goodnews head

സൂരജിന് പഠനത്തിനൊപ്പം ജീവിതത്തിലും എ പ്ലസ്‌

Posted on: 13 May 2009


കൊച്ചി: പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും സൂരജിന് എ പ്ലസിന്റെ തിളക്കമാണ്. വെളുപ്പിന് നാലു മണിക്ക് തുടങ്ങുന്ന പത്രവിതരണക്കാരന്റെ റോളിനും പിന്നെ ഇപ്പോള്‍ സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒന്നാം നമ്പര്‍ മാര്‍ക്കുകാരന്‍ എന്ന നേട്ടത്തിനുമെല്ലാം സൂരജിന്റെ മുടക്കുമുതല്‍ കഠിനാധ്വാനം തന്നെ.എളമക്കര ആലുങ്കല്‍ 'സുരഭി'യില്‍ എ.ആര്‍. സൂരജ് പഠനത്തില്‍ ഇതുവരെ ശരാശരിക്കാരന്‍ മാത്രമായിരുന്നു. പക്ഷേ കഠിനാധ്വാനത്തിന് മാര്‍ക്കിട്ടാല്‍ അത് എ പ്ലസിനും മുകളില്‍ പോകും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുന്ന ഏക വിദ്യാര്‍ഥിയാണ് സൂരജ്. എറണാകുളം എസ്.ആര്‍.വി. സ്‌കൂള്‍ വിദ്യാര്‍ഥിയായ സൂരജിന്റെ സ്വപ്നത്തില്‍പോലും ഇത്തരമൊരു ഭാഗ്യമുണ്ടായിരുന്നില്ല.

''ഞാന്‍ നന്നായി പഠിച്ചിരുന്നു. പക്ഷേ ഈ ഭാഗ്യം പ്രതീക്ഷിച്ചില്ല. എല്ലാം ദത്താത്രേയന്റെയും പേരണ്ടൂരമ്മയുടെയും അനുഗ്രഹം'' - എല്ലാ ക്രെഡിറ്റും ദൈവത്തിന്. ഒപ്പം അമ്മയുടെയും അച്ഛന്റെയും ക്ലാസ് അധ്യാപകന്‍ ഷിനിലാലിന്റെയുമെല്ലാം പ്രാര്‍ഥനയും അനുഗ്രഹവും തുണയായെന്നും സൂരജ്.എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സൂരജിന് 70 ശതമാനം മാര്‍ക്ക് മാത്രമാണുണ്ടായിരുന്നത്. വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെയും. പക്ഷേ രണ്ടാം വര്‍ഷമെത്തിയപ്പോള്‍ പഠനം കാര്യമായെടുത്തു.

''നല്ല കോളേജില്‍ ബി.കോമിന് കിട്ടണമെങ്കില്‍ നല്ല മാര്‍ക്ക് വേണമല്ലോ'' - കുത്തിയിരുന്ന് പഠിച്ചതിന്റെ കാരണം സൂരജ് തന്നെ വ്യക്തമാക്കുന്നു. പഠിപ്പിസ്റ്റ് മാത്രമായിരുന്നില്ല സൂരജ്. അവധി ദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കാറ്ററിങ് ജോലിക്ക് പോകും. ഇപ്പോള്‍ ദിവസവും വെളുപ്പിന് നാലുമണിക്ക് പത്രവിതരണത്തിന് പോകുന്നുണ്ട്. ബിസിനസ് ആണ് സൂരജിന്റെ തൊഴില്‍ മേഖല.

പഠനത്തിനൊപ്പം മൃദംഗവും ക്രിക്കറ്റും ബാഡ്മിന്റനുമെല്ലാമാണ് സൂരജിന്റെ ഇഷ്ട വിഷയങ്ങള്‍. ആലുവ ജി.ടി.എന്‍. ടെക്‌സ്റ്റൈല്‍സില്‍ നിന്നു വിരമിച്ച അച്ഛന്‍ എ.എസ്. രവീന്ദ്രന്‍ ഇപ്പോള്‍ ആലുവയില്‍ ഒരു ചെറിയ കട നടത്തുകയാണ്. അമ്മ: വിശാലാക്ഷി. ചേച്ചിമാരായ സേതുലക്ഷ്മിയും സുനിതയും വിവാഹിതരാണ്.

 

 




MathrubhumiMatrimonial