
പൂരമെത്തി; ആനകളുടെ മേക്കപ്പ്മാന് തിരക്കായി
Posted on: 25 Apr 2009
-സ്വന്തം ലേഖകന്‍

പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറെ പുരയ്ക്കല്‍ ശശി ആനകളുടെ 'ബ്യൂട്ടീഷ'നായിട്ട് വര്‍ഷം നാല്പത്. ഇപ്പോള്‍ ശശിക്ക് വയസ്സ് 49. എന്നുവെച്ചാല്‍ ഒമ്പതാം വയസ്സില്‍ ശശി ആനകളുടെ കൊമ്പുമിനുക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം. തൃശ്ശൂരില്‍ വിശ്വസിച്ച് ഈ ജോലി ഏല്പിക്കാവുന്ന ഏക വിദഗ്ദ്ധനും ശശി തന്നെ. കേരളത്തില്‍ ഈ രംഗത്തെ അതികായനും ഈ മനുഷ്യന്‍തന്നെ.
കിഴക്കി വീട്ടില്‍ ദാമോദരനെപ്പോലുള്ള വമ്പന്മാരുടെ കൊമ്പുമിനുക്കിയാണ് തുടക്കം. കേരളം മുഴുവന്‍ ആരാധകരുള്ള ഗുരുവായൂര്‍ പത്മനാഭന്റെ പേഴ്‌സണല്‍ ബ്യൂട്ടീഷനും മറ്റാരുമല്ല. തിരുവമ്പാടി ചന്ദ്രശേഖരനും ശിവസുന്ദറുമെല്ലാം ഈ കൈകള്‍ക്കുമുന്നില്‍ ശിരസ്സുചേര്‍ത്ത് കിടക്കും. ശിവസുന്ദറും അര്‍ജുനനുമെല്ലാം വരും ദിനങ്ങളില്‍ ഈ മനുഷ്യനെ കാത്തിരിക്കും.
തുമ്പിക്കിരുവശവുമായി നില്ക്കുന്ന കൊമ്പുകള്‍ പലപ്പോഴും തുമ്പിയനക്കാന്‍ പറ്റാത്തവിധം വളഞ്ഞുവരാറുണ്ട്. അങ്ങനെയാണ് ആനകള്‍ക്ക് കൊമ്പുമിനുക്കേണ്ടിവരുന്നത്. 'കേമന്മാ'രുടെ മുഖംമിനുക്കല്‍ ചിലപ്പോള്‍ മൂന്നുദിവസം വരെ നീളാം. ദാമോദരനും പത്മനാഭനുമെല്ലാം ഇത്ര വേണ്ടിവരും. ഇവര്‍ക്ക് കൊമ്പുവലിപ്പവുമേറും. പതിനാല് ഇഞ്ചുവരെ വണ്ണമുള്ളവയാണ് ഇവയുടെ കൊമ്പുകള്‍.
മാസങ്ങള്‍ക്കുമുമ്പ് ദേവസ്വം രാമചന്ദ്രന്റെ കൊമ്പുമിനുക്കവെ അവന്‍ തുമ്പിയെടുത്തപ്പോഴാണ് ശശിയുടെ കൈയ്ക്ക് പരിക്കേറ്റത്. അതിന്റെ ബുദ്ധിമുട്ട് മാറിവരുന്നതേയുള്ളു. ഏതായാലും പൂരത്തിനുമുമ്പ് ആനകള്‍ക്കുള്ള മിനുക്കുജോലികള്‍ മാറ്റിവെയേ്ക്കണ്ടെന്നാണ് ശശിയുടെ തീരുമാനം.
മിനുക്കുപണി മാത്രമല്ല, ഒരു ആനയ്ക്ക് വേണ്ടതെല്ലാം ശശി ഒരുക്കും. ചങ്ങല, തോട്ടി, കോല്‍, കത്തി തുടങ്ങി എല്ലാമെല്ലാം. ചടച്ചിമരം കൊണ്ട് കോലും ഓടുകൊണ്ട് അഗ്രവും എന്നതാണ് രീതി. പൂരക്കാലമായാല്‍ കുടക്കാലുകള്‍ ഒരുക്കുന്ന ജോലിയുമുണ്ട് ശശിക്ക്. കുടക്കാലും കമ്പിയും അലുക്കും മകുടിയും കുടയിലെ സര്‍പ്പരൂപങ്ങളും എല്ലാം പെരുമ്പിള്ളിശ്ശേരിയിലെ പണിശാലയില്‍ പിറവിയെടുക്കും. പിച്ചളക്കുഴലില്‍ ചൂരലിട്ടാണ് കുടക്കമ്പികള്‍. പുന്നമരംകൊണ്ട് കുടക്കാലുകളും. പാറമേക്കാവിനുവേണ്ടിയാണ് കുടയൊരുക്കം.
മുത്തച്ഛന്‍ അയ്യപ്പനും അച്ഛന്‍ കുട്ടനുമാണ് ശശിയുടെ ഗുരുക്കന്മാര്‍.
Tags: Elephant, Kerala Festivals, Anachantham
