ലോകത്ത് മൂന്നിലൊന്ന് പേരെ പന്നിപ്പനി ബാധിച്ചേക്കാം-വിദഗ്ധര്‍

Posted on: 12 May 2009


പന്നിപ്പനി എന്ന 'എച്ച്1എന്‍1 പനി' ഉയര്‍ത്തുന്ന ഭീഷണി കരുതുന്നതിലും വലുതാണെന്നും, ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ രോഗം ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ആറ് മുതല്‍ ഒന്‍പത് മാസത്തിനിടെ ഇത് സംഭവിച്ചേക്കാമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഗവേഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, എത്രപേര്‍ പന്നിപ്പനി മൂലം മരിക്കുമെന്ന് കണക്കുകൂട്ടാന്‍ അവര്‍ തയ്യാറായിട്ടില്ല.

പന്നികളില്‍ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച ശേഷം മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് കരുതുന്ന പുതിയൊരു വൈറസ് വകഭേദമാണ് രോഗഹേതു. മനുഷ്യരിലേക്ക് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗത്തിന്, ഒരു മഹാമാരിയുടെ എല്ലാ നാശശേഷിയും കൈവന്നിട്ടുള്ളതായി 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ആദ്യം മെക്‌സിക്കോയില്‍ പ്രത്യക്ഷപ്പെട്ട പന്നിപ്പനി ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ലോകത്ത് പന്നിപ്പനി ബാധയെന്ന് സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ ഇതുവരെ 5251 ആണ്. 30 രാജ്യങ്ങളില്‍ രോഗം പകര്‍ന്നിട്ടുണ്ട്. 61 പേര്‍ രോഗം മൂലം മരിച്ചതായും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

മെക്‌സിക്കോയുടെ അനുഭവം അടിസ്ഥാനമാക്കിയാണ് പ്രൊഫ. നീല്‍ ഫെര്‍ഗുസന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തങ്ങളുടെ ആദ്യ വിശകലനം അനുസരിച്ച്, 1957-ല്‍ ലോകത്താകമാനം 20 ലക്ഷം പേരുടെ ജീവനപഹരിച്ച 'ഏഷ്യന്‍ ഫ്ല'വിന്റെയത്ര അപകടകാരിയാണ് എച്ച്1എന്‍1 വൈറസെന്ന് പ്രൊഫ. ഫെര്‍ഗുസന്‍ പറയുന്നു. എന്നാല്‍, 1918-19 കാലത്ത് ലോകത്ത് 500 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സ്​പാനിഷ് ഫ്ലവിന്റെയത്ര മാരകമല്ല പന്നിപ്പനിയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

'സീസണല്‍ഫ്ല' എന്ന് വിളിക്കുന്ന സാധാരണ പനി, എല്ലാ വര്‍ഷവും ലോകത്ത് പത്ത് ശതമാനം പേരെ ബാധിക്കാറുണ്ട്. ഇത്തരവണ പനി സീസണ്‍ ആകുന്നതേയുള്ളു. പതിവിലും മൂന്നുമടങ്ങ് മോശമായിരിക്കും ഇത്തവണത്തെ സീസണ്‍-പ്രൊഫ. ഫെര്‍ഗുസന്‍ അറിയക്കുന്നു. പന്നിപ്പനി ബാധിക്കുന്ന ഓരോ ആയിരം പേരിലും നാലുപേര്‍ വീതം മരിക്കാമെന്നാണ് അദ്ദേഹവും സംഘവും കണക്കുകൂട്ടുന്നത്. പന്നിപ്പനിക്കെതിരെ വാക്‌സിന്‍ നിര്‍മിക്കേണ്ടത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

-ജെ.എ

പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍






MathrubhumiMatrimonial