goodnews head

ബോധാവസ്ഥയില്‍ അമ്മയുടെ വൃക്കദാനം; മകന് പുതുജീവന്‍

Posted on: 15 May 2013


കോഴിക്കോട്: ബോധം കെടുത്തുന്ന ജനറല്‍ അനസ്‌ത്യേഷ്യക്ക് വിധേയയാവാന്‍ തനിക്ക് കഴിയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനു മുന്നിലും സിനിമോളുടെ നിശ്ചയദാര്‍ഢ്യം തകര്‍ന്നില്ല. മകന്റെ ജീവന്‍ രക്ഷപ്പെടണമെന്നുമാത്രമായിരുന്നു പ്രാര്‍ഥന.

ഒടുവില്‍ തരിപ്പിച്ചുള്ള എപിഡ്യുറല്‍ അനസ്‌തേഷ്യ നല്‍കി സിനിമോള്‍ക്ക് ശസ്ത്രക്രിയ നടത്തി. അവരുടെ വൃക്ക മകന്‍ ക്ലെന്‍സ് പോള്‍ ഫിലിപ്പിന് പുതുജീവന്‍ പകര്‍ന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലാണ് അപൂര്‍വതകള്‍ നിറഞ്ഞ ശസ്ത്രക്രിയ നടന്നത്.

1986-ലാണ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ആദ്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം 27 വര്‍ഷത്തിനുള്ളില്‍ 1200 വൃക്കദാനം നടന്നിട്ടുണ്ട്. ആദ്യമായാണ് തരിപ്പിക്കുക മാത്രം ചെയ്ത് ദാതാവില്‍നിന്ന് വൃക്കമാറ്റിവെക്കുന്നത്.

വയനാട് ജില്ലയിലെ നെന്മേനി കോളിയാടിയില്‍ ഫീലിപ്പോസ് തെക്കന്റെയും സിനിമോളുടെയും മൂത്തമകനായ ക്ലെന്‍സ് പോളിന്റെ (16) ഒരുവൃക്കയുടെ പ്രവര്‍ത്തനം ജന്മനാ നിലച്ചതാണ്. മൂന്നുവര്‍ഷംമുമ്പ് രണ്ടാംവൃക്കയുടെ പ്രവര്‍ത്തനവും താളം തെറ്റി. മാസങ്ങളായി നിത്യേന ഡയാലിസിസിന് വിധേയനായിവന്ന ക്ലെന്‍സിന് അമ്മ വൃക്ക ദാനംചെയ്യാന്‍ തയ്യാറായി.

പരിശോധനയില്‍ ജനറല്‍അനസ്‌തേഷ്യ നല്‍കുന്നതിനുള്ള പതിനെട്ടോളം മരുന്നുകള്‍ സിനിമോള്‍ക്ക് കടുത്ത അലര്‍ജിയാണെന്ന് കണ്ടെത്തി. അനസ്‌തേഷ്യ നല്‍കി വൃക്ക എടുക്കുന്നത് ദാതാവിന്റെ ജീവനുതന്നെ അപകടമായേക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മറ്റൊരു ദാതാവിനെ കണ്ടെത്തുകമാത്രമാണ് പോംവഴിയെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

വൃക്ക ദാനംചെയ്യാന്‍ മറ്റാരെയും കണ്ടെത്താനാവാതെ വന്നപ്പോള്‍ സിനിമോള്‍ വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചു. ജീവന്‍ അപകടത്തിലായാലും സാരമില്ല തരിപ്പിച്ചുള്ള അനസ്‌തേഷ്യ നല്‍കി വൃക്ക എടുത്ത് മകന്റെ ജീവന്‍ രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു.

വൃക്ക എടുക്കുന്നിടത്തെ ശരീരഭാഗംമാത്രം തരിപ്പിച്ച് ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സിനിമോളുടെ വൃക്ക മകന് ദാനംചെയ്തു. മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ യൂറോളജി വിഭാഗം മേധാവിയും കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ഫെലിക്‌സ് കാര്‍ഡോസയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്‌തേഷ്യാവിഭാഗം മേധാവി ഡോ. കെ.കെ. മുബാറക്ക്, നെഫ്രോളജി വിഭാഗത്തിലെ ഡോ. ബിജു കെ.ഗോപിനാഥ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വംനല്‍കിയത്.

 

 




MathrubhumiMatrimonial