goodnews head

തണുപ്പും വിശപ്പും കൊല്ലുന്ന ഗ്രാമത്തിലേക്ക് മലയാളത്തിന്റെ സ്‌നേഹപ്പുതപ്പുകള്‍

Posted on: 20 Nov 2007


തൃശ്ശൂര്‍: 'വിശപ്പടക്കാന്‍ അവര്‍ എലികളെ പിടിച്ചുതിന്നുന്നു. തണുപ്പ് എല്ലു തുളച്ചുകയറുന്ന രാത്രികളില്‍ അവര്‍ ചെറിയ കുഴികള്‍ കുഴിച്ച് കുഞ്ഞുങ്ങളെ അതില്‍ കിടത്തി ഉണങ്ങിയ പുല്ലിട്ടു മൂടും. മാറാനുള്ള തുണിയില്ലാത്തതുകൊണ്ട് ദിവസങ്ങളോളം കുളിക്കാതിരിക്കുന്ന അവിടത്തെ സ്ത്രീകളോട് ആര്‍ത്തവദിനങ്ങളില്‍ നിങ്ങള്‍ എന്തെടുക്കുന്നു എന്ന ചോദ്യംതന്നെ അനാവശ്യമാകുന്നു'.

ഇത് ബീഹാറിലെ ഗിദ്ധയിലെ 'മുശാഹരികള്‍' എന്ന ഗ്രാമീണരുടെ ജീവിതം. ദാരിദ്ര്യവും ദുരിതവുമായി ഇതുപോലെ ഒട്ടേറെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍. അവര്‍ക്കിടയിലേയ്ക്ക് വസ്ത്രങ്ങളും സഹായങ്ങളുമായി സ്നേഹത്തിന്റെ കൂട്ടായ്മ എത്തിക്കുകയാണ് തൃശ്ശൂരിലെ ഹയര്‍ സെക്കന്‍ഡറി മലയാളം വിദ്യാര്‍ഥികള്‍.

ജൂണ്‍ 10ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം-'സാനിറ്ററി നാപ്കിനുകളുടെ സാമൂഹികശാസ്ത്രം' കൂട്ടായ്മയ്ക്കു വഴിയൊരുക്കി. ക്ലസ്റ്റര്‍യോഗങ്ങളില്‍നിന്ന് മലയാളാധ്യാപകവേദി ചര്‍ച്ചചെയ്തു കൊണ്ടുവന്ന പ്രവര്‍ത്തനപദ്ധതി അതിനു പ്രചോദനമായി.

ബീഹാര്‍, രാജസ്ഥാന്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ വസ്ത്രദാനം നിര്‍വഹിക്കുന്ന 'ഗൂംജ്' സംഘടനയുമായി കൈകോര്‍ത്തിരിക്കയാണ് വിദ്യാര്‍ഥികള്‍. ജില്ലയിലെ വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍നിന്ന് വൃത്തിയുള്ള പഴയ വസ്ത്രങ്ങള്‍ സമാഹരിക്കുന്നു. ബീഹാറിലെ ഗ്രാമീണരുടെ ദുരിതം വിവരിക്കുന്ന ലഘുലേഖകളുമായി അയല്‍വീടുകളിലെത്തി അവിടെനിന്ന് പഴയവസ്ത്രങ്ങള്‍ ശേഖരിക്കുന്നു. ആദ്യം സ്‌കൂള്‍തലങ്ങളില്‍ വസ്ത്രങ്ങള്‍ ശേഖരിക്കും. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്നും വസ്ത്രശേഖരം തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കും. അവിടെ നിന്ന് ഗൂംജിന്റെ സ്റ്റോര്‍ ഹൗസിലേയ്ക്ക് അയയ്ക്കും.

ഭാഷാപഠനം സാമൂഹിക ഇടപെടലിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കണമെന്ന തിരിച്ചറിവായാണ് മലയാളാധ്യാപകവേദി സംരംഭത്തെ വിലയിരുത്തുന്നത്.

23ന് ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യുന്ന മലയാളമഹോത്സവത്തില്‍ അക്കാദമിക് ജോ. ഡയറക്ടര്‍ പ്രൊഫ. പി.എം. രാജീവ് വസ്ത്രശേഖരം കൈമാറും.



 

 




MathrubhumiMatrimonial