goodnews head

ഒരു ഗ്ലാസ് ചിരിയും പ്ലേറ്റ് നിറയെ നന്മയും

Posted on: 20 Jul 2013

ടി.ജെ.ശ്രീജിത്ത്‌





പൊള്ളക്കടയിലെ ആലുങ്കല്‍ ആണ്ടി, നാല് പതിറ്റാണ്ട് മുമ്പ് തെങ്ങില്‍ നിന്നിറങ്ങി നേരെ ഒരു ചെറിയ ചായക്കടയിലേക്ക് കയറി. അന്ന് ഒരു തെങ്ങില്‍ കയറിയാല്‍ കിട്ടുക പത്ത് പൈസയായിരുന്നു. നഗരങ്ങളില്‍ ചായക്കും പലഹാരത്തിനും പത്ത് പൈസയും. പക്ഷെ ആണ്ടിയുടെ ചായക്കടയില്‍ മാത്രം ആറുപൈസ. കാലം സുഗ്യനിലൂടെയും ഉണ്ടക്കായയിലൂടെയും ഉരുണ്ടു. ചായക്കിന്ന് എവിടെ ചെന്നാലും ചുരുങ്ങിയത് ഏഴോ എട്ടോ രൂപ കൊടുക്കണം. പക്ഷെ ആണ്ടിയുടെ ചായക്കടയില്‍ കാര്യങ്ങള്‍ പഴയപോലെ വ്യത്യസ്തമായൊരു അടുപ്പില്‍ തിളയ്ക്കുന്നു. ചായക്കും നാല് രൂപ പലഹാരത്തിനും നാല് രൂപ.

കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ പൊള്ളക്കട ബസ് സ്‌റ്റോപ്പിന് പിന്‍വശത്താണ് ആണ്ടിച്ചേട്ടന്റെ കൊച്ച് ചായക്കട. മതിലില്‍ 'നിഷ ഹോട്ടല്‍' എന്നെഴുതിയത് മങ്ങിത്തുടങ്ങിയിരിക്കുന്നു. പക്ഷെ അകത്ത് തിളയ്ക്കുന്ന എണ്ണയില്‍ പൊന്നിന്‍ നിറത്തിലുള്ള പഴംപൊരികള്‍ കോരിയെടുക്കുന്ന ആണ്ടിയുടെ, ആരുടേയും മനംനിറയ്ക്കും ചിരി മാത്രം മങ്ങിയിട്ടില്ല. അതിന് തെളിമ കൂടിയിട്ടേയുള്ളു.

എല്ലാത്തിനും എന്താണ് നാല്...? നിറഞ്ഞ ചിരിയോടെയായിരുന്നു ആണ്ടിച്ചേട്ടന്റെ മറുപടി 'വിശക്കുന്ന വയറിനല്ലേ, ലാഭമൊന്നും നോക്കലില്ല. പിന്നെ പണ്ടേയുള്ള ശീലം'. നന്മയുടെ രുചി ചേര്‍ത്ത പലഹാരങ്ങള്‍ കഴിക്കാന്‍ ഇവിടെ തിരക്കോട് തിരക്കാണ്.

ഭാര്യ മാധവിയാണ് അറുപത്തിനാല്കാരന്‍ ആണ്ടിയുടെ ചായക്കടയിലേയും സഹായി. ഭാര്യയും ഭര്‍ത്താവും വെളുപ്പിന് നാല് മണിക്ക് തുടങ്ങും പലഹാരങ്ങളുണ്ടാക്കാനുള്ള ഒരുക്കങ്ങള്‍. എട്ടുമണിയാവമ്പോഴേക്കും ദോശയില്‍ നിന്നും ഗോളിബജിയില്‍ നിന്നെ്ല്ലാം നാടന്‍ രുചിയുടെ ആവി പറന്നു തുടങ്ങും. എത്രയുണ്ടാക്കിയാലും ഉച്ചയ്ക്ക് 12 മണിയാവുമ്പോഴേക്കും കടയും പലഹാര ചില്ലുപെട്ടിയും കാലിയാകും. ആയമ്പാറയിലെ രണ്ട്് ഹോട്ടലുകള്‍ക്ക് മാത്രമായി നൂറോളം പലഹാരങ്ങള്‍ പാഴ്‌സലായി കയറിപ്പോകും. ദിവസേന ചുരുങ്ങിയത് 300 പലഹാരങ്ങളെങ്കിലും കൊച്ചു ചായക്കടയിലെ നാടന്‍ അടുപ്പില്‍ നിന്ന് തിളച്ച് ചില്ലുപെട്ടിയിലേക്ക് കയറും.

കടയുടെ തൊട്ട് എതിര്‍വശത്തുള്ള കൈലാസ് ആയുര്‍വേദ ഫാര്‍മസിയില്‍ വരുന്നവരാണ് ആണ്ടിച്ചേട്ടന്റെ ചായ്ക്കടയിലെ പലഹാരങ്ങള്‍ തിന്നു തീര്‍ക്കുന്നതില്‍ പ്രധാനികള്‍. അതുമാത്രമല്ല ഫാര്‍മസിയുമായി ഈ ചായക്കടയ്ക്കുള്ള ബന്ധം. 25 രൂപയുടെ തീര്‍ത്താല്‍ തീരാത്ത കടമുണ്ട് ആണ്ടിച്ചേട്ടന്റെ ചായക്കടയ്ക്കും ഫാര്‍മസിക്കും. ' അന്നൊക്കെ തെങ്ങുകയറ്റമായിരുന്നു പ്രധാന പണി...ഒരു തെങ്ങിന് പത്ത് പൈസ. പിന്നെ ഒരു റേഷന്‍ ഷാപ്പില്‍ കൈക്കാരനായി നിന്നു. 1970ലായിരുന്നു ഫാര്‍മസിയിലെ ഡോ.സുകുമാരനോട് കടം വാങ്ങിയ 25 രൂപയുമായി ചായക്കട തുടങ്ങിയത്. പിന്നെ ഇവിടെയങ്ങ് ഉറപ്പിച്ചു' ഓര്‍മ്മപ്പലഹാരങ്ങളിലൂടെ ആണ്ടിച്ചേട്ടന്റെ വാക്കുകള്‍. വെള്ളിയാഴ്ച്ച ഫാര്‍മസിക്ക് അവധി ദിവസമാണ്. ചായക്കടയും അന്ന് തുറക്കില്ല.

രണ്ട് മേശകളും നാല് ബെഞ്ചും ഏതാനും കസേരകളും മാത്രമുള്ള കടയില്‍ നിന്നുണ്ടാക്കിയ വരുമാനം കൊണ്ട് മക്കളയെല്ലാം പഠിപ്പിച്ചു. മൂത്തമകന്‍ മുകേഷ് ഗള്‍ഫിലെത്തി. രണ്ടാമത്തെയാള്‍ ഗിരിഷ് ബസ് കണ്ടക്ടറും. പെണ്‍മക്കളായ നിഷയേയും ഷൈമയേയും കല്ല്യാണം കഴിച്ചയച്ചു.

'ഇതില്‍ നിന്നൊന്നും കിട്ടിയിട്ടല്ല. പക്ഷെ വെറുതേ ഇരിക്കാന്‍ വയ്യ. പിന്നെ നാട്ടുകാരുമായുള്ള ചങ്ങാത്തവും' അയല്‍ക്കാരനും കടയിലെ സഹായിയുമായ നാരായണന്റെ തോളില്‍ പിടിച്ച് ആണ്ടിച്ചേട്ടന്‍ പറയുന്നു. വീട്ടില്‍ വെറുതേ ഇരിക്കുന്ന സമയങ്ങളില്‍ നാരായണന്‍ ആണ്ടിയുടെ കടയിലെത്തി ഒരു 'കൈ' സഹായം നടത്തും.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആണ്ടിയുടെ 'ചെലവ് കുറഞ്ഞ' കട റോഡെടുത്തു പോകും. പക്ഷെ ആണ്ടിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ പലഹാരമനസ്സിന് തളര്‍ച്ചയില്ല. 'അപ്പുറത്ത് എവിടെയെങ്കിലും പുതിയൊരെണ്ണം തുടങ്ങണം'.

 

 




MathrubhumiMatrimonial