
അനാഥരോഗികള്‍ക്ക് തണലായി റോയിയുടെ താമസം ആസ്‌പത്രിയില്‍
Posted on: 20 Feb 2008

ദേഹം മുഴുവന്‍ പഴുത്ത് വ്രണംവന്നവര്‍, കൈയും കാലും ഒടിഞ്ഞവര്‍, കിടക്കയില്‍നിന്ന് അനങ്ങാന്‍ പോലും കഴിയാത്തവര്‍ ഇവരൊക്കെയാണ് റോയിയുടെ ഇപ്പോഴത്തെ കൂട്ടുകാര്‍. ഇവരെ കുളിപ്പിക്കാനും മറ്റും റോയിക്കു മടിയില്ല. ആരും ഒന്നും ഏല്പിക്കാതെതന്നെ റോയി അത് സ്വയം ഏറ്റെടുത്തുചെയ്യുന്നു.
തൃശ്ശൂര്‍ കൊട്ടേക്കാട് കൈപ്പറമ്പില്‍ റോയി (44) ഒരു നിയോഗംപോലെയാണ് ഈ വഴി തിരഞ്ഞെടുത്തത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ഒടുവില്‍ കോയമ്പത്തൂരില്‍ സ്വന്തം സ്റ്റുഡിയോ നടത്തിവരികയായിരുന്നു. 1987 ല്‍ ഒരു ദിവസം ഫോട്ടോ എടുക്കുമ്പോള്‍ കൈ വിറയ്ക്കുന്നതായി തോന്നി. ഫോട്ടോ എടുക്കാന്‍ കഴിയില്ലെന്നൊരു തോന്നല്‍. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് തൊടുപുഴ എഴുമുട്ടത്ത് ഒരു ധ്യാനകേന്ദ്രത്തിലെത്തിയത്. അവിടെവെച്ചാണ് ജീവിതം രോഗിപരിചരണത്തിന് ഉഴിഞ്ഞുവെയ്ക്കാന്‍ പ്രേരണയുണ്ടായത്.
കോയമ്പത്തൂരിലാണ് റോയിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2002 ല്‍ നാട്ടിലേക്കു മടങ്ങി. മാതാപിതാക്കള്‍ മരിച്ചു. വിവാഹം വേണ്ടെന്നുവെച്ചു. നാലു വര്‍ഷമായി ജില്ലാ ആസ്‌പത്രിയില്‍ രോഗികളെ സഹായിച്ചു കഴിയുന്നു. ഊണും ഉറക്കവും കുളിയും പ്രാര്‍ത്ഥനയുമെല്ലാം ഇവിടെത്തന്നെ. താന്‍ പരിചരിക്കുന്നവരില്‍ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ കട്ടിലിനുതാഴെ ഷീറ്റു വിരിച്ചാണ് റോയി നടുനിവര്‍ക്കുന്നത്.
ഇടയ്‌ക്കൊക്കെ വീട്ടില്‍ പോകും. പോയാലും പെട്ടെന്നു മടങ്ങും. നാലു സഹോദരിമാരും രണ്ടു സഹോദരന്മാരും വിവാഹിതരാണ്.
സ്വന്തം കൈയില്‍നിന്നും മറ്റുള്ളവര്‍ സഹായിക്കുന്ന പണംകൊണ്ടുമാണ് രോഗികള്‍ക്ക് അത്യാവശ്യം വേണ്ട മരുന്നു വാങ്ങുന്നത്. ഓര്‍ത്തോ, സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളിലാണ് റോയിയുടെ സൗജന്യസേവനം.
രോഗികള്‍ക്കും ആസ്പത്രിയധികൃതര്ക്കും റോയിയെക്കുറിച്ച് മതിപ്പാണ്.
രോഗം കഴിഞ്ഞു മടങ്ങാന്‍ വീടില്ലാത്ത അനാഥവൃദ്ധരെ ഏതെങ്കിലും ആശ്രമത്തിലെത്തിക്കാനും റോയി സഹായിക്കുന്നു.
അനില്‍ ബാലകൃഷ്ണന്‍
