goodnews head

മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചപണം തിരികെ നല്‍കി ആസ്‌പത്രി ജീവനക്കാര്‍ മാതൃകകാട്ടി

Posted on: 14 May 2009


ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം വസ്ത്രങ്ങള്‍ കത്തിച്ചുകളയാനെടുത്തപ്പോള്‍ അതില്‍ നിന്ന് ലഭിച്ച 20500രൂപ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി ആസ്​പത്രിയിലെ മൂന്ന് ജീവനക്കാര്‍ സത്യസന്ധത കാട്ടി. ചേര്‍ത്തല താലൂക്ക് ആസ്​പത്രിയിലെ നേഴ്‌സിങ് അസിസ്റ്റന്റുമാരായ പങ്കജാക്ഷന്‍, കമലാസനന്‍, ദിവസവേതനക്കാരനായ ചന്ദ്രന്‍ എന്നിവരാണ് മാതൃകകാട്ടിയത്.

ബുധനാഴ്ച പുലര്‍ച്ചെ ചേര്‍ത്തല റെയില്‍വേസ്റ്റേഷന് സമീപത്തുവെച്ച് ടൂറിസ്റ്റ് ബസ്സിടിച്ച് മരിച്ച തിരുവനന്തപുരം ശ്രീകാര്യം ജി.എല്‍. സദനത്തില്‍ ടൈറ്റസിന്റെ (62) അടിവസ്ത്രത്തില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്.

ടൈറ്റസ്സിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി ചേര്‍ത്തല താലൂക്ക് ആസ്​പത്രിയിലെത്തിച്ചത്. നാലരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മാറ്റി പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു.

പഴയ വസ്ത്രങ്ങള്‍ കത്തിച്ചുകളയുന്നതിനായി എടുത്തപ്പോഴാണ് അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ എന്തോകിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പോക്കറ്റ് പരിശോധിച്ചപ്പോള്‍ 500രൂപയുടെ 41നോട്ടുകള്‍ ലഭിച്ചു. ഉടന്‍ തന്നെ ഇവര്‍ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തോമസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെയും ടൈറ്റസിന്റെ ബന്ധുവിന്റെയും സാന്നിധ്യത്തില്‍ പോലീസിന് കൈമാറുകയും ചെയ്തു.

 

 




MathrubhumiMatrimonial