
അഞ്ചുപേര്‍ക്ക് 'കണ്ണും കരളു'മായി സ്റ്റാന്‍ലി...
Posted on: 22 Apr 2009

ചങ്ങനാശ്ശേരി മുന്‍ നഗരസഭാംഗവും എസ്ബി കോളേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥനുമായ കുര്യന്‍ തൂമ്പുങ്കലിന്റെയും ബെറ്റിയുടെയും മകനായ സ്റ്റാന്‍ലി വാഴപ്പിള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഏഴാം വയസ്സില്‍ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയ സ്റ്റാന്‍ലിക്ക് 9 വയസ്സായപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അസുഖം കൂടിയതിനെ തുടര്‍ന്ന് അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും, മസ്തിഷ്‌കത്തെ ബാധിക്കുന്ന മൈറ്റോ കോണ്‍ഡ്രിയല്‍ സൈറ്റോപ്പതി എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അമൃത ആസ്പത്രിയില്‍ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സുരേഷിന്റെ ചികിത്സയില്‍ ആയിരുന്നു സ്റ്റാന്‍ലി ജോര്‍ജ്.
ചികിത്സ ഫലവത്താകാത്ത ഈ രോഗം ദിവസം തോറും മസ്തിഷ്‌കത്തിന് നാശമുണ്ടാക്കി രോഗിയുടെ മരണത്തിന് വഴിയൊരുക്കും. ഇതേക്കുറിച്ച് ബോധവാനായിരുന്ന സ്റ്റാന്‍ലി മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, മരണശേഷം തന്റെ അവയവങ്ങള്‍ മറ്റു രോഗികള്‍ക്ക് ദാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 28ന് രാവിലെ 9 മണിക്ക് സ്റ്റാന്‍ലി മസ്തിഷ്‌കമരണമടഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ സ്റ്റാന്‍ലിയുടെ ആഗ്രഹം അവയവദാനത്തിലൂടെ സഫലീകരിക്കുകയായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മസ്തിഷ്‌ക മരണമടഞ്ഞ അവയവദാതാവാണ് സ്റ്റാന്‍ലി ജോര്‍ജ്.സോര്‍ട്ട് (സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ് ട്രാന്സ്പ്ലാന്േറഷന്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അവയവദാനം പൂര്‍ത്തീകരിച്ചത്. കരള്‍വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി രാജേന്ദ്രനിലാണ് കരള്‍ വച്ചുപിടിപ്പിച്ചത്. വൃക്ക തകരാറ് മൂലം ഡയാലിസിസിന് വിധേയരായി കഴിയുകയായിരുന്ന കൊല്ലം ചവറ സ്വദേശിനി ഹണി പ്രഭുകുമാരിക്കും ആലുവ സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് വൃക്കകള്‍ നല്‍കിയത്. അവയവങ്ങള്‍ സ്വീകരിച്ച ഇവര്‍ ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നു.
അവയവദാനമെന്ന മഹത്തായ കര്‍മത്തിന്റെ ഭാഗമാകേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും കടമയാണെന്നാണ് സ്റ്റാന്‍ലി ജോര്‍ജ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് എയിംസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏകദേശം മുപ്പതോളം മസ്തിഷ്‌ക മരണങ്ങള്‍ എല്ലാ മാസവും നടക്കുന്നുണ്ടെങ്കിലും അവയവദാനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
