goodnews head

ചിരിച്ചു ചിരിച്ച് ചിരി ക്ലബ്

Posted on: 19 Feb 2008


മുട്ടില്‍: പ്രിയപ്പെട്ടവര്‍ക്ക് ചിരിയുടെ താളവ്യതിയാനങ്ങള്‍ കേള്‍പ്പിച്ച 'മൊബൈല്‍ചിരി' യുടെ കുട ചൂടുകയാണ് മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചിരിക്കുടുക്കകള്‍. വയനാട്ടിലെ ഒരേയൊരു ചിരിക്ലബ്ബാണ് മുട്ടില്‍ കോളേജിലേത്. 200 പേരാണ് ക്ലബ്ബിലുള്ളത്. ചിരിക്കാന്‍ വേണ്ടി ഒരു ക്ലബ്ബോയെന്ന് ആദ്യം നെറ്റിചുളിച്ചവര്‍ പിന്നീട് ചിരിക്ലബ്ബിന്റെ ഭാഗമായി. എല്ലാ ആഴ്ചയും മൂന്നുമണിക്കൂര്‍ ചിരിയുടെ 'രസതന്ത്രം' പങ്കുവെച്ച് ചിരിയെ ഇഷ്ടപ്പെടുന്ന കുട്ടികളും അധ്യാപകരും ഒത്തുചേരും.

ഇതില്‍ വ്യത്യസ്തമായ ചിരിയനുഭവമാണ് 'മൊബൈല്‍ ചിരി' പകരുന്നതെന്ന് ചിരിക്ലബ്ബിലെ സജീവ അംഗം സുബിന പറയുന്നു. കൂട്ടുകാരെ മൊബൈലിലൂടെ വ്യത്യസ്ത ചിരികള്‍ കേള്‍പ്പിക്കുകയെന്നത് മറക്കാനാകാത്ത അനുഭവമാണ്. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ 'മൊബൈല്‍ ചിരിക്ക്' കഴിയുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ചിരിക്ലബ് അംഗങ്ങള്‍ ഒരുമിക്കുന്നത്. ചിരിയുടെ മനഃശാസ്ത്രം, ശാസ്ത്രീയവശം, വകഭേദങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു. ഒന്നു ചിരിക്കാന്‍ പോലും സമയം ലഭിക്കാതിരുന്നവര്‍ക്ക് ചിരിക്ലബ് ആശ്വാസമാകുന്നതായി ക്ലബ്ബംഗങ്ങളുടെ അനുഭവസാക്ഷ്യം. ചലച്ചിത്രതാരം ജഗതിശ്രീകുമാര്‍ ഉണര്‍ത്തുന്ന ചിരിയാണ് ഏറ്റവും സ്വാഭാവികമെന്നാണ് ചിരിക്കുടുക്കകളുടെ നിരീക്ഷണം. ഇന്റര്‍നാഷണല്‍ ലാഫ്റ്റര്‍ ക്ലബ്ബില്‍ അംഗത്വം നേടാനുള്ള ശ്രമത്തിലാണ് ചിരിക്ലബ്. സംസ്ഥാന ലാഫ്റ്റര്‍ക്ലബ് അംഗം എ.പി.എ. റഹ്മാന്‍ കാമ്പസില്‍ എത്തിയിരുന്നു. കാമ്പസിനു പുറത്തുള്ളവര്‍ക്കും ചിരിക്ലബ്ബില്‍ അംഗങ്ങളാകാം. മുഹമ്മദ്‌റഹൂഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകന്‍ എ.എച്ച്. അന്‍വര്‍സാദത്ത് കോ-ഓര്‍ഡിനേറ്ററുമാണ്.

 

 




MathrubhumiMatrimonial