
ശ്രീകോവിലില്‍ നിന്ന് വൃക്ഷത്തൈകളുമായി
Posted on: 19 Nov 2013
ഇ.വി.ജയകൃഷ്ണന്‍

മന്ത്രോച്ചാരണങ്ങളാലും അനുഷ്ഠാനങ്ങളാലും ഈശ്വരചൈതന്യം വര്‍ധിപ്പിക്കുന്ന തന്ത്രിമാര്‍ ഇക്കുറി ഒത്തുകൂടിയത് പുതിയൊരു ദൗത്യം ഏറ്റെടുത്തുകൊണ്ടാണ്. പത്ത് പുത്രന്‍മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം എന്ന മഹത്തായ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് താന്ത്രികാചാര്യന്‍മാരുടെ തീരുമാനം.ഇതിന്റെ ഭാഗമായി അവര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും വിതരണം ചെയ്യുകയുമാണ്.
അഖിലകേരള തന്ത്രി സമാജമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ആദ്യഘട്ടത്തില്‍ കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുക. കഴിഞ്ഞ സപ്തംബറിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.കോഴിക്കോട് പയ്യോളിയിലെ വിളയാട്ടൂര്‍ ഗ്രാമമാണ് ഉദ്ഘാടന കേന്ദ്രമായി തിരഞ്ഞെടുത്തത്. ഇവിടെ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേത് മുതല്‍ കാസര്‍കോട് മധൂര്‍ ക്ഷേത്രത്തിലേത് വരെയുള്ള തന്ത്രിമാര്‍ സംഗമിച്ചു. ഗുരുവായൂര്‍, ചോറ്റാനിക്കര, തളിപ്പറമ്പ് രാജരാജേശ്വര എന്നീ മഹാക്ഷേത്രങ്ങളിലേത് ഉള്‍പ്പെടെയുള്ള 27 താന്ത്രികാചാര്യന്‍മാര്‍ ഈ മഹത്കര്‍മത്തില്‍ പങ്കാളികളായി.
13 ദിവസം നീണ്ട യജ്ഞമായിരുന്നു ഇവിടെ നടന്നത്. തന്ത്രിമാര്‍ ക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. പിന്നീട് പൂജിച്ച വൃക്ഷത്തൈകള്‍ നാട്ടുകാര്‍ക്ക് നല്‍കി. ലക്ഷം തൈകള്‍ ഇവിടെ വെച്ചു തന്നെ വിതരണം ചെയ്തുവെന്ന് പദ്ധതിയുടെ ചെയര്‍മാനും തന്ത്രി സമാജം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇ.പി.കുബേരന്‍ നമ്പൂതിരി പറഞ്ഞു. ഉദ്ഘാടനസമയത്തെ വിതരണത്തിന് ശേഷം കൊയിലാണ്ടി കുട്ടോത്ത് സത്യനാരായണക്ഷേത്രത്തിനടുത്ത് പതിനായിരം തൈകള്‍ ജനങ്ങള്‍ക്ക് കൈമാറി. ഒന്നാം ഘട്ട പദ്ധതിയിലെ അടുത്ത വൃക്ഷത്തൈ വിതരണകേന്ദ്രം കണ്ണൂര്‍ കക്കാട്ടാണ്. ഇവിടെ ഡിസംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ കെ.സുധാകരന്‍ എം.പി.,എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം കണ്ണൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലും പദ്ധതി നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍ തെക്കന്‍ ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
ജന്മനക്ഷത്രത്തിന് യോജിച്ച വൃക്ഷമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്. ഓരോരുത്തരും അവരവരുടെ ജന്മനക്ഷത്ര വൃക്ഷമെങ്കിലും നട്ട് സംരക്ഷിക്കണമെന്നും അതുവഴി എല്ലാ ഐശ്വര്യങ്ങളും കൈവരുമെന്നും പറഞ്ഞുകൊണ്ടാണ് തൈകള്‍ നല്‍കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാക്കുന്ന വിപത്തുകളെ നേരിടാന്‍ നമ്മുടെ ജൈവസമ്പത്ത് വര്‍ധിപ്പിക്കണമെന്ന തിരിച്ചറിവാണ് തന്ത്രിമാര്‍ നല്‍കുന്നത്.
വീടുകള്‍ പൊതുസ്ഥലങ്ങള്‍, ക്ഷേത്ര-പളളി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ഔഷധവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും തന്ത്രിവര്യന്മാര്‍ പറഞ്ഞുതരുന്നു. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന സ്ഥലത്ത് ശുദ്ധവായുവും ധാരാളം ജലശേഖരവും ഉറപ്പിക്കാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞാണ് വൃക്ഷത്തൈകള്‍ കൈമാറുന്നത്.
പരിസ്ഥിതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്താന്‍ ഭൂമിയില്‍ എല്ലാതരം ജന്തു-സസ്യലതാദികളും ആവശ്യമാണ്. ഓരോ മരവും ഓരോ ജന്തുവിന്റെ ആവാസകേന്ദ്രമോ ആശ്രയമോ ആണ്. ചില മരങ്ങളോടൊപ്പം ചില ജീവികളും ഈ ഭൂമുഖത്തുനിന്ന് തന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. വേദങ്ങളില്‍ പ്രകൃതിശക്തികളെയാണ് പ്രകീര്‍ത്തിക്കുന്നത്. രാജാവ് രാജ്യത്തിനുവേണ്ടി ചെയ്യുന്നസേവനങ്ങള്‍ തന്നെയാണ് ഒരുവൃക്ഷം ചെയ്യുന്നതെന്ന് യജുര്‍വേദത്തില്‍ പറയുന്നു.യജുര്‍വേദത്തിലെ ശാന്തി മന്ത്രത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ പൂര്‍ണ്ണദര്‍ശനം കാണാം. ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് വൃക്ഷങ്ങളും ശുദ്ധജലവും വായുവും ഭൂമിയും ഒരൊറ്റ ഘടകമായി നിലകൊളളണമെന്ന് വേദങ്ങള്‍ സൂചിപ്പിക്കുന്നു.
ഒരു ശലഭം പൂവിന്റെ ദളങ്ങളെ നോവിപ്പിക്കാതെ തേന്‍ നുകരുന്നതുപോലെ മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ പ്രകൃതിയില്‍ നിന്നും നിറവേറ്റണമെന്ന ബുദ്ധവാക്യമാണ് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതെന്നും താന്ത്രികാചാര്യന്മാര്‍ പറഞ്ഞ് തരുന്നു.
വൃക്ഷങ്ങളുടെ രാജാവാണ് അരയാല്‍. വൃക്ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പടര്‍ന്ന് പന്തലിക്കുന്നതും അരയാല്‍ തന്നെ. ഇടിമിന്നല്‍ മൂലം ഭൂമിയിലേക്ക് വരുന്ന വൈദ്യുത പ്രവാഹത്തെ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുളള കഴിവ്, അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുളള കഴിവ്, ഏറ്റവും അധികം ഓക്‌സിജന്‍ പുറത്തുവിടാനുളള കഴിവ് എന്നിവ നമ്മുടെ ദേശീയവൃക്ഷമായ അരയാലിനുണ്ടെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ എടുത്ത് പറയുന്നുമുണ്ട് തന്ത്രിമാര്‍.ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഭഗവത് ഗീതയിലെയും മറ്റും ശ്ലോകങ്ങള്‍ വിവരിച്ചാണ് വൃക്ഷങ്ങളുടെ പ്രാധാന്യത്തെ കാട്ടിക്കൊടുക്കുന്നത്. ഈശ്വരന്‍മാര്‍ തണലേകും.നാം നട്ടുപിടിപ്പിക്കേണ്ടത് ആ തണലിനെയാണ്-തന്ത്രിമാര്‍ പറയുന്നു.
