
ഡെല്‍നയ്ക്ക് 'എയ്ഞ്ചലി'ന്റെ സഹായം; 45,423 രൂപ
Posted on: 07 Nov 2013

ഇടുക്കി കീരിത്തോട് പുന്നയാര്‍ കാവുങ്കല്‍ ബിനോയുടെ മകള്‍ ഡെല്‍നയെക്കുറിച്ച് നവംബര്‍ രണ്ടിന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരള്‍മാറ്റത്തിന് പണമില്ലാതെ വലയുന്നതിനെപ്പറ്റിയായിരുന്നു വാര്‍ത്ത. വാര്‍ത്ത വായിച്ച് നീലൂര്‍ സ്വദേശിയും തൊടുപുഴ-തുടങ്ങനാട് റൂട്ടിലെ 'എയ്ഞ്ചല്‍' ബസ് കണ്ടക്ടറുമായ ബിജുവിന്റെ നേതൃത്വത്തിലാണ് ബസ്സില്‍ പിരിവ് നടത്തിയത്.
കരിങ്കുന്നം, തൊടുപുഴ, തുടങ്ങനാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ക്കുട്ടികളും സഹായിച്ചതോടെ തുക രണ്ടുദിവസംകൊണ്ട് 45,000 കവിഞ്ഞു. ഓരോരുത്തരും ആവുന്നത്ര സഹായിച്ചു. രണ്ടുരൂപ കൊടുത്തവരുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഒരു വിദ്യാര്‍ഥി 3,000 രൂപ നല്‍കി.
ബസ്സുടമ ഡായി സെബാനും ഡ്രൈവര്‍ മനോജും പിന്തുണ നല്‍കി. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ ഓടുന്ന സ്വകാര്യബസ് ജീവനക്കാരും ഏറെ സഹായിച്ചു.
പാവങ്ങള്‍ക്ക് സഹായം നല്‍കാന്‍ ബിജു നേരത്തെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് കട്ടപ്പനയിലുള്ള മൂന്ന് കുട്ടികള്‍ക്കായി 22,806 രൂപ സമാഹരിച്ചു. അന്ന് മാധ്യമങ്ങളില്‍ അത് വന്‍ വാര്‍ത്താപ്രാധാന്യം നേടി. ബിജുവിന്റെ പുണ്യപ്രവൃത്തിയിലൂടെ 'എയ്ഞ്ചല്‍' (മാലാഖ) എന്ന പേര് അന്വര്‍ഥമാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
