AnnaChandam Head

ആറാട്ടുപുഴയിലെ ആനപ്പെരുമ

Posted on: 29 Mar 2009

ബിജു ആന്റണി



'ആറാട്ടുപുഴ പൂരം ആനപ്പൂരമെന്നും തൃശ്ശൂര്‍പൂരം തീപ്പൂര''മെന്നുമാണ് പഴമക്കാരുടെ വിശേഷണം. ആറാട്ടുപുഴ പാടത്തെത്തുന്ന ആനകളുടെ ബാഹുല്യവും തേക്കിന്‍കാട് മൈതാനിയിലെ വെടിക്കെട്ടിന്റെ മാസ്മരികതയുമാണ് ഈ രണ്ട് പൂരങ്ങള്‍ക്കും പൂര്‍വികരുടെ വിശേഷണങ്ങള്‍ക്ക് പിന്നില്‍. പണ്ട് ആറാട്ടുപുഴ പൂരത്തില്‍ 108 ദേവീദേവന്മാരാണ് സംഗമിക്കുക. അകമ്പടിയായി 101 ആനകളും. 'ഭൂമിയിലെ ദേവസംഗമം' എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണം 23 ആയി കുറഞ്ഞെങ്കിലും ഇന്നും 75 ലധികം ആനകള്‍ പൂരപ്പാടത്തെത്തുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള കരിവീരന്മാരുടെ കൂട്ടായ്മ കൂടിയാണ് ഈ പൂരം. കുട്ടികളോടൊത്ത് കളിക്കുന്ന കുട്ടിക്കൊമ്പന്മാര്‍ മുതല്‍ തലയെടുപ്പുള്ള വമ്പന്മാര്‍വരെ ഇവിടെ സമ്മേളിക്കുന്നു. ആനയെ വാനോളം സ്നേഹിക്കുന്ന ആയിരങ്ങള്‍ക്ക് ആറാട്ടുപുഴ പൂരമെന്നാല്‍ ആനച്ചന്തമാര്‍ന്ന ആനന്ദമാണ്.

അശ്വതി മുതല്‍ അത്തം വരെ 13 നാളുകളിലാണ് ദേവസംഗമത്തില്‍ ആനകള്‍ അകമ്പടിയാകുന്നത്. 23 പങ്കാളീക്ഷേത്രങ്ങളിലും അവയുടെ തട്ടകങ്ങളിലും ഈ ദിനങ്ങളില്‍ മേളവും ആളും ആനയും അമ്പാരിയുമായി രാപ്പകലറിയാത്ത ആഘോഷതിമിര്‍പ്പാണ്.
നാടാകെ ആനച്ചൂര്. ചെണ്ടമുഴക്കത്തിന് പുറമെ ചങ്ങലക്കിലുക്കവും കുടമണിനാദവും ചിന്നംവിളിയും പാപ്പാന്റെ കല്പനകളും കേട്ടാണ് ദേശങ്ങളുണരുക.
ഏഴ് നിയോജകമണ്ഡലങ്ങളിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളില്‍നിന്ന് നാലു മുതല്‍ നാല്പതു കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് ദേവീദേവന്മാരുമായി ആനകള്‍ ഒടുവില്‍ ആറാട്ടുപുഴയിലെത്തുക.
തിടമ്പേറ്റിയ വമ്പന്‍മാര്‍ തുമ്പിയാട്ടി ചെവി വീശി പാടവും പറമ്പും കുന്നും പുഴയും കായലും കടന്ന് പൂരം നാളാകുന്നതോടെ ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലെത്തുന്നു. ഈ വരവിനിടെ ഒരുപാട് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചാണ് ആനകളുടെ എഴുന്നെള്ളത്ത്. ദേവീദേവന്മാര്‍ ചെയ്യേണ്ട ചില ചടങ്ങുകളുടെ ചുമതലയും ഈ സഹ്യപുത്രന്മാര്‍ക്കാണ്.
തിടമ്പേറ്റല്‍, അകമ്പടി, ആനയോട്ടം, ചാലുകുത്തല്‍, കാത്തിരിപ്പ്, ഉപചാരം, യാത്രയാക്കല്‍, കൊടിമരം കുത്തിയിടല്‍ എന്നിങ്ങനെ നീളുന്നു പൂരച്ചടങ്ങുകളില്‍ ആനകളുടെ പങ്ക്.

പിടിക്കപ്പറമ്പ് ശിവക്ഷേത്രത്തിനടുത്ത പാടത്താണ് ആനയോട്ടം. ഓടുന്നത് ആനകളാണെങ്കിലും ദേവീദേവന്മാര്‍ക്കാണ് ആചാരപ്രകാരമുള്ള ജയം. തിടമ്പേറ്റിയ ആനകളാണ് ഓട്ടത്തില്‍ പങ്കെടുക്കുക. കുഞ്ഞുവിളക്കിന്റെ അകമ്പടിയില്‍ നടക്കുന്ന ആനയോട്ടം മത്സരത്തേക്കാള്‍ ഉപരി ചടങ്ങിനാണ് പ്രാധാന്യം. എങ്കിലും നാട്ടുകാര്‍ വിജയികളായ ആനകള്‍ക്ക് പാരിതോഷികം നല്‍കിവരുന്നുണ്ട്.
കൃഷിയുമായി ബന്ധമുള്ള ചടങ്ങാണ് ചാലുകുത്തല്‍. തിടമ്പേറ്റിയ ആനകള്‍ തട്ടകത്തെ തിരഞ്ഞെടുത്ത ചില പാടശേഖരങ്ങളിലാണ് ചാലുകുത്തല്‍ ചടങ്ങ് നടത്തുക. കൊമ്പുകൊണ്ടാണ് മണ്ണ് കുത്തിയെടുക്കുക. ഇങ്ങനെ കുത്തിയെടുക്കുന്ന മണ്ണ് കൃഷിയിടങ്ങളില്‍ നിക്ഷേപിച്ചാല്‍ നൂറുമേനി വിളവ് ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തരെ അനുഗ്രഹിക്കല്‍ മാത്രമല്ല തട്ടകത്തെ കാര്‍ഷികാഭിവൃദ്ധി കൂടിയാണ് ദേവീദേവന്മാരുടെ എഴുന്നെള്ളത്തിന്റെ അടിസ്ഥാനലക്ഷ്യം. ചാലുകുത്തലിന് മാത്രമായി ഇന്നും തട്ടകങ്ങളില്‍ പ്രത്യേകം പാടശേഖരം സംരക്ഷിച്ചുപോരുന്നു.
സ്വന്തം തട്ടകത്തിലെത്തുന്നവരെ ആനയിക്കാനുള്ള കാത്തിരിപ്പും ചടങ്ങിന് ശേഷമുള്ള ഉപചാരവും യാത്രയയപ്പുമെല്ലാം ഏറെ കൗതുകകരവും ഭക്തിപൂര്‍ണവുമാണ്. കാത്തിരിപ്പിനായി നിലപാട് തറകളുണ്ട്. ദേവീദേവന്മാര്‍ യാത്രപറയുന്നതിന് മുമ്പായി ഉപചാരം ചൊല്ലുന്നു. തിടമ്പേറ്റിയ ആനകള്‍ പരസ്​പരം തുമ്പിക്കൈ ഉയര്‍ത്തി ചിന്നംവിളിച്ചാണ് ഉപചാരം. യാത്രയാകുന്ന ആനയുടെ വാലില്‍ മറ്റേ ആനയുടെ തുമ്പിക്കൈ മുട്ടിക്കുന്നതും ഇതിന്റെ ഭാഗമാണ്. ദേവീദേവന്മാര്‍ പിരിയുമ്പോള്‍ അവരിലുണ്ടാകുന്ന നൊമ്പരം ഭക്തര്‍ വായിച്ചെടുക്കുക ആനകളുടെ കണ്ണുകളിലൂടെയാണ്.
പൂരങ്ങള്‍ക്ക് സമാപ്തികുറിച്ച് നടക്കുന്നതാണ് അത്തം കൊടികുത്ത്. കൊടിമരം മറിച്ചിടുന്ന ചടങ്ങ് നിര്‍വഹിക്കുന്നതും ആനകളാണ്.

ആറാട്ടുപുഴയിലെത്താത്ത ഗജരാജന്‍മാര്‍ കേരളത്തിലില്ലത്രെ. ആനയായാല്‍ ഒരിക്കലെങ്കിലും ആറാട്ടുപുഴ പൂരപ്പാടത്തെത്തിയിട്ടുണ്ടാകാമെന്ന് ആനയെ അറിയാവുന്നവര്‍ പറയുന്നു. ദേവസംഗമത്തിന്റെ ഭാഗമായി പെരുവനംപൂരത്തില്‍ ലക്ഷണമൊത്ത ആനകളെ മാത്രമേ പങ്കെടുപ്പിക്കാറുള്ളൂ. പെരുവനം നടവഴിയാണ് മേളക്കാരുടെയും ആനകളുടെയും അംഗീകാരവേദി. ഉത്സവലോകം നടത്തുന്ന 'എന്‍ട്രന്‍സ് പരീക്ഷ'യില്‍ വിജയിച്ചവരാണ് പെരുവനം നടവഴിയിലെത്തുക. ഇവിടെ എഴുന്നെള്ളിച്ച ആനകള്‍ക്ക് പിന്നെ കേരളത്തിലെങ്ങും പേരും പ്രശസ്തിയുമായിരുന്നുവത്രെ.
ഉയരത്തിന്റെ കാര്യത്തില്‍ ഇപ്പോഴും റെക്കോഡ് നിലനില്‍ക്കുന്ന, 1917ല്‍ ചെരിഞ്ഞ ചെങ്ങല്ലൂര്‍ രംഗനാഥന്‍ മുതല്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഗജശ്രേഷ്ഠര്‍വരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സ്മരണകളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന ഊമമ്പിള്ളി ശേഖരന്‍, അകവൂര്‍ ഗോവിന്ദന്‍, കീരങ്ങാട്ട് കേശവന്‍, ഗുരുവായൂര്‍ കേശവന്‍, ദേശമംഗലം ഗോപാലന്‍, കുട്ടി ചിദംബരന്‍, അവണാപറമ്പ് രാമചന്ദ്രന്‍, വരിക്കാശ്ശേരി ഗോപാലന്‍, പനമന രാമചന്ദ്രന്‍, കൂടലാറ്റുപുറം രാമചന്ദ്രന്‍, ദേശമംഗലം അയ്യപ്പന്‍ എന്നിവരെല്ലാം ആറാട്ടുപുഴയിലെത്തിയിരുന്ന അഭിമാനങ്ങളായിരുന്നു.
ആനക്കുളി മുതല്‍ ചമയങ്ങളണിയുന്നതും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന എഴുന്നെള്ളിപ്പ് വരെയും കറുമ്പന്‍മാര്‍ക്ക് ചുറ്റും കൗതുകത്തോടെ ജനക്കൂട്ടം നിറയുന്നത് വിവിധ തട്ടകങ്ങളിലെ പതിവ് കാഴ്ചയാണ്.
തീവെട്ടിവെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടവും കോലവും തിടമ്പും ആലവട്ടവും വെഞ്ചാമരവും പട്ടുകുടയുമായി നില്‍ക്കുന്ന ആനച്ചന്തം പൂരപ്രേമികളുടെ മതിവരാകാഴ്ചയാണ്. പലയിടങ്ങളില്‍ നിന്ന് പകലിലൊഴുകിയെത്തി പൂരപ്പാടത്ത് പുലരിയില്‍ തിരകളായി അണിനിരക്കുന്ന കരിവീരന്മാര്‍ ആറാട്ടുപുഴയിലെ മാത്രം നേര്‍കാഴ്ചയാണ്.



Tags:   Elephant, Kerala Festivals, Anachantham, Arattupuzha



MathrubhumiMatrimonial