goodnews head

പേടി വേണ്ട, ഫെലീഷ്യ നഗരത്തിലുണ്ട്‌

Posted on: 21 May 2013

വി.പി.ശ്രീലന്‍




എറണാകുളം: ഈ നഗരത്തെ ഫെലീഷ്യയ്ക്ക് പേടിയില്ല. പേടിയുള്ളവര്‍ക്ക് ഫെലീഷ്യയെ വിളിക്കാം. ഏതു പാതിരാത്രിയിലും അവരെ സഹായിക്കാന്‍ ഫെലീഷ്യയുണ്ടാകും.

20 വര്‍ഷമായി കൊച്ചി നഗരത്തിലെ ഓട്ടോഡ്രൈവറാണ് ഫെലീഷ്യ. 17-ാം വയസ്സില്‍ ഓട്ടോ ഓടിച്ചുതുടങ്ങിയതാണ്. കൊച്ചി നഗരത്തിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവര്‍ എന്നാണ് ഫെലീഷ്യ അറിയപ്പെടുന്നത്. രാത്രി തോപ്പുംപടി ഓട്ടോസ്റ്റാന്‍ഡില്‍ ഫെലീഷ്യയുടെ വണ്ടിയുണ്ടാകും. അത്യാവശ്യക്കാര്‍ ഫെലീഷ്യയുടെ മൊബൈല്‍ ഫോണില്‍ വിളിക്കും. റെയില്‍വേ സ്റ്റേഷനിലേക്കോ, ആസ്പത്രിയിലേക്കോ, മരണവീട്ടിലേക്കൊ പോകാനാകും വിളി. നിമിഷങ്ങള്‍ക്കുള്ളില്‍ ഫെലീഷ്യ അവിടെ എത്തും.

രാത്രിയില്‍ സ്ത്രീകളാകും മിക്കപ്പോഴും ഫെലീഷ്യയെ വിളിക്കുക. റെയില്‍വേസ്റ്റേഷനിലോ, ബസ്സ്റ്റാന്‍ഡിലോ പെട്ടുപോകുന്ന സ്ത്രീകളും പരുഷന്മാരുമൊക്കെ ഫെലീഷ്യയുടെ സഹായം തേടാറുണ്ട്.

രാത്രിയില്‍ നഗരത്തില്‍ ഒറ്റയ്ക്ക് ചുറ്റുവാന്‍ പേടിയാവില്ലേ? ഫെലീഷ്യ പതുക്കെ ചിരിച്ചു. പിന്നെ, ഓട്ടോയുടെ സീറ്റിനടിയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു. അതില്‍ മറ്റൊരു കടലാസുപൊതി. കടലാസ് പൊതി തുറന്ന് ഇരുമ്പുകൊണ്ടുള്ള ഒരു വസ്തുപുറത്തെടുത്തു. 'ഇതാണ് ഇടിക്കട്ട. ഇത് കൈയിലണിഞ്ഞ് മുഖംനോക്കി ഒന്നുകൊടുത്താല്‍ മതി'. മുള്ളുകള്‍ ഘടിപ്പിച്ച ഇരുമ്പുകൊണ്ടുള്ള ഒരുവളയം. ഫെലീഷ്യയ്ക്ക് കൈപ്പത്തിയില്‍ അണിയാന്‍ പാകത്തില്‍ തയ്യാറാക്കിയതാണ്. ഈ ഇടിക്കട്ടയുടെ സുരക്ഷിതത്വത്തിലാണ് ഫെലീഷ്യയുടെ പാച്ചില്‍.ഇടിക്കട്ട വെറുതെ കൊണ്ടുനടക്കുന്നതല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രണ്ടുതവണ ഫെലീഷ്യ ഈ ആയുധം പ്രയോഗിച്ചു. ഒരിക്കല്‍ ഒരു യാത്രക്കാരനെയുംകൊണ്ട് തേവരവരെ പോയി. യാത്രക്കാരന്‍ ബാറിലേക്ക് കയറിപ്പോയി. ഫെലീഷ്യ താഴെ വെയ്റ്റ്‌ചെയ്തു. ഇതിനിടയില്‍ മറ്റൊരാള്‍ ബാറില്‍ നിന്ന് ഇറങ്ങിവന്നു. അയാള്‍ക്ക് ഓട്ടോയില്‍ കയറണം. സാധ്യമല്ലെന്ന് ഫെലീഷ്യ. മറ്റൊരു യാത്രക്കാരന് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞെങ്കിലും മദ്യപന്‍ കൂട്ടാക്കുന്നില്ല. അയാള്‍ ഫെലീഷ്യയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു. പിന്നെ താമസിച്ചില്ല, ഫെലീഷ്യ 'ഇടിക്കട്ട'പുറത്തെടുത്തു.

ആഞ്ഞൊരു ഇടി... പത്തുമിനിറ്റോളം ഇടി തുടര്‍ന്നു. ഓടിക്കൂടിയവര്‍ നോക്കിനിന്നതല്ലാതെ ഒന്നും ചെയ്തില്ല. ഒടുവില്‍ മദ്യപന്‍ താഴെ വീണു. ഓട്ടോയില്‍ പഴയ യാത്രക്കാരനെ കയറ്റി ഫെലീഷ്യയും മടങ്ങി.മറ്റൊരിക്കല്‍, തോപ്പുംപടിക്കടുത്ത് പരിപ്പുജംഗ്ഷനിലായിരുന്നു ഫെലീഷ്യയുടെ 'ഇടിക്കട്ട' പ്രയോഗം. സൈക്കിളില്‍ വന്ന ഒരാള്‍ ഫെലീഷ്യയുടെ ഓട്ടോയിലേക്ക് വട്ടംവീണു. വണ്ടി അനക്കാനാവുന്നില്ല. സൈക്കിളുകാരന്‍ വെറുതെ ഒച്ചവയ്ക്കുന്നു. തര്‍ക്കമായി. ഒടുവില്‍ അയാള്‍ കൈവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഫെലീഷ്യ ആയുധം പുറത്തെടുത്തു. ഇടിച്ചപ്പോള്‍ അയാള്‍ വഴുതിമാറി. കട്ട എടുത്ത് ഒറ്റയേറ്. സെക്കിളുകാരനെ പിന്നെ കണ്ടില്ല.

ഇടിക്കട്ടയും നഷ്ടപ്പെട്ടു. പിന്നീട് നല്ല വലിപ്പത്തില്‍ മറ്റൊരെണ്ണം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതെല്ലാം പഴയകഥകള്‍. ഇപ്പോള്‍ ഫെലീഷ്യയ്ക്ക് ഇടിക്കട്ട പ്രയോഗിക്കേണ്ടിവരുന്നില്ല. സിറ്റിയിലെ പോലീസുകാര്‍ക്കുപോലും ഫെലീഷ്യയെ അറിയാം. ഫെലീഷ്യയുടെ വണ്ടിയില്‍ സ്ഥിരമായി യാത്രചെയ്യുന്ന 50ഓളം പേരുണ്ട്. ഇവരില്‍ മിക്കവരും കാറുള്ളവരാണ്. കുടുംബസമേതമുള്ള യാത്രയ്ക്ക് പോലും ഇവരെല്ലാം ഫെലീഷ്യയെ വിളിക്കുന്നു. പക്ഷെ, കേള്‍ക്കുന്നതുപോലെ സുഖകരമല്ല ഫെലീഷ്യയുടെ ജീവിതം. തീയിലാണ് ആ ജീവിതം കിളിര്‍ത്തത്. ചെറുപ്പത്തില്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്നു. ഫോര്‍ട്ടുകൊച്ചി വെളിയിലെ പ്രസിദ്ധമായ വാച്ചാക്കല്‍ കുടുംബത്തിലെ അംഗമാണിവര്‍. അപ്പച്ചന്‍ മത്സ്യത്തൊഴിലാളിയായിരുന്നു.

ദാരിദ്ര്യം വേട്ടയാടിയ ബാല്യം. നന്നെ ചെറുപ്പത്തില്‍ തന്നെ ഇവര്‍ ജോലിക്കിറങ്ങി. നാലാംക്ലാസില്‍ പഠനം അവസാനിച്ചു. പ്രായമായപ്പോള്‍ വിവാഹാലോചനകള്‍ വന്നു. പക്ഷെ, തനിക്ക് താഴെ മൂന്നു സഹോദരങ്ങള്‍. അവര്‍ക്കുവേണ്ടി ഫെലീഷ്യ ജീവിതം മാറ്റിവെച്ചു. വിവാഹം വേണ്ടെന്നുവച്ചു. സഹോദരിമാരെ വിവാഹം കഴിപ്പിച്ചു. സഹോദരന്റെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഫെലീഷ്യ പറയുന്നു.

ഓട്ടോയില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഫെലീഷ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

''പക്ഷെ, എന്നെ ആരും കബളിപ്പിക്കുന്നില്ല. ആദ്യകാലത്തുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ഓട്ടോ ജീവിതം സുഖം തന്നെ. ആരെയും ആശ്രയിക്കാതെ ജീവിക്കുമ്പോഴുള്ള സുഖമാണിത്. എനിക്ക് അധികം ഭക്ഷണം വേണ്ട. ഇടയ്ക്കിടെ കട്ടന്‍ചായ കുടിക്കും. ചിലപ്പോള്‍ പലഹാരവും. പുറമെ നിന്ന് ഞാന്‍ മറ്റൊരു ഭക്ഷണവും കഴിക്കില്ല''.ദാരിദ്ര്യം ഇപ്പോഴും കൂട്ടിനുണ്ടെന്ന് ഫെലീഷ്യ പറയുന്നു. എല്ലാം ഉള്ളിലൊതുക്കുകയാണ്. സങ്കടങ്ങള്‍ പറയുമ്പോള്‍ , ഫെലീഷ്യ പാവംപെണ്ണായി മാറുന്നു. പെട്ടെന്ന് കണ്ണുനിറയുന്നു. പ്ലാസ്റ്റിക് ബാഗിലിരിക്കുന്ന 'ഇടിക്കട്ട' അപ്പോള്‍ ഫെലീഷ്യയ്ക്ക് തുണയാകുന്നില്ല.

 

 




MathrubhumiMatrimonial