അറിയേണ്ട വസ്തുതകള്‍

Posted on: 28 Apr 2009


പന്നികളെ ബാധിക്കുന്ന ശ്വാസകോശരോഗമാണ് പന്നിപ്പനി. പന്നികളെ ഇടയ്ക്കിടെ രോഗം ബാധിക്കാറുണ്ടെങ്കിലും സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് രോഗം വരാറില്ല. മനുഷ്യര്‍ക്ക് രോഗം പകര്‍ന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പക്ഷേ, മുമ്പ് ഉണ്ടായിട്ടുണ്ട്. 2005-2009 കാലത്ത് അമേരിക്കയില്‍ 12 പേരെ പന്നിപ്പനി ബാധിച്ചു. ആര്‍ക്കും ജീവഹാനിയുണ്ടായില്ല. 1988-ല്‍ അമേരിക്കയില്‍ ഒരു സ്ത്രീ രോഗംബാധിച്ച് മരിച്ചു. 1976-ല്‍ അമേരിക്കയില്‍ തന്നെ 200 പേരെ പന്നിപ്പനി ബാധിച്ചു. അന്നും ഒരാള്‍ മരിക്കുകയുണ്ടായി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാന്‍ ശേഷിയുള്ള രീതിയില്‍ പന്നിപ്പനി വൈറസ് അപകടകാരികളായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഭീതി പരത്തുന്നത്.

രോഗലക്ഷണങ്ങള്‍

മനുഷ്യരില്‍ ഫ്ലവിന്റെ ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണുക. ശക്തമായ പനി, ചുമ, കഫക്കെട്ട്, തൊണ്ടവീക്കം, ശരീരവേദന, തലവേദന, കുളിര്, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകാം. ചില രോഗികളില്‍ ശര്‍ദിയും വയറിളക്കവും പ്രത്യക്ഷപ്പെടാം. രോഗം മൂര്‍ച്ഛിക്കുന്നതോടെ ശ്വാസതടസ്സമുണ്ടാവുകയും അത് ന്യുമോണിയയായി മാറി ചിലപ്പോള്‍ രോഗി മരിക്കാം.

ചികിത്സ
മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകര്‍ച്ചവ്യാധിയെന്ന നിലയില്‍ അധികമാര്‍ക്കും പന്നിപ്പനിക്കെതിരെ പ്രതിരോധശേഷിയില്ല എന്നതാണ് വാസ്തവം. രോഗം ഭേദമാക്കാന്‍ കഴിയുന്ന മരുന്നും ലഭ്യമല്ല. എന്നാല്‍, വൈറസുകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില മരുന്നുകള്‍ ( ടാമിഫ്‌ളു, റെലെന്‍സ എന്നിവ) പന്നിപ്പനിയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും രോഗം മാരകമാകാതെ നോക്കാനും സഹായിക്കുമെന്ന്, യു.എസ്.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി) ശുപാര്‍ശ ചെയ്യുന്നു.

മുന്‍കരുതലുകള്‍

രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്. വായുവിലൂടെ പകരുന്ന വൈറസായതിനാല്‍, സര്‍ജിക്കല്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. രോഗസാധ്യതയുള്ള മേഖലകളില്‍ സഞ്ചരിക്കുന്നവര്‍ ഹസ്തദാനം തുടങ്ങിയ ഉപചാരങ്ങള്‍ ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് കൈ കഴുകുകയാണ് കൂടുതല്‍ ഫലപ്രദം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കഴിവതും മറ്റുള്ളവരുമായി ഇടപടകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍, ഏഴ് ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

ഒരു കാര്യം പക്ഷേ പ്രത്യേകം ഓര്‍ക്കുക, രോഗം ബാധിച്ചവരില്‍നിന്നാണ് മറ്റുള്ളവരിലേക്ക് വൈറസ് പകരുന്നത്. ശരിയായി പാകം ചെയ്ത് കഴിച്ചാല്‍ പന്നിയിറച്ചി വഴി രോഗം പകരില്ല.
-ജെ.എ



ആശങ്ക വേണ്ട; ജാഗ്രത വേണം

പന്നിപ്പനി: കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സെല്‍ തുറുന്നു


ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും


പന്നിപ്പനി-പുതിയ മഹാമാരി

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍




MathrubhumiMatrimonial