2002ലെ സമാധാനശ്രമങ്ങള്‍

Posted on: 23 Apr 2009


9/11ന് അമേരിക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം എല്‍.ടി.ടി.ഇ സ്വമേധയാ സമാധാനശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക നേരിട്ട് ശ്രീലങ്കന്‍ സര്‍ക്കാരിനെ സഹായിക്കുമോ എന്ന ഭയത്താലായിരുന്നു ഇത്. അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനുശേഷം ചന്ദ്രിക കുമാരതുംഗ പാര്‍ലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 2001 ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയുടെ യു.എന്‍.പി വിജയിച്ചു. നോര്‍വെയുടെ നിരന്തരശ്രമത്തിന്റെ ഫലമായി എല്‍.ടി.ടി.ഇയെയും സര്‍ക്കാരിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും പുലികള്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ചെയ്തു. 2002 ഫിബ്രവരി 22ന് ഔദ്യോഗികമായി ഇരുവിഭാഗങ്ങളും ധാരണാപത്രത്തിലും സ്ഥിരമായ വെടിനിര്‍ത്തലിനുള്ള കരാറിലും ഒപ്പിട്ടു. നോര്‍വെയെ മധ്യസ്ഥരായി നിയോഗിക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കാന്‍ നോര്‍ഡിക് രാജ്യങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ശ്രീലങ്ക മോണിറ്ററിങ് മിഷന്‍ എന്ന കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.

ആഗസ്തില്‍ എല്‍.ടി.ടി.ഇക്കെതിരായ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും ഇതിലൂടെഅവരുമായി നേരിട്ട് സമാധാനചര്‍ച്ചകള്‍ക്ക് വഴിയൊരുക്കയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിനുശേഷം സര്‍ക്കാര്‍ ജാഫ്‌നയിലേയ്ക്ക് വിമാന സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രിതമേഖലയിലൂടെ ജാഫ്‌നയിലേയ്ക്കും അതുവഴി വണ്ണി മേഖലയിലേയ്ക്കും നീളുന്ന എ-9 ദേശീയപാത എല്‍.ടി.ടി.ഇ തുറക്കുകയും ചെയ്തു. എല്‍.ടി.ടി.ഇയ്ക്ക് നികുതി നല്‍കിയതിന് ശേഷമായിരുന്നു ഇത്. സമാധാനം പുലരുകയാണെങ്കില്‍ സാമ്പത്തികസഹായം നല്‍കാമെന്ന് നിരവധി വിദേശരാജ്യങ്ങള്‍ ശ്രീലങ്കയ്ക്ക് ഉറപ്പ് നല്‍കി. തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍ വെച്ച് സപ്തംബര്‍ 16ന് സമാധാനചര്‍ച്ച തുടങ്ങുകയും നോര്‍വെ, ബര്‍ലിന്‍ എന്നിവിടങ്ങളിലായി അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ തുടരുകയും ചെയ്തു. ചര്‍ച്ചയില്‍ പ്രത്യേക രാജ്യം എന്ന അടിസ്ഥാന ആവശ്യം എല്‍.ടി.ടി.ഇ ഉപേക്ഷിച്ചു. ആദ്യമായി ഇരുവിഭാഗവും യുദ്ധത്തടവുകാരെ പരസ്​പരം കൈമാറുകയും ചെയ്തു.

2001ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത പാര്‍ട്ടിക്കാര്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായി. വൈകാതെ പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കും പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയ്ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. ഈ സമയത്ത് ട്രിങ്കോമാലിയിലും കിഴക്കന്‍ പ്രദേശങ്ങളിലും നിരവധി കേന്ദ്രങ്ങള്‍ രൂപവത്കരിക്കുന്നതില്‍ എല്‍.ടി.ടി.ഇ വിജയിച്ചു. ചില പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ നയങ്ങളില്‍ അതൃപ്തരായ പുലികള്‍ 2003 ഏപ്രില്‍ 21ന് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ഇതിനുശേഷം ഒക്‌ടോബര്‍ 31ന് എല്‍.ടി.ടി.ഇ സ്വന്തമായി സമാധാനക്കരാറിന് ശുപാര്‍ശ ചെയ്തു. എല്‍.ടി.ടി.ഇയ്ക്ക് പൂര്‍ണ അധികാരം നല്‍കുന്ന ഇടക്കാല സ്വയംഭരണ സമിതിക്ക് രൂപം നല്‍കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ഇതിനെത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്കുള്ളിലെത്തന്നെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചന്ദ്രിക കുമാരതുംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനുശേഷം ചന്ദ്രിക ജെ.വി.പിയുമായി ചേര്‍ന്ന് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് രൂപവത്കരിച്ചു. 2004 ഏപ്രില്‍ 28ന് നടന്ന തിരഞ്ഞെടുപ്പില്‍ യു.പി.എഫ്.എ വിജയിക്കുകയും മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രിയാവുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ സമാധാനശ്രമങ്ങള്‍ തുടര്‍ന്നു.



MathrubhumiMatrimonial