കുന്നത് കൊണ്ടുതന്നെയാവണം.

നൂറ്റിരണ്ടു ശതമാനം വൈകാരികതയോടും നീര്‍മാതളപൂവിനോളം നിഷ്‌കളങ്കതയോടും മാധവിക്കുട്ടി എന്ന വലിയ കുട്ടി, താനനുഭവിക്കുന്ന എന്തിനോടും പ്രതികരിച്ചതും മലയാളിയെ ചേര്‍ത്തുനിര്‍ത്താന്‍ പ്രേരിപ്പിച്ചു. ''മലയാളി തന്നെ മനസ്സിലാക്കുന്നില്ല'' എന്ന് അവര്‍ പരിഭവിക്കുന്തോറും ''അങ്ങനെയല്ല , അങ്ങനെയല്ല..' എന്ന് നിശ്ശബ്ദതയുടെ വാക്കുകളില്‍ മലയാളികള്‍ മാധവിക്കുട്ടിയെ തിരിച്ചു വിളിച്ചുകൊണ്ടേയിരുന്നു-വായനയുടെ ഏകാന്തമുറിയില്‍ മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് , തട്ടിമുട്ടി വീഴുന്ന അടുക്കളപാത്രങ്ങളെ പോലെ നീറുന്ന/നീറിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതങ്ങളെ നേരെ നടത്തിയിട്ടുണ്ട് ഇത്തരം ഒറ്റപ്പെടലിന്റെ ആള്‍രൂപങ്ങള്‍. 'നെയ്പായസ'ത്തിലെ അച്ഛനായും 'ഉണ്ണിയെന്ന കുട്ടി'യിലെ പാവം അമ്മയായും 'വിധവ'യിലെ കലാകാരിയായും 'എന്റെ കഥ'യിലെ 'ഞാന്‍' ആയും 'കോലാടി'ലെ അമ്മയായും 'പക്ഷിയുടെ മണ'ത്തിലെ മരണത്തിലേക്ക് തെറിച്ചുവീഴാന്‍പോകുന്ന സ്ത്രീയായും കവിതകളിലെ നഷ്ടപ്രണയങ്ങളിലെ നിഴല്‍ച്ചിത്രങ്ങളായും ഒക്കെ തങ്ങളുടെ ജീവിതം കൈമാറ്റം ചെയ്ത് ശീലിച്ചു മലയാളികള്‍.

വേര്‍പിരിയലിന്റെയും പ്രണയത്തിന്റെയും ഓട്ടോഗ്രാഫില്‍ മാധവിക്കുട്ടിയുടെ ജീവന്‍ തുടിക്കുന്ന വരികള്‍ സാങ്കേതികതയില്‍ അഭിരമിക്കുന്ന യൗവനം എഴുതിവെക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു.

ഏതു വായനക്കാരനിലേക്കും എത്തിച്ചേരാന്‍ പറ്റിയ ഒരു വഴി മാധവിക്കുട്ടിയുടെ എഴുത്തിനുണ്ട്. കുട്ടിയാകട്ടെ, യുവതിയാകട്ടെ, വൃദ്ധയാകട്ടെ നിശ്ശബ്ദതയുടെ കുപ്പായമിട്ട് വായനാമനസ്സുകളില്‍ ഒതുങ്ങിയിരിക്കുന്നു മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍.
ഏകാന്തത, മഴ, കാമം, പ്രണയം, വെയില്‍, നിശ്ശബ്ദത, നിസ്സംഗത ഒക്കെ വേലിയേറ്റത്തിലെ കടല്‍പോലെ അവരുടെ എഴുത്തില്‍ തിരയടിച്ചുകൊണ്ടിരുന്നു. എഴുത്തിലെന്നപോലെ നൂറ്റിരണ്ടുശതമാനം അര്‍പ്പണബോധം ജീവിതത്തിലും മാധവിക്കുട്ടിയില്‍ പടര്‍ന്നുപന്തലിച്ചിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തിലൂടെ നടന്നുപോയിട്ടുള്ള ഒരാള്‍ കമലാസുരയ്യയിലേക്കുള്ള മാറ്റം ഒരു വേഷംമാറ്റത്തിനപ്പുറമുള്ള ഒരു സാധ്യത കല്പിച്ചുകൊടുക്കാന്‍ തയ്യാറാവില്ലെന്ന് ഉറപ്പാണ്.

വൈകാരികതയുടെയും ഫാന്റസിയുടെയും സര്‍ഗ്ഗാത്മക ആകാശയാത്രകളില്‍ പ്രായോഗിക ജീവിതത്തിന്റെ അതിരടയാളങ്ങള്‍ മാധവിക്കുട്ടിക്ക് മാധവിക്കുട്ടിയിലേക്ക്് വരുത്തുവാന്‍ കഴിയില്ല എന്നുള്ളതു തന്നെയായിരുന്നു അവരുടെ രചനകളിലൂടെയും ജീവിതത്തിലൂടെയും അവര്‍ നല്‍കിയ സന്ദേശം, സുരയ്യയിലേക്കുള്ള വഴിയും ഇതിലുണ്ട്

ഒടുവില്‍ കപടസദാചാരത്തിന്റെ അരങ്ങില്‍ നില്‍ക്കാതെ അവഗണിക്കപ്പെട്ട ജീവിതത്തിന്റെ അണിയറയില്‍ ഒരുപാട് കഥാപാത്രങ്ങളെ ബാക്കിനിര്‍ത്തി മാധവിക്കുട്ടി യാത്രയാകുമ്പോള്‍ പൂന്നയൂര്‍ക്കുളത്തില്‍ അവശേഷിക്കുന്ന ആ ഒറ്റ നീര്‍മാതളം ഇപ്പോള്‍ ഇളകിയാടുന്നത് എന്ത് ഓര്‍ത്തായിരിക്കാം. ഒരു പക്ഷേ , 'ബുദ്ധികൊണ്ട് സ്‌നേഹിക്കാതെ ഹൃദയം കൊണ്ട് സ്‌നേഹിക്കൂ' എന്ന് മാധവിക്കുട്ടി പറഞ്ഞ, പറഞ്ഞുകൊണ്ടിരുന്ന വാക്കുകളെ ഓര്‍ക്കുന്നുണ്ടാവുമോ ഇളകിയ നാഗത്തറയും താങ്ങിനില്‍ക്കുന്ന ആ പാവം നീര്‍മാതളം...!





MathrubhumiMatrimonial