എല്‍.ടി.ടി.ഇ യുദ്ധം രണ്ടാംഘട്ടം

Posted on: 23 Apr 2009


1980കളിലും 90ലും തമിഴ് ജനതയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ ചെയ്‌തെങ്കിലും യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. തമിഴ് ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് ഈ കാലത്തായിരുന്നു. ഇന്ത്യന്‍ സമാധാനസേന പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുള്ള പല പ്രദേശങ്ങളിലും എല്‍.ടി.ടി.ഇ ആധിപത്യം സ്ഥാപിച്ചു. ഈഘട്ടത്തില്‍ നിരവധി ദാരുണമായ കൊലപാതകങ്ങള്‍ നടന്നു. പലപ്പോഴായി 116 സിംഹളരും 166 മുസ്‌ലീങ്ങളും കൊല്ലപ്പെട്ടു. 1990 ഒക്‌ടോബറില്‍ ജാഫ്‌നയില്‍ നിന്ന് മുഴുവന്‍ മുസ്‌ലീങ്ങളെയും എല്‍.ടി.ടി.ഇ പുറത്താക്കി. 28,000 പേര്‍ക്കാണ് സ്വന്തം വീട് വിട്ടിറങ്ങേണ്ടിവന്നത്. 1991 ജൂലായ് മാസത്തിലാണ് ഈ ഘട്ടത്തിലെ ഏറ്റവും നീണ്ട പോരാട്ടം നടന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന എലഫന്റ് പാസ് അയ്യായിരത്തോളം പേര്‍ വരുന്ന എല്‍.ടി.ടി.ഇക്കാര്‍ വളയുകയും ഒരു മാസത്തോളം നീണ്ട പോരാട്ടത്തില്‍ ഇരുഭാഗത്തുമായി രണ്ടായിരം പേര്‍ മരിക്കുകയും ചെയ്തു. ഒടുവില്‍ എല്‍.ടി.ടി.ഇ ആക്രമണത്തെ നേരിടുന്നതായി പതിനായിരത്തോളം സൈനികരെ ഇറക്കേണ്ടിവന്നു. 1992 ഫിബ്രവരിയില്‍ ജാഫ്‌ന പിടിച്ചെടുക്കാന്‍ സൈന്യം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 1993 മേയ് മാസത്തില്‍ എല്‍.ടി.ടി.ഇ ചാവേറുകള്‍ ഒരു ബോംബ് സ്‌ഫോടനത്തിലൂടെ പ്രസിഡന്റ് റാണസിങ്കെ പ്രേമദാസയെ വധിച്ചു.



MathrubhumiMatrimonial