goodnews head

ഷെര്‍ളിയുടെ കരള്‍ ഇനിയും തുടിക്കും

Posted on: 15 May 2013


കൊച്ചി: മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷം ഷെര്‍ളിയുടെ കരള്‍ പ്രമോദ്കുമാറിന്റെ ശരീരത്തില്‍ തുടിച്ചു തുടങ്ങി. കോതമംഗലം സ്വദേശി പ്രമോദ് കുമാറിനാണ്തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഷെര്‍ളി സെബാസ്റ്റ്യന്റെ കരള്‍ പുതു ജീവന്‍ പകര്‍ന്നത്

മരണശേഷം നാലു പേര്‍ക്ക് ജീവന്‍ ദാനം ചെയ്ത സ്മരണയില്‍ ഷെര്‍ലിയുടെ ഓര്‍മ്മകള്‍ ഇനി കൂടുതല്‍ ദീപ്തമാകും. സഹോദരന്റെ മരണവിവരം അറിയിക്കുന്നതിനിടെ കാല്‍ വഴുതി വീണാണ് ഷെര്‍ളി സെബാസ്റ്റിയന് മരണം സംഭവിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം പി. എം. കുട്ടി റോഡ് കാപ്പനില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് ഷെര്‍ലി. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു.

രണ്ടു മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും ഷെര്‍ളിയുടെ കരള്‍ കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ എത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.15 ന് പുറപ്പെട്ട സംഘം 5.30 ന് ആസ്പത്രിയില്‍ എത്തിച്ചേര്‍ന്നു. കോതമംഗലം പുന്നേക്കാട് ആയുര്‍വ്വേദ മരുന്ന് കട നടത്തുന്ന പ്രമോദ്, രണ്ടു മാസത്തോളമായി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് കഴിയുകയായിരുന്നു. ജനവരിയില്‍ കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇദ്ദേഹത്തിന് ഷെര്‍ളിയുടെ കരള്‍ വച്ചു പിടിപ്പിച്ചത്.

മരണ ശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ഷെര്‍ളിയുടെ ആഗ്രഹം മനസ്സിലാക്കിയ മൂത്തമകന്‍ ജിതിന്‍ മഹാദാനത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുകയായിരുന്നു. ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ്, ട്രാന്‍സ്പ്ലാന്‍േറഷന്‍ വിദഗ്ദ്ധന്മാരായ ഡോ. ഉണ്ണി, ഡോ. ബിനോജ്, മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഷെര്‍ളിയുടെ കരളുമായി എത്തിയത്.

ഡോ സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അമൃതയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ഡോ. ദിനേശ്, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. രാമചന്ദ്രന്‍, ഡോ. ബിനോജ്, ഡോ. ലതാരാം, അനസ്‌തേഷ്യസ്റ്റ് ഡോ. രാജേഷ്, ഡോ. ലക്ഷ്മി, നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial