goodnews head

പരിഷ്‌കരിച്ച തെങ്ങുകയറ്റ യന്ത്രവുമായി അപ്പച്ചന്‍

Posted on: 21 Nov 2007


ശ്രീകണ്ഠപുരം: തെങ്ങുകയറ്റം സുഖകരമാക്കാന്‍ സഹായിക്കുന്ന സ്റ്റീല്‍കൊണ്ടുള്ള തെങ്ങുകയറ്റ യന്ത്രം വിപണിയിലെത്തി. തെങ്ങുകയറ്റ യന്ത്രം കണ്ടുപിടിച്ച ചെമ്പേരിയിലെ മുതുകുളത്തില്‍ കുഞ്ഞേട്ടന്റെ മകന്‍ അപ്പച്ചനാണ് സ്റ്റീല്‍കൊണ്ടുള്ള പുതിയ യന്ത്രം കണ്ടുപിടിച്ചത്. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പേറ്റന്റും ലഭിച്ചു.

നിലവില്‍ ഉള്ള യന്ത്രത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ തെങ്ങുകയറ്റം നടത്താന്‍ പുതിയ യന്ത്രം സഹായിക്കും. ഭാരക്കുറവും തേയ്മാനക്കുറവുമാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ മുഖേന ഇന്ത്യോനേഷ്യ, ഫിലിപ്പൈന്‍സ്, മാലിദ്വീപ്, ഫ്‌ളോറിഡ തുടങ്ങി ഒട്ടേറെ വിദേശ സ്ഥലങ്ങളിലേക്ക് പുതിയ യന്ത്രം കയറ്റുമതി ചെയ്തുതുടങ്ങിയിട്ടുണ്ട്. 4350 രൂപയാണ് യന്ത്രത്തിന്റെ വില. ഇരുമ്പുകൊണ്ടുള്ള, ആദ്യം കണ്ടുപിടിച്ച യന്ത്രത്തിന് 1450 രൂപയാണ്‌വില. ഈ യന്ത്രത്തിന്റെ ഉല്പാദനവും പുറഞ്ഞാണിലെ സെന്റ് മേരീസ് ഇന്‍ഡസ്ട്രീസില്‍ നടക്കുന്നുണ്ട്.

ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അപ്പച്ചന്‍ പിതാവ് കുഞ്ഞേട്ടനില്‍നിന്നാണ് കണ്ടുപിടിത്തങ്ങളുടെ സാങ്കേതിക വിദ്യ ആദ്യം പഠിച്ചത്. പിന്നീട് സെന്റ് മേരീസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു. അഞ്ഞൂറോളം പേര്‍ക്ക് അപ്പച്ചന്‍ തെങ്ങുകയറ്റത്തില്‍ പരിശീലനം നല്കിയിരുന്നു. അപ്പച്ചനും കുഞ്ഞേട്ടനും നിര്‍മ്മിക്കുന്ന തെങ്ങുകയറ്റ യന്ത്രത്തിന്റെ മാതൃകയില്‍ റെയ്ഡ്‌കോയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും യന്ത്രങ്ങള്‍ നിര്‍മ്മിച്ച് വില്പന നടത്തുവാന്‍ തുടങ്ങിയിരുന്നു. അപ്പച്ചന്‍ നല്കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി യന്ത്രം നിര്‍മ്മിക്കുന്നതും വില്പന നടത്തുന്നതും തടഞ്ഞുകൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. കോടതി ഉത്തരവ് അവഗണിച്ചും റെയ്ഡ്‌കോയും മറ്റും യന്ത്രം വില്ക്കുന്നതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അപ്പച്ചന്‍.

 

 




MathrubhumiMatrimonial