തിരിച്ചുവരാന്‍ കൊതിയോടെ...

Posted on: 31 May 2009


പൂനെയില്‍ മലയാളിയുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കാണാന്‍
സുഹൃത്ത് ശാരദാ രാജീവനൊപ്പം ചെന്ന അനുഭവം എഴുതുകയാണ്
പത്രപ്രവര്‍ത്തകയായ ലീലാ മേനോന്‍


കമലയുടെ കണ്ണുകള്‍ വിഹ്വലമായിരുന്നു. തുളുമ്പാന്‍ വെമ്പുന്നപോലെ. വിതുമ്പുന്ന ചുണ്ടുകള്‍. കമല നിര്‍ന്നിമേഷയായി നോക്കിക്കിടന്നു. വാക്കുകള്‍ കിട്ടിയപ്പോള്‍ ആദ്യം പറഞ്ഞത് 'ലീലേ, എനിക്ക് മതിയായി' എന്നായിരുന്നു.
'ലീലേ' ഫോണ്‍ എടുക്കുമ്പോഴും കമല വിളിക്കുന്നത് അങ്ങനെയാണ്. ഹലോ എന്നല്ല. ആ സ്‌നേഹമസൃണമായ, ആര്‍ദ്രമായ, ദൈന്യത കലര്‍ന്ന വിളി ഹൃദയതന്ത്രികളെ ഉലയ്ക്കും. ഞാന്‍ അടുത്തിടപഴകിയിരുന്ന, സദാ വശ്യമായി പുഞ്ചിരിച്ചിരുന്ന, അനുസ്യൂതം സംസാരിച്ചിരുന്ന കമലയല്ല ഇത് എന്ന് എനിക്ക് മനസ്സിലാകുമായിരുന്നു.

കമല എറണാകുളത്തെ കടവന്ത്രയോട് ഗുഡ്‌ബൈ പറഞ്ഞ് പൂനെയിലേക്ക് പോയത് കേരളത്തെ ഉലച്ച സംഭവമായിരുന്നു. മലയാളി തന്നെ സ്‌നേഹിക്കുന്നില്ല എന്നു പറഞ്ഞാണ് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട, ആരാധന ഏറ്റുവാങ്ങുന്ന, മലയാളി സ്ത്രീകള്‍ ധൈര്യവതി എന്നഭിമാനിക്കുന്ന കമല കേരളത്തോട് വിട വാങ്ങിയത്. യാത്ര പറയാന്‍ എനിക്കാവില്ലായിരുന്നു. ഞാന്‍ പോകുന്നതിന് തലേദിവസം കണ്ടിട്ട് പോന്നു.

പൂനെയില്‍ ചെന്നശേഷം കമല എന്നെ ദിവസവും മുടങ്ങാതെ വിളിക്കും. പാവം! ഹൃദയം ഇവിടെ ഉപേക്ഷിച്ചാണ് മലയാളത്തിന്റെ മാധവിക്കുട്ടി മഹാരാഷ്ട്രയിലെത്തിയത്. ഇവിടുത്തെ സംഭവങ്ങള്‍, കമലയുടെ സുഹൃത്തുക്കളുടെ വിശേഷങ്ങള്‍, സാഹിത്യത്തിലെ വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം ഫോണിലൂടെ ചര്‍ച്ചാ വിഷയമാകും. ഞങ്ങള്‍ക്ക് 'കോമണ്‍' ആയ ഒരുപാട് വിഷയങ്ങളും സുഹൃത്തുക്കളും ഉണ്ട്.
വാസ്തവത്തില്‍ എന്തിനാണ് കമല പോയത്? എന്നോട് ചോദിച്ചാല്‍ ഉത്തരം മലപ്പുറത്തുനിന്ന് ഏതോ നീചന്‍ എല്ലാ ആഴ്ചയും തെറിയഭിഷേകം നടത്തി അയച്ചിരുന്ന ഒരു പോസ്റ്റ്കാര്‍ഡ് ആണ് എന്നാവും. വികാരജീവിയായ ആ കലാകാരി അതിനെ ഒരു പ്രതീകമായി എടുത്ത് കേരളം തന്നെ വെറുക്കുന്നുവെന്ന് വിശ്വസിച്ച് വണ്ടി കയറി.

കമല മലയാളത്തിനെയും മലയാള മണ്ണിനെയും ഗാഢമായി സ്‌നേഹിക്കുന്നു. അവരുടെ പരിചാരിക അമ്മു എങ്ങനെ മലയാളം കേള്‍ക്കാന്‍ കൊതിക്കുന്നുവോ അതേ തീക്ഷ്ണതയോടെ മലയാളത്തില്‍ സംവദിക്കാന്‍, ഇംഗ്ലീഷ് മാതൃഭാഷപോലെ കൈകാര്യം ചെയ്യാന്‍ സാധ്യമായ ഈ എഴുത്തുകാരി ഇപ്പോഴും ദാഹിക്കുന്നു. അതുകൊണ്ട് തന്നെയാണ് കമലയുടെ നിരന്തരമായ നിര്‍ബന്ധത്തിനും കാണാനുള്ള എന്റെ മോഹത്തിനും വഴങ്ങി പൂനെയിലേക്ക് പുറപ്പെട്ടത്. ഒരു കാര്‍അപകടത്തില്‍പെട്ട് നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍ യാത്രചെയ്യുന്നതിന് ഡോക്ടറുടെ വിലക്കുണ്ടായിരുന്നു. കാര്യമാക്കിയില്ല. സൃഹൃത്ത് ശാരദാ രാജീവനും ഒപ്പമുണ്ടായിരുന്നു. അവള്‍ ഉള്ളതിനാലാണ് യാത്ര സാധ്യമായത് തന്നെ. അധ്യാപികയും മനശാസ്ത്രവിദഗ്ധയുമായ ശാരദ, ലീലയെ വിളിക്കുന്നത് 'അമ്മ' എന്നാണ്. നടുവിന് കൂടുതല്‍ വേദനയേല്‍ക്കാതെ യാത്രപൂര്‍ത്തിയാക്കി എന്നെ വീട്ടിലെത്തിക്കാനുള്ള 'ഉത്തരവാദിത്വം' ശാരദയ്ക്കായിരുന്നു.

രണ്ടുരാത്രിയും ഒരു പകലും തീവണ്ടിയില്‍ ഇരുന്ന് കുലുങ്ങിയപ്പോള്‍ പ്രതിഷേധിച്ച നട്ടെല്ല് എന്നെ തീര്‍ത്തും അവശയാക്കി.

പൂനെയില്‍ എത്തുന്നത് വെളുപ്പിന് അഞ്ചുമണിക്കാണ്. കമലയുടെ മകന്‍ ജയസൂര്യ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ടാക്‌സി ഏര്‍പ്പാടാക്കിയിരുന്നു. ഞങ്ങള്‍ വരുന്നത് കാത്ത് കമല ഉണര്‍ന്നുകിടന്നു. പെട്ടി മുറിയില്‍ വച്ച് ഞങ്ങള്‍ അടുത്തുചെന്നു. രസായി കൊണ്ടുമൂടി മുഖം മാത്രം പുറത്തുകാണും വിധം കിടക്കുന്ന തീര്‍ത്തും അവശയായ കമലയെ കണ്ടപ്പോള്‍ ചങ്കുപൊട്ടി. വികാരം പുറത്തു കാണിക്കാതെ കമലയുടെ കിടയ്ക്കക്കടുത്തുള്ള കസേരയില്‍ ഇരുന്ന് എന്റെ കവിള്‍ അവരുടെ കവിളിനോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

'എനിക്ക് ലീലയുടെ മുഖം കാണണം'-കമല പറഞ്ഞു. ഞാന്‍ കസേര നീക്കിയിട്ട് കാണും വിധം ഇരുന്ന്, കമലയുടെ കൈ പിടിച്ചു. കമല മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അത് സ്‌നേഹത്തിനു പുറമെ എന്റെ മുഖത്തെ ഫേഷ്യല്‍ പാള്‍സി ഏതവസ്ഥയിലാണ് എന്ന് പരിശോധിക്കാനും കൂടിയാണ്.

കമല സൗന്ദര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നയാളാണ്. മറ്റുള്ളവരുടെ സൗന്ദര്യത്തെ ശ്രദ്ധിക്കുന്നവളും. ഏതൊരു എഴുത്തുകാരനെയും പോലെ കമലയും മനുഷ്യന്റെ എല്ലാ ചലനങ്ങളും ഭാവഭേദങ്ങളും കണ്ണും മൂക്കും തലമുടിയും, പല്ലും ശ്രദ്ധിച്ചുനോക്കും. നല്ല പല്ലുള്ള ആള്‍ ചിരിക്കുന്നത് കമലയ്ക്കിഷ്ടമാണ്. തന്റെ പല്ലിന്റെ കാര്യത്തിലും അവര്‍ ശ്രദ്ധാലുവാണ്. ഓരോ പ്രാവശ്യം ആഹാരം കഴിച്ചാലും കൃത്യമായി പല്ലുതേക്കും.

'എന്റെ ഫേഷ്യല്‍ പാള്‍സി മാറിയിട്ടില്ല, കമലയുടെ മുഖം ഫേഷ്യല്‍ പാള്‍സി ബാധിച്ചിരുന്നതാണെന്നതിന് യാതൊരു അടയാളവും ശേഷിപ്പിച്ചിരുന്നില്ല. പക്ഷേ, മുഖത്ത് ഇപ്പോഴും അതിന്റെ അടയാളം ഉണ്ടെന്ന ഭീതിയിലാണ് കമല.

ഞങ്ങള്‍ കുളിച്ച് വസ്ത്രം മാറിവന്നപ്പോള്‍ കമല കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഉടുത്തിരുന്ന ഗോള്‍ഡന്‍ കളര്‍ സാരി നോക്കി പറഞ്ഞു: 'നല്ല സാരി, യു ലുക്ക് ബ്യൂട്ടിഫുള്‍'. എന്നിട്ട് ശാരിയോടു പറഞ്ഞു: 'ലീലയ്ക്ക് താന്‍ സുന്ദരിയാണെന്ന വിചാരമില്ല'. എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് 'ശരിയല്ലേ' എന്നുചോദ്യം.

കിടയ്ക്കക്ക് സമീപം കിടക്കാന്‍ പറഞ്ഞ് കമല എന്റെ കൈ സ്വന്തം കൈക്കുള്ളിലാക്കി വിവരങ്ങള്‍ തിരക്കി. കമലയുടെ ഫ്ലറ്റില്‍ താമസിച്ചിരുന്ന സന്തോഷ് മാധവിന്റെ അറസ്റ്റ്, സുഗതകുമാരിയുടെ അന്വേഷണം, ടി.ജെ.എസ്. ജോര്‍ജിനെ കണ്ട കാര്യം, ശാരദയുടെ അച്ഛന്റെ, ഭര്‍ത്താവിന്റെയൊക്കെ കാര്യം.. എല്ലാം ഞങ്ങളുടെ സംസാര വിഷയമായി. അതിനിടയില്‍ ശാരദയോട് ചോദിച്ചു: ''എന്നെ കേരളം മറന്നു അല്ലേ? കമലയെ കൈവിട്ടുവല്ലേ?''

കമല തികച്ചും ശയ്യാവലംബിയാണ്. കിടക്കയില്‍ സ്വയം തിരിഞ്ഞുകിടക്കാന്‍ പോലുമാവാത്ത അവസ്ഥ. പരിചരിക്കുന്നത് അമ്മുവാണ്. കടവന്ത്രയിലും അമ്മുവും രാധാമണിയും ഉണ്ടായിരുന്നു. മൌസി എന്നു വിളിക്കുന്ന അയിഷാമാസിയും പൂനെയിലുണ്ട്. ആജാനുബാഹുവായ മൌസിയെ, ഹാസ്യരസം കൂടപ്പിറപ്പായ കമല വിളിക്കുന്നത് 'വനിതാ പോലീസ്' എന്നാണ്. അവര്‍ രണ്ടുപേരും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് കുളിപ്പിച്ച് കസേരയില്‍ ഇരുത്തി ആഹാരം കൊടുക്കും. ദുര്‍ബലമായ കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കാന്‍ വിഷമിക്കുമ്പോള്‍ സ്​പൂണ്‍കൊണ്ട് വാരിക്കൊടുക്കും. കാലത്ത് 36 യൂണിറ്റും വൈകിട്ട് 18 യൂണിറ്റും ഇന്‍സുലിന്‍ എടുക്കുന്ന കമലയെ ഭക്ഷണം കഴിപ്പിക്കുന്നത് ഭാരിച്ച പ്രയത്‌നം തന്നെയാണ്. രക്തത്തില്‍ പഞ്ചസാര കുറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്ത് അമ്മു ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കുമ്പോള്‍ ഈര്‍ഷ്യയോടെ പറയും: 'ഷി ഈസ് എ നാഗ്'. ഉച്ചയ്ക്കും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ശോഷിച്ച കൈയില്‍നിന്ന് ചോറൂര്‍ന്ന് പോകുന്നു.

പണ്ട് കമല തന്റെ പരിചാരികയായിരുന്ന ജാനുഅമ്മയെക്കുറിച്ച് നോവല്‍ എഴുതി. കമലയുടെ സര്‍ഗാത്മകത ഉണര്‍ത്താന്‍ എഴുതാനുള്ള ആഗ്രഹം ഉദ്ദീപിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു: '' കമല ഈ അമ്മുവിന്റെയും മൌസിയുടെയും തുടര്‍ച്ചയായ കലഹത്തെപ്പറ്റി ഒന്നെഴുതൂ''. കണ്ണുകള്‍ തിളങ്ങി 'നല്ല ഐഡിയ' എന്നു വിചാരിച്ചതിന്റെ പ്രതിഫലനം. പണ്ട് 'മിഡ്‌ഡേ ടൈംസി'ല്‍ കമല ഇങ്ങനെ ദൈനംദിന സംഭവങ്ങള്‍ എഴുതിയിരുന്നു. പൂനെയില്‍ ചെന്ന ശേഷം കമല പെയിന്റിംഗും പുനരാരംഭിച്ചിരുന്നു. അതിന്റെ തെളിവായി കമലയുടെ ഡ്രോയിംഗ് റൂമില്‍ നാല് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ തൂങ്ങുന്നുണ്ട്.

വൈകിട്ട് കമലയെ എഴുന്നേല്‍പ്പിച്ചിരുത്തി. അവര്‍ കേള്‍ക്കാനാഗ്രഹിച്ച കവിതകള്‍ ശാരദ ചൊല്ലിക്കേള്‍പ്പിച്ചു. വയലാറും ഒ.എന്‍.വിയുമെഴുതിയ പാട്ടുകള്‍ പാടി.

ഞങ്ങളവിടെ തങ്ങിയ രണ്ടുനാളില്‍ കമലയുടെ ഊര്‍ജം തിരിച്ചുവന്നു. കമല അങ്ങനെയാണ്. സദാ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന ആളുകള്‍ ചുറ്റും ഉള്ളപ്പോള്‍ അവരില്‍ നിന്ന് പ്രവഹിക്കുന്ന ഊര്‍ജം പ്രചോദനമാണ്. പൂനെയില്‍ കമല ജയസൂര്യയുടെ ഫ്ലറ്റിന്റെ മുകളിലത്തെ ഫ്ലറ്റിലാണ്. ജയസൂര്യയും കുടുംബവും എല്ലാ സ്‌നേഹവും ശ്രദ്ധയും വാരിക്കോരി കൊടുക്കുന്നുണ്ടെങ്കിലും കമലയ്ക്ക് കൊച്ചിക്രൗഡിനെ മിസ് ചെയ്യുന്നു എന്നു വ്യക്തം. എനിക്കതു നന്നായി മനസ്സിലാകും. സെമിനാറുകളിലും മീറ്റിംഗുകളിലും പോകുമ്പോള്‍ ആളുകള്‍വന്ന് അന്വേഷിക്കുമ്പോള്‍ ഒരുതരം പോസിറ്റീവ് എനര്‍ജി പകരും. അതാണ് വയ്യെങ്കിലും മീറ്റിംഗുകള്‍ക്ക് പോകാന്‍ കാരണം.

ഞങ്ങള്‍ പൂനെയില്‍ പോയത് പ്രവാസി ശബ്ദം എന്ന മാസിക കമലയ്ക്കുകൊടുക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ്. അതിന് സുകുമാര്‍ അഴീക്കോട് വരുമെന്നായിരുന്നു കമലയുടെ പ്രതീക്ഷയും ആഗ്രഹവും. പക്ഷേ, അദ്ദേഹത്തിന് വരാന്‍ സൗകര്യപ്പെടുകയില്ല എന്നു പറഞ്ഞതിനാല്‍ അവാര്‍ഡ്ദാന ചടങ്ങ് നീട്ടേണ്ടി വന്നു. സക്കറിയയക്കു വരാന്‍ സൗകര്യപ്പെട്ടില്ല. കമലയ്ക്ക് സക്കറിയായെയും ഇഷ്ടമാണ്. 'ഹി ഈസ് മെചിസ്‌മോ' കമല പറഞ്ഞു. എന്നിട്ട് തന്റെ ഇംഗ്ലീഷ് വൊക്കാബുലറി ഇപ്പോഴും ശക്തമാണെന്ന മട്ടില്‍ മന്ദഹസിച്ചു.
കമലയുടെ ഹൃദയം കടവന്ത്രയിലെ ഫ്ലറ്റിലാണ്. ''എനിക്ക് തിരിച്ചുവരണം എന്നാഗ്രഹമുണ്ട്'' കമല ആവര്‍ത്തിച്ചു. 'ഞങ്ങള്‍ അമ്മയെ പൂനെയ്ക്ക് കൊണ്ടുവന്നത് ആരോഗ്യനില ഭദ്രമാക്കാനാണ്. എനിക്കും പ്രധാനം അമ്മയുടെ ആരോഗ്യമാണ്. പ്രമേഹം അവഗണിച്ചതിനാലാണ് ഇപ്പോള്‍ ഇങ്ങനെയായത്'. ജയസൂര്യ പറഞ്ഞതുകേട്ട് കമല പുഞ്ചിരിച്ചു. 'ഹി ഈസ് എ ഗുഡ് സണ്‍'-എന്നുപറഞ്ഞു കമല.

അവാര്‍ഡ്ദാന ചടങ്ങില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. സംവിധായകന്‍ അടൂരാണ് അവാര്‍ഡ് നല്‍കാനെത്തിയത്. ''എന്റെ കേരളം എന്നെ മറന്നിട്ടില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അവര്‍ എന്നെ ഓര്‍മിക്കണമെന്നാണ് ആഗ്രഹം''. കമല വേദിയില്‍ പറഞ്ഞതായി അറിഞ്ഞു.
ഞങ്ങള്‍ തിരിച്ചുവന്നശേഷവും 'ലീലേ' എന്ന വിളി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'ലീല എന്റെ കൂടെ വന്ന് ഒരാഴ്ച നിന്നാല്‍ ഞാന്‍ എഴുന്നേറ്റ് നടക്കും' കമല പറഞ്ഞു. പക്ഷേ എനിക്ക് യാത്രചെയ്യാനാവില്ല. അതിനുള്ള ആരോഗ്യമില്ല.

പൂനെയില്‍നിന്ന് പോരുമ്പോള്‍ കമലയുടെ ഉറക്കം കെടുത്താതെ, ഒച്ചയുണ്ടാക്കാതെ പോരാനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ കമല ഉണര്‍ന്നു. അടുത്തേക്ക് വിളിപ്പിച്ചു. ഞാന്‍ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. കാലില്‍ തൊട്ടു. എല്ലാ കാലത്തും മലയാളി സ്‌നേഹിക്കുകയും ആദരിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്ന മാധവിക്കുട്ടി എന്ന കമലാദാസിനെ മനസാ നമിച്ചു. ശാരദ കൈകള്‍ തലോടി, നെറ്റിയില്‍ ചുംബിച്ചു. വിടവാങ്ങലുകള്‍ എന്നും വേദനയാണ്. ഇനി ഒരു പ്രാവശ്യം കൂടി കാണാന്‍ എന്റെ ആരോഗ്യം അനുവദിക്കുമോ
ആവോ?

(ശാരദാ രാജീവന്‍ എഴുതിയ അനുഭവങ്ങളും ഈ ഓര്‍മക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.)

(ഗൃഹലക്ഷ്്മി ജൂണ്‍ 2009)



MathrubhumiMatrimonial