ഇന്ത്യന്‍ ഇടപെടല്‍

Posted on: 23 Apr 2009


ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇന്ത്യക്ക് ഇടപെടേണ്ടിവന്നു. പ്രശ്‌നങ്ങള്‍ നേരിടുന്നത് തമിഴ് ജനതയാണെന്നതുകൊണ്ട് ശ്രീലങ്ക പ്രശ്‌നത്തെ ഇന്ത്യക്ക് ഒരു വിദേശരാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നമായി കാണാന്‍ പറ്റുമായിരുന്നില്ല. അവിടെ ഉണ്ടാകുന്ന എല്ലാ ചലനങ്ങള്‍ക്കും ഇന്ത്യയില്‍ മറുചലനമുണ്ടാകുമെന്നതിനാല്‍ ശ്രീലങ്കപ്രശ്‌നം ഇന്ത്യയുടെ കൂടി പ്രശ്‌നമായി. തമിഴരുടെ സ്വാതന്ത്ര്യപോരാട്ടത്തെ ഇന്ത്യാഗവണ്മെന്റ്തന്നെ സഹായിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി എല്‍.ടി.ടി.ഇ ഉള്‍പ്പടെയുള്ള വിവിധ തമിഴ് ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആയുധസഹായവും പരിശീലനവും നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്‍.ടി.ടി.ഇയുടെ എതിര്‍ ഗ്രൂപ്പായ തമിഴ് ഈഴം ലിബറേഷന്‍ ഓര്‍ഗനൈസേഷനെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സഹായിച്ചിരുന്നു.

പ്രശ്‌നത്തില്‍ ഇന്ത്യ കൂടുതല്‍ സജീവമായി ഇടപെടുകയും 1980ല്‍ ജാഫ്‌നയില്‍ ശ്രീലങ്കന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ അവിടെ ഭക്ഷണപ്പൊതികള്‍ എറിഞ്ഞുകൊടുക്കുകയും ചെയ്തു. എല്‍.ടി.ടി.ഇ.യെ തോല്പിക്കുന്നതിനടുത്തെത്തിയെന്ന് ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇന്ത്യ 25 ടണ്ണോളം വരുന്ന ഭക്ഷണവും മരുന്നുകളും പാരച്ച്യൂട്ടിലൂടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വിമതര്‍ക്ക് എത്തിച്ചുകൊടുത്തു. ഇതിനെത്തുടര്‍ന്ന് 1987ല്‍ ചര്‍ച്ചകള്‍ നടക്കുകയും ഇന്ത്യ-ശ്രീലങ്ക സമാധാന കരാര്‍ ഒപ്പിടുകയും ചെയ്തു. രാജീവ് ഗാന്ധിയായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. തമിഴ് ഭാഷയ്ക്ക് അംഗീകാരം കൊടുക്കണമെന്നതുള്‍പ്പടെ എല്‍.ടി.ടി.ഇയുടെ പല ആവശ്യങ്ങളും കരാറില്‍ അംഗീകരിച്ചിരുന്നു. എല്‍.ടി.ടി.ഇ.യെ സഹായിക്കുന്നത് നിര്‍ത്തിവെക്കാനും വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനസേനയെ അയയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് എല്‍.ടി.ടി.ഇ തങ്ങളുടെ ആയുധങ്ങള്‍ ഇന്ത്യന്‍ സമാധാനസേനയ്ക്ക് മുന്നില്‍ അടിയറ വെക്കാന്‍ സമ്മതിച്ചു.

ഒട്ടുമിക്ക തമിഴ് ഗ്രൂപ്പുകളും പ്രശ്‌നപരിഹാരത്തിനും സമാധാനത്തിനും വഴിയൊരുങ്ങണമെന്ന് ആഗ്രഹിച്ചപ്പോള്‍ എല്‍.ടി.ടി.ഇ അതിന്റെ പ്രവര്‍ത്തകരെ നിരായുധരാക്കാന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ സമാധാനസേന ശ്രീലങ്കയില്‍ തുടര്‍ന്ന മൂന്ന് വര്‍ഷം വലിയ തോതില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നതായി പരാതി ഉയരുകയുണ്ടായി. സമാധാനസേനയ്‌ക്കെതിരെ തമിഴര്‍ കടുത്ത പ്രതിരോധമാണ് സൃഷ്ടിച്ചത്. ദേശീയവികാരം ഉണര്‍ന്നതിനെത്തുടര്‍ന്ന് സിംഹളരും സമാധാനസേനയെ എതിര്‍ത്തു. ശ്രീലങ്ക സര്‍ക്കാറിനുവേണ്ടി അവിടെ ഇടപെട്ട് അനേകം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന ഇന്ത്യന്‍ സൈന്യം ഒടുവില്‍ ശ്രീലങ്ക സര്‍ക്കാറിന്റെയും ശത്രുപക്ഷത്തായി. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍സേനയോട് ദ്വീപ് വിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെതുരത്താന്‍ സിംഹള-തമിഴ് നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ് ചെയ്തതെന്ന് ആക്ഷേപിക്കപ്പെട്ടു. ഇന്ത്യന്‍ സേനയെ നേരിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍.ടി.ടി.ഇയ്ക്ക് ആയുധങ്ങള്‍ നല്‍കിയതായും അഭ്യൂഹമുണ്ടായിരുന്നു. സമാധാനസേനയിലെ സൈനികരുടെ മരണം വര്‍ദ്ധിച്ചിട്ടും രാജീവ് ഗാന്ധി സേനയെ പിന്‍വലിക്കാന്‍ തയ്യാറായില്ല. എന്നാല്‍ 1989ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വി.പി.സിങ് പ്രധാനമന്ത്രിയാവുകയും ശ്രീലങ്കയില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 1990 മാര്‍ച്ച് 24ന് സൈന്യത്തിന്റെ അവസാന കപ്പലും ദ്വീപ് വിട്ടു. 32 മാസം നീണ്ടുനിന്ന കാലയളവില്‍ 1100 ഇന്ത്യന്‍ സൈനികരും 5,000 ശ്രീലങ്കക്കാരും കൊല്ലപ്പെട്ടു.



MathrubhumiMatrimonial