
കുളത്തില്‍ വീണ കുട്ടിക്ക് രക്ഷകനായത് വളര്‍ത്തുനായ
Posted on: 20 Feb 2008

ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്നേഹയും സമീപത്തെ മൂന്നു കുട്ടികളും പറമ്പില്‍ കണ്ണുപൊത്തിക്കളിയിലായിരുന്നു. ആറുമാസം മുമ്പ് ഇവരുടെ വര്‍ക്ക്‌ഷോപ്പില്‍ വന്നുകൂടിയ തെരുവുനായ റാംബോയും സമീപം ഉണ്ടായിരുന്നു. കളിക്കിടെ ഒളിച്ചിരിക്കാന്‍ സ്നേഹ ഓടുമ്പോഴാണ് കാല്‍വഴുതി കുളത്തില്‍ വീണത്. മറ്റു കുട്ടികള്‍ ഇതു കണ്ടിരുന്നില്ല. പക്ഷേ സ്നേഹ കുളത്തില്‍ വീഴുന്നതു കണ്ട നായ റാംബോ ഉച്ചത്തില്‍ കുരച്ച് ബഹളം ഉണ്ടാക്കി. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് റോഡിലൂടെ പോകുകയായിരുന്ന നാട്ടുകാരായ രാജുവും റെജീഷും എത്തി. കുളത്തിനു ചുറ്റും കുരച്ചുകൊണ്ട് ഓടിയ 'റാംബോ' ഇവരെ ഇവിടേക്ക് നയിച്ചു.
നിലയില്ലാത്ത വെള്ളത്തില്‍ വീണ സ്നേഹ കൈകള്‍ ഇട്ടടിച്ച് മുങ്ങിത്താഴുകയായിരുന്നു. രാജുവാണ് ആദ്യം ചാടിയത്. കുട്ടിയെ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആദ്യശ്രമം വിഫലമായി. പിന്നീട് രെജീഷും വെള്ളത്തില്‍ ചാടി. ഈ സമയത്ത് സ്നേഹയെ കാണാനില്ലെന്നറിഞ്ഞ് അച്ഛനും അമ്മയും സ്ഥലത്തെത്തി. നായയുടെ കുര കേട്ട് നിരവധി നാട്ടുകാരും എത്തിയിരുന്നു. ഇവര്‍ കയര്‍ ഇട്ട് കസേര ഇറക്കി ക്കൊടുത്തു. തളര്‍ന്ന സ്നേഹയെയും രതീഷിനെയും രാജുവിനെയും കസേരയില്‍ പുറത്തേക്ക് എടുത്തു. പ്രാഥമികചികിത്സയ്ക്കുശേഷമാണ് സ്നേഹയ്ക്ക് ബോധം വീണത്.
