
നിന്ന് കത്തുന്ന ഓര്‍മകള്‍
Posted on: 13 May 2009
ഗീഥ
ശ്രീലങ്കയുടെ മണ്ണ് ഒരുവട്ടം കൂടി കലുഷിതമാവുകയാണ്. സമസ്തവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന മനുഷ്യര്‍. കൂട്ടക്കുരുതികള്‍. നിലവിളികളുടെ ദ്വീപായി ശ്രീലങ്ക മാറുകയാണ്. ലങ്കന്‍ പ്രശ്‌നം സംബന്ധിച്ച് 'Burning Memories' എന്ന ഡോക്യുമെന്ററി നിര്‍മിച്ച പ്രശസ്ത സംവിധായകന്‍ സോമീധരന്‍ ശ്രീലങ്കയുടെ വര്‍ത്തമാനങ്ങള്‍ പറയുന്നു. പുറംലോകം അധികമൊന്നുമറിയാത്ത യാഥാര്‍ഥ്യങ്ങളിലൂടെയാണ് സോമീധരന്‍ സഞ്ചരിക്കുന്നത്. ശ്രീലങ്കയുടെ ചരിത്രവും തമിഴ് ജീവിതത്തിന്റെ അരക്ഷിതത്വവും ശ്രീലങ്കന്‍ സാമൂഹികതയുടെ സവിശേഷതകളും ഈ വര്‍ത്തമാനത്തില്‍ നിറയുന്നു.

ബ്രിട്ടീഷുകാരാണ് ആധുനിക ശ്രീലങ്കയുടെ സ്രഷ്ടാക്കള്‍. വ്യത്യസ്ത രാജ്യങ്ങളും ഭരണകേന്ദ്രങ്ങളുമായി കിടന്നിരുന്ന ശ്രീലങ്കയെ ഒരൊറ്റ ഭരണസംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നത് അവരാണ്. 1820-നും 1933-നുമിടയില്‍ ധാരാളം തമിഴരെയും മലയാളികളെയും തോട്ടം മേഖലയിലെ തൊഴിലുകള്‍ക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുവന്നിരുന്നു. ഭൂരിപക്ഷവും ദളിത് വംശജരായിരുന്ന ഇവരെ അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്.
നൂറുവര്‍ഷങ്ങള്‍ക്കുശേഷം 1915-ലാണ് ശ്രീലങ്കയില്‍ ആദ്യ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഇത് മുസ്‌ലിങ്ങള്‍ക്കെതിരെയായിരുന്നു. സിംഹളര്‍ മുസ്‌ലിങ്ങളെ ആക്രമിച്ചു.
അക്കാലത്ത് ശ്രീലങ്കന്‍ തമിഴ്‌വംശജരുടെ അവസ്ഥ ഭേദപ്പെട്ടതായിരുന്നു. സമ്പന്നരായിരുന്നു ഇവര്‍. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും സമൂഹത്തിലും ഭരണരംഗത്തും നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസമുള്ളവര്‍ക്ക് സമ്മതിദാനാവകാശമുണ്ടായിരുന്നു. മൊത്തം സമ്മതിദായകരില്‍ മൂന്നില്‍ രണ്ടുഭാഗവും ശ്രീലങ്കന്‍ വംശജരായ തമിഴരായിരുന്നു. തമിഴ്‌നാട്ടിലുള്ളതുപോലെ ജാതീയത ഇവര്‍ക്കിടയിലും നിലനിന്നിരുന്നു. ബ്രാഹ്മണര്‍ ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷവും ക്ഷേത്രപൂജാരികള്‍. തമിഴ്‌നാട്ടിലെ പിള്ളമാരെപ്പോലെ ശൈവവെള്ളാള വിഭാഗത്തില്‍പ്പെട്ടവരാണ് ഭൂവുടമകളിലെ ഭൂരിപക്ഷവും. അവര്‍ വിദ്യാസമ്പന്നരും സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനംചെലുത്തുന്നവരുമായിരുന്നു.
പക്ഷേ, വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ ഇതായിരുന്നില്ല സ്ഥിതി. ഭൂരിഭാഗവും ദളിത് വംശജരായിരുന്ന അവര്‍ തുണ്ടുഭൂമികളില്‍ നരകയാതന അനുഭവിച്ചു ജീവിച്ചു. തുടക്കത്തില്‍ ശ്രീലങ്കന്‍ വംശജരായ സിംഹളരും തമിഴരും തമ്മില്‍ നല്ല സാമൂഹിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ വംശജരായ തമിഴരെയും മലയാളികളെയും അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്.
1915-ല്‍ മുസ്‌ലിങ്ങള്‍ക്കെതിരായി നടന്ന കലാപകാലത്ത് ഒരുപക്ഷേ, ശ്രീലങ്കയുടെ ചരിത്രംതന്നെ മാറ്റിക്കുറിച്ച ഒരു തെറ്റാണ് ശ്രീലങ്കന്‍ വംശജരായ തമിഴര്‍ കാണിച്ചത്. തങ്ങള്‍ ഏകോദരസോദരരെന്ന നിലയില്‍ സിംഹളര്‍ എപ്പോഴെങ്കിലും തങ്ങള്‍ക്കെതിരെ തിരിയുമെന്ന് അവര്‍ വിചാരിച്ചതേ ഇല്ല. തങ്ങളും ഭരണവര്‍ഗമാണെന്നും സിംഹളര്‍ക്ക് തങ്ങളുടെ സഹായമില്ലാതെ നിലനില്‍ക്കാനാവില്ലെന്നും അവര്‍ കരുതി. ശ്രീലങ്കന്‍ തമിഴ് വംശജനായ പൊന്നമ്പലം രാമനാഥന്‍ എന്ന വക്കീലാണ് കലാപശേഷം സിംഹളര്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ ബ്രിട്ടനില്‍ പോയത് എന്നറിയുമ്പോള്‍ അവര്‍ സാമൂഹികമായും രാഷ്ട്രീയമായും എത്രമാത്രം ഇഴുകിച്ചേര്‍ന്നിരുന്നു എന്ന് ഊഹിക്കാന്‍ കഴിയും. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ സൗഹൃദവും സഹവര്‍ത്തിത്വവും നശിക്കുന്ന കാഴ്ചയാണ് കണ്ടത്.
ബ്രിട്ടീഷുകാരുടെ ഭരണപരമായ നടപടികള്‍ (Divide and Rule) ഈ വിഭജനത്തിന് പരോക്ഷമായ സഹായങ്ങള്‍ നല്‍കിയെന്നു പറയേണ്ടിവരും. ശ്രീലങ്കയില്‍ പിന്നീട് പല ഭരണഘടനകള്‍ ഉണ്ടായി. 1931-47 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ നിലനിന്നിരുന്ന ഭരണഘടന ഡോണ്ടോമോര്‍ കമ്മീഷന്റെ സൃഷ്ടിയായിരുന്നു.
ഭൂരിപക്ഷ ജനതയായ സിംഹളര്‍ക്ക് വേണ്ടിയുള്ള ഭരണഘടനകളാണ് ഇക്കാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ ആലോചിച്ചുറപ്പിച്ചു കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്തത്. 1939-ല്‍ ആദ്യത്തെ സിംഹള-തമിഴ് കലാപം നടന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്ന പൊതുനിലപാടിന്റെ ഭാഗമായി ശ്രീലങ്കയ്ക്കും സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിനായി ബ്രിട്ടീഷ് രാജവംശത്തിന്റെ പ്രതിനിധിയായി സോള്‍ബറി പ്രഭു 1946-ല്‍ ശ്രീലങ്കയില്‍ വരികയും രാജ്യത്തുടനീളം സഞ്ചരിക്കുകയും അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്തു. കൂട്ടത്തില്‍ ജാഫ്‌ന, ബാറ്റിക്കലോവ, ഖണ്ടി തുടങ്ങിയ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലും അദ്ദേഹം പോയി. എന്നാല്‍ അന്നത്തെ തമിഴ് പ്രതിനിധികള്‍ കൊളംബോയിലെ ഉന്നത വര്‍ഗത്തില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളായിരുന്നു. ബാറ്റിക്കലോവയിലും ജാഫ്‌നയിലും ഉണ്ടായിരുന്ന നിരവധി യുവജന പ്രസ്ഥാനങ്ങള്‍, ജാതീയവും വര്‍ഗപരവുമായ ഒരുപാട് വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന ശ്രീലങ്കപോലുള്ള ഒരു സമൂഹത്തിന് ഫെഡറല്‍ ഭരണസംവിധാനമാണ് വേണ്ടത് എന്ന അഭിപ്രായമാണ് സോള്‍ബറിക്ക് മുന്‍പില്‍ വെച്ചത്. ഖണ്ടിയിലെ ചില സിംഹള വിഭാഗങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. സിംഹളര്‍ക്കിടയിലും ജാതിയുണ്ട്. കരാവ സിംഹളരും ഉന്നത ജാതിക്കാരായ പടിഞ്ഞാറന്‍ സിംഹളരും. കരാവാ സിംഹളര്‍ തെക്കന്‍ പ്രദേശത്തുകാരും മത്സ്യത്തൊഴിലാളി മേഖലയിലെ ദരിദ്രരുമാണ്. തീരദേശത്തുള്ള ഇവര്‍ക്ക് മുഖ്യധാരയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാറില്ല. കൊളംബോയിലെ തമിഴ് നേതാക്കള്‍ 50:50 അധികാര പങ്കാളിത്തം ആവശ്യപ്പെട്ടു. 50 ശതമാനം എന്നത് തമിഴര്‍ മാത്രമല്ല, മറ്റ് ന്യൂനപക്ഷങ്ങളും മുസ്‌ലിങ്ങളും തോട്ടം തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ടതായിരുന്നു. സിംഹളര്‍ ഇതിനെതിരായിരുന്നു. കാരണം ജനസംഖ്യയിലെ 64 ശതമാനവും അവരായിരുന്നു.
വെസ്റ്റ് മിനിസ്റ്റര്‍ രീതിയിലുള്ള ഭരണഘടനയ്ക്കാണ് സോള്‍ബറി രൂപം നല്‍കിയത്. അതിലെ 29-ാം ഭേദഗതി മാത്രമാണ് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് പറയുന്നത്. മറ്റെല്ലാം ഭൂരിപക്ഷത്തിന്റെ അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു. സോള്‍ബറി സമര്‍പ്പിച്ച ഈ ഭരണഘടന ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കുകയും 1948 ഫിബ്രവരി 4-ന് സിലോണിന് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. (''സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് സമ്മതിദാനാവകാശമുള്ള ജനതയുടെ 33 ശതമാനം തമിഴ് വംശജരായിരുന്നു. എന്നാല്‍ തോട്ടം തൊഴിലാളികളായ തമിഴ് ജനതയുടെ വോട്ടവകാശം എടുത്തുകളഞ്ഞതോടെ ഇത് 20 ശതമാനമായി കുറഞ്ഞു. അങ്ങനെ സിംഹളവംശജര്‍ക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായി. തങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സിംഹളവംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഈ പാര്‍ലമെന്റ് തീരുമാനങ്ങളെടുക്കുന്നത് കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ ന്യൂനപക്ഷമായ തമിഴ് വംശജര്‍ക്ക് കഴിഞ്ഞുള്ളൂ''- ശ്രീലങ്കയിലെ വംശീയ സംഘര്‍ഷങ്ങള്‍- വര്‍ജീനിയാ ലീറി).
സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തില്‍ തന്നെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പൗരത്വനിയമം (The Ceylon Citizenship Act) നടപ്പിലാക്കുകവഴി തമിഴ് വംശജര്‍ക്കെതിരെയുള്ള പരോക്ഷ ആക്രമണം ആരംഭിച്ചു. ഇതുവഴി 16 ലക്ഷത്തിലേറെ വരുന്ന തമിഴ്‌വംശജരായ തോട്ടം തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ പൗരത്വം നഷ്ടപ്പെട്ടു. ഒന്നാം പാര്‍ലമെന്റിലെ മൊത്തമുള്ള 95 സീറ്റുകളില്‍ തമിഴ്‌വംശജര്‍ക്ക് 19 സീറ്റുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 10 സീറ്റുകള്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ഒന്‍പത് എണ്ണം തോട്ടം തൊഴിലാളി മേഖലയില്‍ നിന്നുമായിരുന്നു. പൗരത്വ നിയമത്തിനുശേഷം ഇത് ഒന്നായി കുറഞ്ഞു. ശ്രീലങ്ക നേടിരുന്ന പ്രശ്‌നങ്ങളുടെ തുടക്കം ഇവിടെനിന്നായിരുന്നു.
ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് (എ.സി.ടി.സി) ആണ് ശ്രീലങ്കയിലെ ആദ്യത്തെ പഴയ തമിഴ് രാഷ്ട്രീയകക്ഷി. 1944-ല്‍ ജി.ജി. പൊന്നമ്പലമാണ് എ.സി.ടി.സി സ്ഥാപിച്ചത്. എ.സി.ടി.സി സിംഹള വംശജരുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായി സഹകരിക്കുന്ന കാരണത്താല്‍ എസ്.ജെ.വി. ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം 1949-ല്‍ ഫെഡറല്‍ പാര്‍ട്ടി രൂപവത്കരിച്ചു. തമിഴ് രാഷ്ട്രപിതാവായാണ് ശെല്‍വനായകം കണക്കാക്കപ്പെടുന്നത് (തന്തൈശെല്‍വം). 1956-ലെ തിരഞ്ഞെടുപ്പില്‍ ഫെഡറല്‍ പാര്‍ട്ടിക്ക് തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി. പുതിയ പ്രധാനമന്ത്രി സോളമന്‍ ബണ്ഡാരനായകെ 1956-ല്‍ സിംഹള നിയമം (The Simhala Only Act, 1956) പാസ്സാക്കി. ഇതുവഴി ഔദ്യോഗിക ഭാഷ സ്ഥാനത്തുനിന്ന് തമിഴ് നീക്കം ചെയ്യപ്പെടുകയും സിംഹളം സ്ഥാനംപിടിക്കുകയും ചെയ്തു. കോടതിഭാഷ സിംഹളമാക്കി. തമിഴ് അധ്യയന മാധ്യമമായിട്ടുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടി. പില്ക്കാല ഭരണാധികാരികളായിരുന്ന സിരിമാവോ ബണ്ഡാരനായകെയുടെ ഭര്‍ത്താവും ചന്ദ്രിക കുമാരതുംഗെയുടെ പിതാവുമായിരുന്നു സോളമന്‍ ബണ്ഡാരനായകെ. അദ്ദേഹമാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് സിംഹള ബുദ്ധ ദേശീയത കൊണ്ടുവരുന്നത്. ബുദ്ധസന്ന്യാസികള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതും ബണ്ഡാരനായകയുടെ പ്രചോദനത്താലാണ്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലുള്ള മേല്‍ക്കൈ അവസാനിപ്പിക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം.
സ്വതന്ത്ര ശ്രീലങ്കയിലെ ആദ്യത്തെ പട്ടാള മേധാവി ഒരു തമിഴ് വംശജനായിരുന്നു- മേജര്‍ ജനറല്‍ ആന്റണ്‍ എം. മുത്തുകുമാരന്‍. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും തമിഴ് വംശജരായിരുന്നു. സിംഹള ഭാഷ ദേശീയ ഭാഷയാക്കിയതോടെ എല്ലാ തമിഴ് വംശജരായ ഉദ്യോഗസ്ഥരും സിംഹളഭാഷ പഠിക്കണമെന്നു വന്നു. ഇതില്‍ പ്രതിഷേധിച്ച് അവരില്‍ കുറേയധികം പേര്‍ ജോലി രാജിവെച്ചു. സിംഹള ഭാഷ വഴങ്ങാത്ത കുറേപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മൊത്തം തമിഴ് വംശജരായ ജീവനക്കാരില്‍ 70 ശതമാനത്തോളം പേരും അങ്ങനെ പുറത്തായി.
ഇന്ന് ശ്രീലങ്കന്‍ സേനയില്‍ ഒരു തമിഴ് വംശജന്‍പോലുമില്ല. പൊലീസ് സേനയില്‍ ഒരു ശതമാനം മാത്രമാണ് തമിഴ് വംശജര്‍. തമിഴ് മേഖലകളിലെല്ലാം സിംഹള വംശജരുള്‍പ്പെട്ട പൊലീസ് സേനയാണുള്ളത്. സിംഹള ഭാഷാനിയമം പാര്‍ലമെന്റില്‍ പാസ്സായ ദിവസങ്ങളില്‍ തമിഴ് വംശജര്‍ പാര്‍ലമെന്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തി. അവിടെവെച്ച് സിംഹള പൊലീസും പട്ടാളവും സത്യാഗ്രഹികളെ ആക്രമിച്ചു. ഗാന്ധിമാര്‍ഗത്തിലുള്ള സമരത്തെ അടിച്ചമര്‍ത്തി. നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരിക്കേറ്റു. ബണ്ഡാരനായകെ വെറും കാഴ്ചക്കാരനായിരുന്നു. 1958- ല്‍ തമിഴ് വംശജര്‍ക്കെതിരായി വലിയൊരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഇത്തരത്തിലുള്ള ആദ്യത്തേത്. കടകള്‍ കത്തിച്ചു.തമിഴരെ കൊന്നൊടുക്കി. കൊളംബോയില്‍ നിന്നും തമിഴര്‍ കുടിയിറക്കപ്പെട്ടു. കൊടും മര്‍ദനങ്ങള്‍ക്ക് വിധേയരായി. സിംഹള സര്‍ക്കാര്‍ പറഞ്ഞത് 'കൊളംബോയില്‍ നിങ്ങള്‍- തമിഴ് വംശജര്‍- സിംഹളരുമായി പ്രശ്‌നങ്ങള്‍ നേരിടുന്നു. നിങ്ങള്‍ ജാഫ്‌നയിലേക്ക്- തമിഴ്

സൈനികപരമായി ശ്രീലങ്കയുടെ തന്ത്രപ്രധാന സ്ഥാനം ഇന്ത്യയുടെ തീരുമാനങ്ങളെ സ്വാധീനിച്ചു. 1972- ല്‍ ശ്രീലങ്കയില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. സിരിമാവോ ബണ്ഡാരനായകയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ വിജയംകൂടിയായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വരുതിയില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. ശ്രീലങ്കയുടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അന്ത്യംകുറിച്ച സംഭവമായിരുന്നു അത്. പീറ്റര്‍ കെനിമാന്‍, ഡോ. കോളിന്‍ ആര്‍ഡിസില്‍വ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ സിരിമാവോ ബണ്ഡാരനായകയുടെ മന്ത്രിസഭയില്‍ അംഗങ്ങളായി. 'ഒന്നുകില്‍ ഒരുഭാഷ രണ്ടു രാജ്യം. അല്ലെങ്കില്‍ രണ്ടുഭാഷ ഒരു രാജ്യം' എന്ന തികച്ചും യുക്തിസഹജമായ വാദം 1956- ല്‍ ഉന്നയിച്ച ഡോ. കോളിന്‍ ആര്‍. ഡിസില്‍വയാണ് 1972- ല്‍ ബണ്ഡാരനായകയുടെ പാവയായി മന്ത്രിസഭയില്‍ പങ്കാളിയാവുന്നതും ഈ റിപ്പബ്ലിക്കന്‍ ഭരണഘടന രൂപവത്കരിക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നതും. ഈ ഭരണഘടന പ്രകാരമാണ് രാജ്യത്തിന്റെ പേര് സിലോണില്‍ നിന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്കയാവുന്നത്. ഈ ഭരണഘടന നിലവില്‍ വന്നതോടെ സോള്‍ബറിയുടെ ഭരണഘടന അപ്രസക്തമാവുകയും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിച്ചിരുന്ന ചട്ടം 29, ഉപചട്ടം 4 എന്നിവ അസാധുവാകുകയും ചെയ്തു.
സിരിമാവോ ബണ്ഡാരനായകെയുടെ കാലത്താണ് തമിഴ് വംശജര്‍ സായുധകലാപം ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍പോലും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ പെരുമാറാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു. പുതിയ ഭരണഘടന എല്ലാം നശിപ്പിച്ചു. തമിഴ് വിരുദ്ധമായിരുന്നു അത്. പേരുമാറ്റത്തില്‍പോലും ഈ തമിഴ് വിരുദ്ധത ഉണ്ട്. തമിഴില്‍ ഇലങ്കയും ഇംഗ്ലീഷില്‍ സിലോണുമായിരുന്ന രാജ്യം ശ്രീലങ്കയായി. അത് സിഹളം. എല്ലാം സിംഹളര്‍ക്കുവേണ്ടി. തമിഴരുടെ പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ പ്രതിഷേധ രംഗത്തിറങ്ങി. നീണ്ട മാര്‍ച്ചുകളും പദയാത്രകളും, ജാഫ്‌നയില്‍ നിന്ന് കൊളംബോയിലേക്ക്, ബാറ്റിക്കലോവയില്‍ നിന്ന് കൊളംബോയിലേക്ക്, സമ്മേളനങ്ങള്‍, സത്യഗ്രഹങ്ങള്‍- നീണ്ട സത്യഗ്രഹങ്ങള്‍. 40, 50 ദിവസങ്ങള്‍ നീണ്ട സത്യഗ്രഹങ്ങള്‍. സിരിമാവോ ബണ്ഡാരനായകെ തിരിഞ്ഞുനോക്കിയില്ല. പിന്നീട് വിദ്യാഭ്യാസത്തിന്റെ ീറമൃലമിലഹീമറഹ്ൃ. ഇതനുസരിച്ച് ഉന്നത വിദ്യഭ്യാസ മേഖലയില്‍ സിംഹള വംശീയ മേല്‍ക്കോയ്മയ്ക്കും ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കും വഴിയൊരുക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളില്‍ ജാതി/ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കുന്നതിന് പകരം വംശീയമായ സംവരണങ്ങളാണ് (സിംഹള വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ശതമാനം മാര്‍ക്ക്, സിംഹള മേഖലയിലുള്ളവര്‍ക്ക് സംവരണം തുടങ്ങിയവ) ഭരണകൂടം ഏര്‍പ്പെടുത്തിയത്. തമിഴ് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായി വന്നു. ശ്രീലങ്കയില്‍ വിദ്യാഭ്യാസം മുഴുവനായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.
1974-ല്‍ മറ്റൊരു സംഭവം നടന്നു. നാലാമത് അന്താരാഷ്ട്ര തമിഴ് കോണ്‍ഫറന്‍സ് ജനവരിയില്‍ ശ്രീലങ്കയില്‍വെച്ച് നടന്നു. കോണ്‍ഫറന്‍സിനിടയില്‍ ശ്രീലങ്കന്‍ പൊലീസ് ആക്രമണം അഴിച്ചുവിട്ടു. ഒമ്പത് തമിഴ് വംശജര്‍ കൊല്ലപ്പെട്ടു. വസ്തുവകകള്‍ക്കും സ്വത്തിനും നാശനഷ്ടമുണ്ടായി. അമ്പതോളം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ഈ കാലഘട്ടത്തില്‍ യുവാക്കളുടെ, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ ഇടയില്‍ സാമ്പ്രദായിക സമരമുറകളായ സത്യഗ്രഹം, പ്രകടനം, മെമ്മോറാണ്ടം തുടങ്ങിയവയോട് വിമുഖത വളര്‍ന്നു തുടങ്ങിയിരുന്നു. സായുധ പോരാട്ടം എന്ന ആശയത്തിന് കൂടുതല്‍ക്കൂടുതല്‍ജനസമ്മതി വന്നു തുടങ്ങിയിരുന്നു. 1972 മെയ് നാലിന് ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ്സും മറ്റ് ചില തമിഴ് രാഷ്ട്രീയ ഗ്രൂപ്പുകളും ലയിച്ച് തമിഴ് ലിബറേറ്റഡ് ഫ്രെന്‍ഡ് (TLF) രൂപവത്കരിച്ചു. സായുധ കലാപങ്ങളോടു വൈമുഖ്യം പുലര്‍ത്തുകയും ഫെഡറല്‍ സംവിധാനത്തിന് വേണ്ടി വാദിക്കുകയും ഗാന്ധിയന്‍ സമരമുറകളില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന എസ്.ജെ.വി. സെല്‍വനായകത്തിന്റെ ഫെഡറല്‍ പാര്‍ട്ടി 1976-ല്‍ ടി.എല്‍.എഫിനൊപ്പം ചേര്‍ന്ന് തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രെന്‍ഡ് (TULF) രൂപംകൊണ്ടു. ഇവരാണ് പിന്നീട് വടുക്കോട്ടയില്‍വെച്ച് 'സ്വതന്ത്ര തമിഴ് രാജ്യം' (Free, Sovereign, Secular, Socialist, State of Tamil Eeelam) എന്ന പ്രമേയം അവതരിപ്പിച്ചത്: എന്നാല്‍ യുവാക്കളുടെ ഇടയില്‍ സായുധ കലാപം ലക്ഷ്യംവെച്ച് അഞ്ചും പത്തും പേര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഗ്രൂപ്പുകള്‍ ഒരുപാടുണ്ടായിരുന്നു. ഇക്കാലത്താണ് എല്‍.ടി.ടി.യുടെ പ്രാഗ്‌രൂപമായ ടി.എന്‍.ടി (തമിഴ് ന്യൂ ടൈഗേര്‍സ്) രൂപവത്കരിക്കപ്പെടുന്നത്. തമിഴ് വംശജരുമായി സര്‍ക്കാര്‍ പല ഉടമ്പടികളിലും ഏര്‍പ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ല.
1975-ല്‍ അന്നത്തെ ജാഫ്‌ന മേയര്‍ ആല്‍ഫ്രെഡ് ദൊരയപ്പയെ വധിച്ചുകൊണ്ടാണ് പ്രഭാകരന്‍ തന്റെ പോരാട്ടം തുടങ്ങുന്നത്. ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. പൊന്നുതുറൈ ശിവകുമാരന്‍ (1950-1974) സായുധ പോരാട്ടത്തിന്റെ ആദ്യ രക്തസാക്ഷി. ശ്രീലങ്കന്‍ പൊലീസ് വളഞ്ഞുപിടിച്ചപ്പോള്‍ സയനൈഡ് വിഴുങ്ങി ആത്മഹത്യ ചെയ്തു. ശിവകുമാരന്റെ മരണം തമിഴ് വംശജരെ വൈകാരികമായി ഇളക്കിമറിച്ചു. പത്തിലേറെ സായുധ പോരാളി സംഘങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയിലുണ്ടായിരുന്നു. ആകെ 400, 500 പേര്‍ മാത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ നടന്ന സായുധകലാപങ്ങള്‍ക്ക് സമാനമായ ആക്രമണങ്ങളാണ് നടന്നത്. പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുക തുടങ്ങിയവ.
പതിനാറാമത്തെ വയസ്സിലാണ് പ്രഭാകരന്‍ സായുധപോരാട്ട സംഘത്തില്‍ അംഗമാവുന്നത്. കൗമാരപ്രായക്കാരനായ കുട്ടി. ആയുധങ്ങളില്‍ വിശ്വസിച്ചിരുന്ന ഊര്‍ജസ്വലനായ ബാലന്‍. 1978-ല്‍ ജെ. ജയവര്‍ദ്ധനെ (ജൂലിയറ്റ് റിച്ചാര്‍ഡ് ജയവര്‍ദ്ധനെ) പ്രധാനമന്ത്രിയായി. ക്രിസ്തുമതത്തില്‍ നിന്ന് ബുദ്ധമതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹവും. ഒരു മാസത്തിനുള്ളില്‍ വലിയൊരു കലാപം. 1958-ല്‍ നടന്നതിനേക്കാള്‍ ഭീകരമായിരുന്നു അത്. ജാഫ്‌നയിലെ ഒരു സ്‌കൂളില്‍ ആഘോഷപരിപാടികള്‍ക്കിടയിലേക്ക് സിംഹള പൊലീസ് കടന്നുവന്നത് തടയപ്പെട്ടു. കൊളംബോയില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 50,000ത്തിലേറെ പേര്‍ അഭയാര്‍ഥികളായി. കൊളംബോയില്‍ നിന്ന് ബാക്കിയുള്ള തമിഴ് വംശജരെക്കൂടി ജാഫ്‌നയിലേക്ക് നാടുകടത്തി. ഇത് രണ്ടാംതവണ. മുന്‍ ശ്രീലങ്കന്‍ പോരാളിയായിരുന്ന അരുള്‍ പ്രകാശം 1978-ലെ കലാപത്തെക്കുറിച്ച് ഒരു കഥയെഴുതിയിട്ടുണ്ട്- 'ലങ്കാ റാണീ ഷിപ്പ്'. കൊളംബോയില്‍ നിന്ന് ജാഫ്‌നയിലേക്ക് തമിഴരെ നാടുകടത്തിയത് ലങ്കാറാണി എന്ന കപ്പലിലാണ്. (അരുള്‍ പ്രകാശത്തിന്റെ മകള്‍ മാതംഗി മായ അരുള്‍ പ്രകാശം (MIA) അമേരിക്കയിലെ പ്രസിദ്ധയായ പോപ്പ് ഗായികയാണ്. സ്ലം ഡോഗ് മില്ല്യനയറില്‍ അവരുടെ ഗാനങ്ങള്‍ ഉണ്ട്. ഈയിടെ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലയെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചിരുന്നു). 1978- ല്‍ നടത്തിയ ഭരണഘടനാ പരിഷ്‌കാരംവഴിയാണ് ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി നടപ്പില്‍ വന്നത്- എക്‌സിക്യൂട്ടീവ് പ്രസിഡന്റ്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി പ്രസിഡന്റിന്റെ സര്‍വാധിപത്യം. 1977 ലെ തിരഞ്ഞെടുപ്പില്‍ TULF തമിഴ് രാജ്യത്തിനുവേണ്ടി പ്രചാരണം നടത്തുകയും തമിഴ് രാജ്യത്തിന്റെ പേരില്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വടക്ക് കിഴക്കന്‍ ശ്രീലങ്കയില്‍ അവര്‍ക്ക് 19 സീറ്റുകിട്ടി. പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. ആദ്യമായും അവസാനമായും ഒരു തമിഴ് വംശജന്‍- അപ്പുപ്പിളൈ അമൃതലിംഗം പ്രതിപക്ഷ നേതാവായി. സിരിമാവോ ബണ്ഡാരനായകെയുടെ പാര്‍ട്ടി, ചിത്രത്തിലേ ഇല്ലായിരുന്നു. 8 സീറ്റുകള്‍ മാത്രം. 1981-ല്‍ അമൃതലിംഗത്തെ എല്‍.ടി.ടി.ഇ വധിച്ചു. ഈ കാലത്താണ് വടക്കന്‍ മേഖലയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് സിംഹളരെ കുടിയിരുത്താന്‍ തുടങ്ങിയത്. വടക്ക്കിഴക്കന്‍ മേഖലയിലെ തമിഴ് ഭൂരിപക്ഷത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കുകയാണ് ഉദ്ദേശ്യം. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമായി തമിഴ് ഭൂരിപക്ഷപ്രദേശങ്ങളിലേക്ക് ധാരാളം സിംഹള കുടുംബങ്ങള്‍ കുടിയേറി. ഇക്കാരണത്താല്‍ തമിഴ് പ്രദേശങ്ങളില്‍ നിന്നുപോലും തമിഴ് വംശജര്‍ പാര്‍ലമെന്റില്‍ എത്തില്ലെന്ന സ്ഥിതിയായി. തമിഴ്‌വംശജരെ സംബന്ധിച്ച് അടുത്ത ഏറ്റവും പ്രധാന സംഭവം/തകര്‍ച്ച സംഭവിക്കുന്നത് 1981 ലാണ്. തമിഴ് സംസ്‌കാരത്തിന്റെ പ്രതീകമായ ജാഫ്‌നാ പബ്ലിക് ലൈബ്രറി തീവെച്ചു നശിപ്പിക്കപ്പെട്ടു. ലൈബ്രറികള്‍ ശ്രീലങ്കയിലെ തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണ്. ലൈബ്രറി ഇല്ലാത്ത ഒരു ഗ്രാമംപോലും ശ്രീലങ്കയില്‍ നിങ്ങള്‍ക്ക് കാണാനാവില്ല. സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍ അങ്ങനെയങ്ങനെ, യുവാക്കളുടെ ആശയരൂപവത്കരണ കേന്ദ്രങ്ങള്‍ വിമോചനപ്പോരാട്ടങ്ങളെ ഈ ലൈബ്രറികള്‍ ഒരുപാട് സഹായിച്ചു. ജാഫ്‌നാ ലൈബ്രറി ശ്രീലങ്കന്‍ സേനയുടെ സഹായത്താല്‍ കത്തിക്കപ്പെട്ടത് വിമോചനപ്പോരാട്ടങ്ങള്‍ സംഘടിതമാവുന്നതിന് കാരണമായി. ഗാമിനി ദിസനായകെ, സിറില്‍ മാത്യു എന്നീ ശ്രീലങ്കന്‍ മന്ത്രിമാര്‍ തീവെപ്പില്‍ നേരിട്ടിടപെട്ടതായി പറയപ്പെടുന്നു. തമിഴ് വിമോചന പോരാളികള്‍ അന്താരാഷ്ട്രീയ ബന്ധങ്ങള്‍ രൂപവത്കരിക്കുന്നത് ഈ സംഭവത്തിന് ശേഷമാണ്. ലോകത്തെല്ലായിടത്തുനിന്നും അവര്‍ ആയുധങ്ങള്‍ സമ്പാദിച്ചു. 1983- ല്‍ ജാഫ്‌നയില്‍ വലിയൊരു തമിഴ് വിരുദ്ധ കലാപം നടന്നു.
പട്ടാളത്തെ ആക്രമിച്ച എല്‍.ടി.ടി.ഇ 13 പേരെ വധിച്ചു. തമിഴ് വംശജരെ എന്തുകൊണ്ട് ഇല്ലാതാക്കണം എന്ന് വിശദീകരിച്ചുകൊണ്ടുള്ള പുസ്തകം ഇതിനിടയില്‍ ശ്രീലങ്കന്‍ മന്ത്രിമാര്‍തന്നെ പുറത്തിറക്കി. സിംഹളരുടെ ഇടയില്‍ ബുദ്ധസന്ന്യാസികളുടെ ഇടയില്‍ ഒക്കെ ആ പുസ്തകം വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ജയവര്‍ധനെ അടക്കമുള്ള നേതാക്കന്മാരെല്ലാം ഉയര്‍ന്ന ജാതിക്കാരായിരുന്നു. പടിഞ്ഞാറന്‍ ശ്രീലങ്കയില്‍ നിന്നോ കൊളംബോയില്‍ നിന്നോ ഉള്ളവര്‍, കരാവോ സിംഹളരില്‍ നിന്നോ തെക്കന്‍ ശ്രീലങ്കയില്‍ നിന്നോ ഉള്ളവരാരുംതന്നെ നേതൃത്വത്തില്‍ എത്തിയിരുന്നില്ല. സിംഹള ദേശീയത എന്നൊരാശയം തെക്കന്‍ പ്രദേശത്ത് വ്യാപിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 1983- ല്‍ നാടെങ്ങും തമിഴര്‍ക്കെതിരെ വംശീയഹത്യ നടപ്പിലാക്കപ്പെട്ടു. മൂവായിരത്തിലേറെ തമിഴ് വംശജര്‍ കൊല്ലപ്പെട്ടു. കൊളംബോയില്‍ ഒരുപാട് മലയാളികളും തമിഴരും ഒക്കെ ഉണ്ടായിരുന്നു. കടകള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍ എല്ലാം അഗ്‌നനിക്കിരയായി. ഒരുപാട് ഇന്ത്യക്കാര്‍ക്ക് ഉള്ളതെല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നു. കുറെയധികം രാഷ്ട്രീയത്തടവുകാര്‍. 53 രാഷ്ട്രീയ തടവുകാരെ ജയിലിനുള്ളില്‍ വച്ച് കൊലപ്പെടുത്തി.

1985-ല്‍ ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ വെച്ച് ശ്രീലങ്കന്‍ സര്‍ക്കാറും എല്‍.ടി.ടി.ഇയും TULFഉം ഉള്‍പ്പെടെയുള്ള തമിഴ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി സമാധാന ചര്‍ച്ച നടന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തെ നയിച്ചത് പ്രസിഡന്റിന്റെ സഹോദരന്‍ ഹെക്ടര്‍ ജയവര്‍ധനെയായിരുന്നു. ജൂലായ് ആഗസ്ത് മാസങ്ങളിലായിരുന്നു ഇത്. ഒരുവശത്ത് സമാധാന ചര്‍ച്ച നടക്കുമ്പോള്‍ തന്നെ മറുവശത്ത് സര്‍ക്കാര്‍ സഹായത്തോടെ കലാപങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
തമിഴ് പ്രസ്ഥാനങ്ങള്‍ ചര്‍ച്ചയില്‍ നിന്നു പിന്‍വാങ്ങി. തമിഴ് വംശജരെ പ്രത്യേക വംശീയ വിഭാഗമായി അംഗീകരിക്കുക, തമിഴ് മാതൃരാജ്യം എന്ന സങ്കല്പം അംഗീകരിക്കുക തുടങ്ങി തമിഴ് പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വെച്ച ഒരു ആവശ്യവും അംഗീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ സായുധകലാപം രൂക്ഷമായി. ഇക്കാലയളവിലാണ് എല്‍.ടി.ടി.ഇ. മുന്‍നിരയിലേക്ക് വരുന്നതും ജനകീയ അടിത്തറ കെട്ടിപ്പടുക്കുന്നതും. ഐ.പി.കെ.എഫ്.ശ്രീലങ്കയില്‍ വരുമ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. അവര്‍ തമിഴ് വംശജര്‍ക്ക് സഹായമാകുമെന്ന് വിശ്വസിക്കപ്പെട്ടു. ആരതിയുഴിഞ്ഞാണ് ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയെ വരവേറ്റത്. ജയവര്‍ധനെ അവിടെയും തന്ത്രപരമായി കളിച്ചു. പിന്നെ നടന്നതെല്ലാം സമീപകാല ചരിത്രങ്ങളാണല്ലോ. അക്കാലത്ത് ഇന്ത്യന്‍ സേനയുടെ ആസ്പത്രിയില്‍ നിന്നും ഞാന്‍ ചികിത്സ തേടിയിട്ടുണ്ട്. ഞങ്ങള്‍ അഭയാര്‍ഥികളായിരുന്നു. എല്‍.ടി.ടി.ഇയും ഐ.പി.കെ.എഫ്.ഉം തമ്മിലുള്ള പോരാട്ടത്തില്‍ ഒരുപാട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. എല്ലാവരുടെയും തെറ്റുകള്‍ക്ക് ഞങ്ങള്‍ പിഴയൊടുക്കേണ്ടിവന്നു എന്നു തോന്നുന്നു. ഒരു ജിപ്‌സിയുടെ മനോഭാവമാണിന്നെനിക്ക്. ജാഫ്‌നയില്‍ വെച്ച് മൂന്ന് വീടുകളും ബാറ്റിക്കലോവില്‍ ഒരുവീടും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. പിന്നീട് കൊളംബൊയില്‍ നിന്ന് പഠനത്തിനായി ചെന്നൈയിലെത്തി. ഇപ്പോള്‍ ശ്രീലങ്കയിലേക്കൊരു മടങ്ങിപ്പോക്ക് അസാധ്യമാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ദുരന്തങ്ങളിലൂടെയും ദുരിതങ്ങളിലൂടെയുമാണ് തമിഴ് വംശജര്‍ കടന്നുപോയത്. സ്വതന്ത്രജനതയായി അവര്‍ ജീവിച്ചിട്ടേ ഇല്ല. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വംശീയഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. മരിക്കുന്നവര്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും പരിക്കേല്‍ക്കുന്നതും സാധാരണക്കാര്‍ക്കാണ്. 1981-ന് ശേഷം പത്ത് ലക്ഷത്തിലേറെ തമിഴ് വംശജരെ രാജ്യത്തു നിന്നും ഓടിച്ചു കഴിഞ്ഞു. ആട്ടിയോടിക്കയാണ്. ഇപ്പോള്‍ അവര്‍ കൊന്നൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു.
