goodnews head

അനന്തന്റെ കനിവില്‍ അമ്മയുടെ ഹൃദയവാല്‍വുകള്‍ രണ്ടുപേര്‍ക്ക് തുടിപ്പേകും

Posted on: 15 May 2013


അനാഥനാക്കി അമ്മയുടെ വേര്‍പാട്

തിരുവനന്തപുരം: അപകടത്തില്‍ ശരീരത്തിനേറ്റ മുറിവുകളെക്കാളും തന്നെ അനാഥമാക്കിയ വേദന കടിച്ചമര്‍ത്തി ഒന്‍പതാം ക്ലാസുകാരന്റെ മഹാമനസ്‌കത. ഒപ്പം സഞ്ചരിക്കവെയുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അമ്മയുടെ ഹൃദയവാല്‍വുകള്‍ ദാനം നല്‍കി അനന്തനെന്ന പതിമൂന്നുകാരന്‍ അമ്മയുടെ ഒര്‍മ്മ അനശ്വരമാക്കി.

തന്നെയും കൂട്ടി അമ്മ സ്‌കൂട്ടറില്‍ പോകുമ്പോള്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടമാണ് അനന്തനെ അനാഥനാക്കിയത്. അമ്മയുടെ മരണത്തിന്റെ നടുക്കം മാറും മുന്‍പെയാണ് ബന്ധുക്കളുടെയും ആശുപത്രിക്കാരുടെയും സ്‌നേഹത്തോടെയുള്ള ആവശ്യത്തിന് മുന്നില്‍ അനന്തന്‍ അമ്മയുടെ ഹൃദയവാല്‍വുകള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. അച്ഛന്‍ മോഹന്‍ കുമാറിനെ ആറുവര്‍ഷം മുന്‍പ് നഷ്ടമായ വിഷ്ണു എന്ന അനന്തന്റെ ഏക ആശ്രയമായിരുന്ന അമ്മ എസ്. രാധികാ നായര്‍. ഡി.പി.ഐ.യിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയായ അമ്മയ്‌ക്കൊപ്പം വഴുതക്കാട് ഫോറസ്റ്റ് ലെയ്ന്‍- ബി സരോജാലയത്തിലായിരുന്നു താമസം. ഇവര്‍ക്ക് കൂട്ടായി മുത്തശ്ശി ശ്യാമളയമ്മയുംഉണ്ടായിരുന്നു.

പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ ഇനി ഒന്‍പതാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് അനന്തന്‍. പരീക്ഷ കഴിഞ്ഞതിനാല്‍ അമ്മയുടെ സഹോദരന്‍ വിജയമോഹനനും കുടുംബത്തെയും കൂട്ടി ശംഖുംമുഖത്ത് പോകുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തില്‍ മരിച്ച അമ്മയുടെ മൃതദേഹവുമായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തുമ്പോഴാണ് ശ്രീചിത്രാ ആശുപത്രിയിലെ ഹോമോ ഗ്രാഫ്ട്‌വാല്‍വ് ബാങ്കിലെ കൗണ്‍സിലര്‍മാര്‍ അവയവദാന ആവശ്യവുമായി അനന്തന് മുന്നില്‍ എത്തിയത്. അമ്മയുടെ വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി അനന്തു ഹൃദയവാല്‍വുകള്‍ ദാനം ചെയ്യാന്‍ സമ്മതം മൂളുകയായിരുന്നു.

ഡി.പി.ഐ.യിലെ ഉദ്യോഗസ്ഥനായ കെ. മോഹന്‍കുമാര്‍ ആറ് വര്‍ഷം മുമ്പ് മരിച്ചതിനെത്തുടര്‍ന്നാണ് ഭാര്യ രാധികാനായര്‍ക്ക് പകരം ജോലി ലഭിച്ചത്. ഭര്‍ത്താവിന്റെ കുടുംബവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാരിയായ രാധികയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് മകന്‍ അനന്തന്റെ പഠന ചെലവും അമ്മ ശ്യാമളയമ്മയെയും നോക്കിപ്പോന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നത് രാധികയുടെ അഗ്രഹമായിരുന്നു. എന്നാല്‍ ഈ ആഗ്രഹം ബാക്കിയാക്കിയാണ് രാധിക വിടവാങ്ങിയത്.

രാധികയുടെ ഹൃദയവാല്‍വുകള്‍ ക്രയോ പ്രിസര്‍വേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തോളം നീളുന്ന പരിശോധനകള്‍ക്ക് ശേഷമേ ഈ വാല്‍വുകള്‍ മറ്റുള്ള ശരീരത്തില്‍ ഘടിപ്പിക്കാനാവൂ എന്ന് ശ്രീചിത്ര അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ആഫീസര്‍ ഡോ.കെ. എസ്. ജവഹര്‍ അറിയിച്ചു.

 

 




MathrubhumiMatrimonial