goodnews head

85 പ്രാണനുകള്‍; ഒരേയൊരു പ്രാര്‍ത്ഥന

Posted on: 10 Nov 2013

മധു തൃപ്പെരുന്തുറ



അനാഥക്കുഞ്ഞിന്റെ വിശപ്പാറ്റാന്‍ ഒരു കഷണം റൊട്ടി നീട്ടാത്ത ഒരു ദൈവത്തിലോ മതത്തിലോ എനിക്ക് വിശ്വാസമില്ല - സ്വാമി വിവേകാനന്ദന്‍

മലനിരകള്‍ക്കും മഹാസമുദ്രത്തിനും ഇടയിലായി നാക്കിലപോലെ നീളത്തില്‍ മുപ്പത്തിയെണ്ണായിരത്തി എണ്ണൂറ്റി അറുപത്തിമൂന്ന് ചതുരശ്ര
കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ഭ്രാന്താലയം. അവിടെ, പിറന്നുവീണ ചോരക്കുഞ്ഞിന്റെ കഴുത്തുഞെരിച്ച് കൊല്ലുന്ന അമ്മമാരുണ്ട്. പിഞ്ചോമനയെ കാമവെറിക്കിരയാക്കുന്ന നരാധമന്മാരുണ്ട്.

മാതാപിതാക്കളുടെ കൊടും പീഡനമേറ്റ് വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുന്ന ബാല്യങ്ങളുണ്ട്. എരിവെയിലത്ത് വയറിന്റെ കാളലകറ്റാന്‍ പിച്ചതെണ്ടുന്ന അനാഥക്കുഞ്ഞുങ്ങളെയും അവിടെ കാണാം. എല്ലാ കാഴ്ചകള്‍ക്കുമപ്പുറം, കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ വിടരാന്‍വെമ്പുന്ന എണ്‍പത്തിയഞ്ച് പൂമൊട്ടുകളെ തഴുകിവന്ന ഇളംകാറ്റ് ചെവിയില്‍ അടക്കംപറഞ്ഞു: 'നിരാശനാകാതെ, ഇവിടെ നന്മയുടെ സുഗന്ധവുമുണ്ട്!'

സ്വീകരണമുറിയില്‍ മഠാധിപതി സ്വാമി കൈവല്യാനന്ദയുടെ കാവിപുതച്ച രൂപം സ്വാഗതമോതി. അതിഥിയുടെ ഉദ്ദേശ്യം
മനസ്സിലായപ്പോള്‍ അദ്ദേഹം ശാന്തനായി പറഞ്ഞു: ''പബ്ലിസിറ്റിയില്‍ താത്പര്യമില്ല!''

നിര്‍ബന്ധിച്ചപ്പോള്‍ സ്വാമിയുടെ കര്‍മകാണ്ഡത്തിന്റെ നാള്‍വഴികള്‍ പതുക്കെ തുറന്നുതുറന്നുവന്നു:

''ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അന്നൊരിക്കല്‍ ഈ ആശ്രമത്തില്‍ അഭയാര്‍ഥികളായി രണ്ട് കുഞ്ഞുങ്ങള്‍ വന്നുപെട്ടു. അവര്‍ക്ക് ആശ്രമം കളിവീടായി. അവരുടെ ഒറ്റപ്പെടലില്‍ അവര്‍ക്ക് മിണ്ടാനും പറയാനും കൂട്ടുവേണ്ടേ? അങ്ങനെയാണ് ആശ്രമത്തോടുചേര്‍ന്ന് ഒരു ബാലഭവന്‍ തുടങ്ങിയത്. ബാലാരിഷ്ടതയുടെ നാളുകളായിരുന്നു അന്ന്. സാമ്പത്തികഞെരുക്കം കാരണം ഒരുപാട് കഷ്ടപ്പെട്ടു.
ഞാന്‍തന്നെയായിരുന്നു വെപ്പും വിളമ്പും. ഇന്നിപ്പോള്‍ ഇവിടെ ജാതിമതഭേദമെന്യേ എണ്‍പത്തിയഞ്ച് കുട്ടികളുണ്ട്. അവരില്‍ ആദിവാസി ഊരുകളില്‍നിന്നുള്ള കുട്ടികളുമുണ്ട്. എല്ലാവര്‍ക്കും തലചായ്ക്കാന്‍ സുമനസ്സുകളുടെ സഹായത്തോടെ 'തുളസീതീര്‍ഥം' എന്നപേരില്‍ ഒരു ബഹുനിലമന്ദിരം പണിയാന്‍കഴിഞ്ഞു. സംഭാവനയുടെ കണക്കുകള്‍ അണ പൈസ കുറയാതെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പേരും വിലാസവും
സഹിതം പ്രസിദ്ധീകരിച്ചുവരുന്നു. എല്ലാം ഈശ്വരകൃപ'', സ്വാമി പറഞ്ഞുനിര്‍ത്തി.

ഒരുനിമിഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവരിലെ ശ്രീരാമകൃഷ്ണപരമഹംസരുടെ ഛായാചിത്രത്തില്‍ നമസ്‌കരിച്ചതുപോലെ. ''അല്ലെങ്കില്‍ത്തന്നെ പണത്തിന് എന്തുവില? വെറും കടലാസ്; സാര്‍ഥകമായി ഉപയോഗിക്കുമ്പോഴേ അതിന് മൂല്യംവരൂ!'', സ്വാമി കൂട്ടിച്ചേര്‍ത്തു.

മൈതാനത്തില്‍ ഉച്ചവെയിലിലും തിമര്‍ത്തുകളിക്കുന്ന തുളസീതീര്‍ഥത്തിലെ കുട്ടികളുടെ ആരവം. മതില്‍ചാരി വിദൂരതയിലേക്ക് കണ്ണുംനട്ടുനില്‍ക്കുന്ന ഒരു കുട്ടിയുടെ പേര് സൂര്യനാരായണശര്‍മ എന്നാണെന്നറിഞ്ഞപ്പോള്‍ കൗതുകം തോന്നി. അപ്പോള്‍ അവന്റെ കഥ സ്വാമി പറഞ്ഞു: ''തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തിലാണ് ജനനം. അച്ഛനെയും അമ്മയെയും കുറിച്ച് ഓര്‍മകളില്ല. കള്ളവണ്ടി കയറി അവന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തി. റെയില്‍വേ പോലീസുകാര്‍ കണ്ടെത്തുമ്പോള്‍ ചേമ്പിന്‍തണ്ടുപോലെ ഒരിടത്ത് വാടിക്കിടക്കുകയായിരുന്നു. പോലീസുകാര്‍ അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു. ഞാന്‍ അവനൊരു പേരുകൊടുത്തു; സൂര്യനാരായണശര്‍മ''

അന്തേവാസികളായ എണ്‍പത്തിയഞ്ച് കുട്ടികള്‍ക്കും ഇതുപോലെ ഓരോ കഥകളുണ്ട്; കരള്‍പിളരും കഥകള്‍. ഈ കുട്ടികളെല്ലാവരും കായംകുളം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്നു.

ആഹാരം, വസ്ത്രം, പാഠപുസ്തകം, ട്യൂഷന്‍ ഫീസ് തുടങ്ങി സകല ചെലവുകളും ആശ്രമം വഹിക്കുന്നു. ഭക്ഷണത്തിനുതന്നെ ദിവസം ഇരുപതിനായിരം രൂപയ്ക്കുമുകളിലാകും. രാവിലെ ഇഡ്ഡലിയോ ദോശയോ. ഉച്ചയ്ക്ക് പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ. 5 മണിക്ക് ചായയും

കടിയും. അത്താഴത്തിന് രണ്ട് കറികളടക്കമുള്ള ചോറ്...

ബൃഹത്തായ മറ്റൊരു പദ്ധതിക്ക് ആശ്രമം തുടക്കംകുറിച്ചിട്ടുണ്ട്. ജാതിമത ഭേദമെന്യേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എം.ബി.ബി.എസ്., എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 3,500 രൂപയുടെ ധനസഹായം നല്‍കുന്ന ഒരു പദ്ധതി. ഈ വര്‍ഷം എഴുപത്തിയഞ്ച് വിദ്യാര്‍ഥികളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് 4 വര്‍ഷം ധനസഹായം കിട്ടും. ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് ഇതിന് ആവശ്യമായ ഫണ്ട് നല്‍കുന്നത്. പഠിപ്പുകഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഒരു ജോലിനേടാനും നാലുചക്രം സമ്പാദിക്കാനുമുള്ള കൈത്താങ്ങ് നല്‍കാനും സ്വാമി കൈവല്യാനന്ദയുണ്ട്. ഭാരത് സേവക് സമാജിന്റെ ഒരു കമ്പ്യൂട്ടര്‍ പരിശീലന പരിപാടി സൗജന്യമായി അഞ്ചുവര്‍ഷം വിജയകരമായി നടത്തി.

കലാപരമായി കഴിവുള്ള വിദ്യാര്‍ഥികള്‍ക്കായി മൃദംഗത്തിലും വായ്പ്പാട്ടിലും ഇവിടെ പരിശീലനം നല്‍കുന്നു. പഠിത്തത്തിലും പിന്നോട്ടല്ല തുളസീതീര്‍ഥത്തിലെ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ പതിനൊന്നുപേരും വിജയിച്ചു. അതില്‍ ജയപ്രകാശ് എന്ന വിദ്യാര്‍ഥി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ആശ്രമത്തിന്റെ അഭിമാനമാവുകയും ചെയ്തു. കഴിഞ്ഞ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഈ മിടുക്കനായിരുന്നു.

എല്ലാം കേട്ടിരിക്കുമ്പോള്‍, കുമിഞ്ഞുകൂടുന്ന സമ്പന്നതയുടെ നടുവില്‍ ആര്‍ഭാടജീവിതം നയിക്കുന്ന മലയാളിക്കുട്ടികളുടെ രൂപം ഉള്ളില്‍ തെളിഞ്ഞു. തിരക്കുകളില്‍ ജീവിതം മറക്കുന്ന മാതാപിതാക്കളുടെ ഒപ്പമായതുകൊണ്ട് മറ്റൊരര്‍ഥത്തില്‍ അനാഥമായ ബാല്യങ്ങള്‍
തന്നെയാണ് അവരും എന്നോര്‍ത്തപ്പോള്‍ മനസ്സ് നടുങ്ങി.

അപ്പോള്‍, സന്ധ്യയില്‍, എണ്‍പത്തിയഞ്ച് ബാലകണ്ഠങ്ങളില്‍ നിന്നുയരുന്ന ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ പ്രാര്‍ഥനാഗീതം ഏകരൂപമായി അന്തരീക്ഷമാകെ പരന്നൊഴുകാന്‍ തുടങ്ങി.


 

 




MathrubhumiMatrimonial