goodnews head

ഹൃദയം തുറന്ന് ചില നിമിഷങ്ങള്‍

Posted on: 15 May 2013


എറണാകുളം: കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് തിങ്കളാഴ്ച ഒരു ദശകം പൂര്‍ത്തിയായി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ഇപ്പോള്‍ ലിസി ആസ്പത്രിയിലെ ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അതിന്റെ ഓര്‍മകളിലൂടെ.....

ഹൃദയം എന്ന വാക്കിനോട് എന്തുകൊണ്ടോ ഒരിഷ്ടം പണ്ടുതൊട്ടേ ഉള്ളില്‍ സ്പന്ദിച്ചിരുന്നു. മനുഷ്യന്‍ പ്രണയവും പരിഭവവും പകയും പരാതിയും ചിരിയും കണ്ണീരും ഒളിപ്പിച്ചുവയ്ക്കുന്നുവെന്ന് പറയപ്പെടുന്ന അത്ഭുത നിലവറയുടെ അകത്തെന്ത് എന്ന് അറിയാനുള്ള ആകാംക്ഷ അന്നേയുണ്ട്. ഡോക്ടറായപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നായി മോഹം. ഒരു ജീവനെ മറ്റൊന്നിലേക്ക് തുന്നിച്ചേര്‍ക്കുന്ന മാന്ത്രികവിദ്യ കണ്ടുപിടിച്ച ഡോ.ക്രിസ്റ്റിയന്‍ ബര്‍ണാഡായിരുന്നു ആരാധനാപാത്രം. എം.ബി.ബി.എസ്സിനുശേഷം തുടര്‍ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ ഹൃദയത്തില്‍ തുടിച്ചിരുന്നതും ആ വിസ്മയം സ്വന്തമാക്കാനുള്ള ആഗ്രഹം തന്നെ.

മടങ്ങിയെത്തി 1996ല്‍ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചേരുമ്പോള്‍ ഇന്ത്യയില്‍ ആദ്യമായും രണ്ടാമതായും ഹൃദയം മാറ്റിവയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഹൃദയവിചാരങ്ങളില്‍ മാറ്റമുണ്ടായില്ല. കേരളത്തിലാദ്യം എന്ന നിലയിലേക്ക് മോഹം വഴിമാറി. മെഡിക്കല്‍ ട്രസ്റ്റിന്റെ അന്നത്തെ ഡയറക്ടറായിരുന്ന വര്‍ഗീസ് പുളിക്കനോടാണ് ആദ്യമായി അതേക്കുറിച്ച് സംസാരിച്ചത്. പോസിറ്റീവായി ചിന്തിക്കുകയും എന്തും നേടിയെടുക്കാനുള്ള ആത്മവിശ്വാസം സൂക്ഷിക്കുകയും ചെയ്യുന്നയാളായിരുന്നു അദ്ദേഹം. വര്‍ഗീസ് പുളിക്കന്‍ അനുകൂലിച്ചതോടെ പരാജിതരായ ഹൃദയങ്ങള്‍ക്കും ഹൃദയം മാറ്റിവയ്ക്കലിനും വേണ്ടി കേരളത്തിലെ ആദ്യത്തെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് 2001ല്‍ മെഡിക്കല്‍ ട്രസ്റ്റില്‍ തുറന്നു.

സഹപ്രവര്‍ത്തകരില്‍ പലരും നെറ്റി ചുളിച്ചു. അനാവശ്യമായ എന്തോ ഒന്നിനുവേണ്ടിയുള്ള പാഴ്‌ച്ചെലവ് എന്നാണ് അവര്‍ വിലയിരുത്തിയത്. ആ സംശയങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ഞങ്ങളുടെ ഊര്‍ജ്ജം. സാധിക്കില്ല എന്നു പറയുന്നത് കാട്ടിക്കൊടുക്കാനുള്ള വാശി. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ വൈദഗ്ദ്ധ്യം നേടാനായി മൂന്നു തവണ ഇംഗ്ലണ്ടില്‍ പോയി. ആദ്യത്തെ രണ്ടുതവണ തനിച്ചും മൂന്നാംവട്ടം സഹപ്രവര്‍ത്തകരായ ഡോ.സജി കുരുട്ടുകുളം, ഡോ.വിനോദ്, ഡോ.ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പവും. കേംബ്രിഡ്ജിലെ പ്രസിദ്ധമായ പാപ്‌വര്‍ത്ത് ആസ്പത്രിയിലാണ് ഞങ്ങള്‍ പരിശീലിച്ചത്.

ഹൃദയം മാറ്റിവയ്ക്കലില്‍ രണ്ടു വ്യക്തികളാണ് നിര്‍ണായകം. നല്കുന്നയാളും ഏറ്റുവാങ്ങുന്നയാളും. മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്നത്. തലച്ചോറിലെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന ഭാഗം നിശ്ചലമാകുമ്പോഴാണ് മസ്തിഷ്‌കം മരിച്ചുവെന്ന് പറയുക. പിന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ എപ്പോള്‍ മാറ്റുന്നുവോ മൂന്നുമിനിട്ടിനകം പ്രാണന്‍ പറന്നുപോയിരിക്കും. ഹൃദയം നല്കാന്‍ മരിച്ചയാളുടെ ബന്ധുക്കള്‍ സമ്മതിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് ഏറ്റുവാങ്ങാന്‍ ഒരാള്‍ സന്നദ്ധനാകുന്നതും. ഹൃദയത്തിനൊപ്പം അയാളില്‍ ഒട്ടിച്ചേരുന്നത് മറ്റൊരാളാണ് എന്ന വിചാരം മാനസ്സികമായ പലബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വേറൊരു വ്യക്തിയുടെ വികാരങ്ങളും സ്വഭാവവും എന്തിന് ആത്മാവ് തന്നെയും ഹൃദയത്തിനൊപ്പം തന്നിലേക്കെത്തുന്നുവെന്ന് സ്വീകര്‍ത്താവിന് തോന്നിയേക്കാം.

ഹൃദയം മാറ്റിവയ്ക്കല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല. അത് നല്‍കേണ്ട വ്യക്തിയും ഏറ്റുവാങ്ങേണ്ട വ്യക്തിയും ലോകത്തിന്റെ ഏതോ രണ്ടുകോണുകളിലുണ്ട്. പരസ്പരം അറിയാതെ, ചിലപ്പോള്‍ അടുത്തറിഞ്ഞ്.

ഹാര്‍ട്ട്ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് തുറന്ന് രണ്ടാംവര്‍ഷം ഞങ്ങള്‍ ഏറ്റുവാങ്ങേണ്ടയാളെ കണ്ടെത്തി. ഹരിപ്പാട്ടെ ഹുദാ ട്രസ്റ്റ് ആസ്പത്രിയില്‍ മെഡിക്കല്‍ക്യാമ്പിനെത്തിയതായിരുന്നു ഞാനുള്‍പ്പെടെയുള്ള മെഡിക്കല്‍ ട്രസ്റ്റ് സംഘം. അവിടെ വച്ച് ഡോ.പ്രതാപന്റെ മുന്നിലേക്കാണ് അയാള്‍ കടന്നുവന്നത്. മാന്നാര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ എബ്രഹാം. മാതാപിതാക്കളില്ല. ഒറ്റയ്ക്ക് താമസം. ഗള്‍ഫിലായിരുന്നു. രോഗം കാരണം ജോലി നഷ്ടമായി. ഹൃദയം എന്നേക്കുമായി പരാജയപ്പെട്ടു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗി. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുന്ന മനുഷ്യന്‍. ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു എബ്രഹാമിന്റെ അസുഖത്തിനുള്ള പ്രതിവിധി. ഡോ.പ്രതാപന്‍ അതേക്കുറിച്ച് വിശദമായി എബ്രഹാമിനോട് സംസാരിച്ചു. ആത്മധൈര്യത്തിന്റെ ആള്‍രൂപമായിരുന്ന എബ്രഹാമിന് സമ്മതമായിരുന്നു. അങ്ങനെയാണ് അയാള്‍ എന്റെ മുന്നിലേക്ക് വരുന്നത്.

'ആദ്യമായാണ് ഞാന്‍ ഹൃദയം മാറ്റിവയ്ക്കുന്നത്. അതിന്റെ റിസ്‌കുണ്ട്'-എബ്രഹാം അത് കേട്ട് ഞെട്ടിയില്ല. 'പകരം ഡോക്ടര്‍ക്ക് അതിന് കഴിയും. എനിക്ക് വിശ്വാസമാണ്' എന്നു പറഞ്ഞ് ധൈര്യം പകര്‍ന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നയാളുടെ മറ്റ് അവയവങ്ങളെല്ലാം സാധാരണനിലയിലായിരിക്കണം. പരിശോധനയില്‍ എബ്രഹാമിന് മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഇനി വേണ്ടത് ഒരു ഹൃദയമാണ്.

2003 മെയ്11. എബ്രഹാം മെഡിക്കല്‍ ട്രസ്റ്റില്‍ നിന്ന് മടങ്ങിയിട്ട് ആറുമാസം പിന്നിട്ടു. ആലുവയിലെ ഒരു ആസ്പത്രിയില്‍ നിന്ന് വാഹനാപകടത്തില്‍ പരിക്കേറ്റ സുകുമാരന്‍ എന്നയാളുമായി ഒരു ആംബുലന്‍സെത്തി. പറവൂരിനടുത്ത പെരുമ്പടന്ന സ്വദേശിയായ സുകുമാരന്‍ കരിക്ക് വില്പനക്കാരനായിരുന്നു. അന്ന് റോഡരികില്‍ വില്പനയ്ക്കിടെ ബൈക്ക് സുകുമാരനെ ഇടിച്ചുവീഴ്ത്തി. തലയടിച്ച് വീണതുകൊണ്ട് പരിക്ക് ഗുരുതരമായിരുന്നു. പിറ്റേന്ന് തന്നെ സുകുമാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നെ ജീവന്‍ നിലനിര്‍ത്തിയത്.

നാല്‍പ്പതുകളിലെത്തിയതേയുണ്ടായിരുന്നുള്ളു സുകുമാരന്‍. കൈത്താങ്ങ് നഷ്ടപ്പെട്ട കുടുംബത്തോട് ഹൃദയം ചോദിക്കുന്നിടത്തോളം ഹൃദയശൂന്യരാകാന്‍ ഞങ്ങള്‍ക്കായില്ല. പക്ഷേ അവയവദാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരുന്നു സുകുമാരനും ഭാര്യയും. കണ്ണുദാനം ചെയ്യാന്‍ നേരത്തെതന്നെ തീരുമാനിച്ചു ദമ്പതിമാര്‍. എബ്രഹാമിന്റെ കാത്തിരിപ്പിനെക്കുറിച്ചു പറഞ്ഞപ്പോള്‍ സുകുമാരന്റെ കുടുംബം അത്രമേല്‍ ഹൃദയപൂര്‍വമായ ആ തീരുമാനം എടുത്തു. ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ലഭിച്ച പത്മശ്രീയുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ സുകുമാരന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. അവരാണ് ആ ചരിത്രസംഭവത്തിന് കാരണക്കാര്‍. അത്രയും വലുതായിരുന്നു അവരുടെ ത്യാഗം. ഞാന്‍ വെറുമൊരു ഉപകരണം മാത്രം.

രണ്ടുപേരുടെയും രക്തഗ്രൂപ്പ് എ പോസിറ്റീവാണ്. മറ്റെല്ലാ ഘടകങ്ങളും അനുകൂലം. മെഡിക്കല്‍ ട്രസ്റ്റില്‍ നിന്ന് എബ്രഹാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളുടെ നെഞ്ചിടിപ്പ് ഉച്ചത്തിലായിരുന്നു. എബ്രഹാം വീട്ടിലില്ലെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും അസുഖം പിടിപെട്ടിട്ടുണ്ടെങ്കില്‍ എല്ലാം നിശ്ചലമാകും. മൂന്നുദിവസത്തിനപ്പുറം വെന്റിലേറ്ററില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനാകില്ല. അതിനുമുമ്പ് സുകുമാരന്റെ ഹൃദയം എബ്രഹാമില്‍ ചേരണം. പക്ഷേ എബ്രഹാം ആദ്യ ബെല്ലിലെ ഫോണെടുത്തു. പിന്നെ സുഹൃത്തിന്റെ ടാക്‌സിയില്‍ എറണാകുളത്തേക്ക്. രാത്രിയോടെ അവര്‍ ആസ്പത്രിയിലെത്തി.

അതിനുമുമ്പ് അവയവദാനത്തിനുള്ള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയിരുന്നു. 13-ാം തീയതി പുലര്‍ച്ചെ 12.30 മണിയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. അതിനുമുമ്പ് സെന്റ് തെരേസാസ് മൊണാസ്ട്രി ചര്‍ച്ചിലെ ഫാ.ആന്‍സലിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ 15മിനിട്ട് പ്രാര്‍ഥന നടത്തി. തീയറ്ററിലേക്ക് പോകുംമുമ്പ് ഫാദര്‍ എന്റെ കൈയിലേക്ക് ചെറിയൊരു കുരിശ് തന്നിട്ട് പറഞ്ഞു: 'ഇത് ഗൗണിന്റെ പോക്കറ്റിലിടണം. ശസ്ത്രക്രിയ കഴിഞ്ഞിട്ടേ എടുക്കാവൂ..' രണ്ടാംഘട്ടത്തില്‍ അല്പമൊരു പ്രയാസമുണ്ടാകുമെന്നും തളരാതെ മൗനമായിപ്രാര്‍ഥിച്ചാല്‍ മതിയാകുമെന്നും കൂടി അദ്ദേഹം പറഞ്ഞു.

സുകുമാരന്റേത് നല്ല ആരോഗ്യമുള്ള സാധാരണ ഹൃദയമായിരുന്നു. ആദ്യത്തെ ഓപ്പറേഷന്‍ തീയറ്ററില്‍ അത് വേര്‍പെടുത്തിയെടുത്തു. അതായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ എബ്രഹാമിന്റെ ഹൃദയം നീക്കം ചെയ്ത് ജീവന്റെ നിയന്ത്രണം ബൈപ്പാസ് യന്ത്രത്തെ എല്പ്പിക്കലാണ്. പക്ഷേ എബ്രഹാമിന്റെ ഹൃദയം ഏതാണ്ട് മരിച്ച അവസ്ഥയിലായിരുന്നു. സാധാരണ ഹൃദയത്തിന്റെ നാലിരട്ടിവലിപ്പം. ബൈപ്പാസ് യന്ത്രം ഘടിപ്പിക്കുന്നതിനുമുമ്പ് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത നിലനിന്നിരുന്നു. അതിന്റെ ആദ്യ സൂചനകളും ഇടയ്ക്കുണ്ടായി. അതായിരിക്കാം ഫാദര്‍ സൂചിപ്പിച്ച വിഷമഘട്ടം. പക്ഷേ ഞങ്ങള്‍ അത് മറികടന്നു.

സുകുമാരന്റെ ഹൃദയം തണുത്തലായനിയില്‍ മുങ്ങി എന്റെ കൈകളില്‍. ഏതാനും നിമിഷം കഴിഞ്ഞാല്‍ അത് മറ്റൊരാളുടെ ഇടനെഞ്ചില്‍ മിടിച്ചുതുടങ്ങണം. ജീവന്റെ സംക്രമണ നിമിഷത്തില്‍ വികാരങ്ങള്‍ കരങ്ങളെ ഉലച്ചില്ല.

ദൈവം എന്നെക്കൊണ്ട് അങ്ങനെയൊന്ന് ചെയ്യിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവിടന്ന് കഴിവായും കരുത്തായും കരവിരുതായും കൂടെയുണ്ടാകുമെന്ന വിശ്വാസമാണ് നയിച്ചത്. എത്രയും വേഗം എബ്രഹാമില്‍ ഹൃദയം തുന്നിച്ചേര്‍ക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചില്ല. അതുകൊണ്ടുതന്നെ അല്പം മുമ്പ് അപ്പുറത്തെ മുറിയില്‍ നിന്ന് വേര്‍പെട്ട ഒരു ജീവന്‍ തീര്‍ത്തുംഅപരിചിതമായ മറ്റൊരു ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങുന്നതിന്റെ വൈകാരികതയൊന്നും അറിഞ്ഞുമില്ല. ഹൃദയത്തിന്റെ പ്രധാനപ്പെട്ട രണ്ട് അറകളും രണ്ട് ധമനികളും ബന്ധിപ്പിക്കുകയാണ് ഹൃദയം മാറ്റിവയ്ക്കലില്‍ ചെയ്യുന്നത്. ദൈവം എന്ന അദൃശ്യനായ ഭിഷഗ്വരന്റെ സാന്നിധ്യത്തില്‍ രണ്ടുമണിക്കൂറിനുള്ളില്‍ അത് പൂര്‍ത്തിയായി. എബ്രഹാമിന്റെ രക്തം സുകുമാരന്റെ ഹൃദയത്തിലേക്ക് ഇരമ്പിയെത്തിത്തുടങ്ങി.

പുലര്‍ച്ചെ അഞ്ചുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എബ്രഹാമിനെ ഐ.സി.യുവിലേക്ക് മാറ്റി. ഒരു ദിവസം കഴിഞ്ഞ് വെന്റിലേറ്റര്‍ നീക്കി. സുകുമാരന്റെ മിടിപ്പുകളില്‍ എബ്രഹാം സംസാരിച്ചുതുടങ്ങി. തൊണ്ണൂറു ദിവസമായിരുന്നു ആസ്പത്രിവാസം. സാധാരണ രണ്ടാഴ്ച കഴിഞ്ഞാല്‍ വിടാം. പക്ഷേ ആദ്യത്തെ ദൗത്യത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ജാഗ്രതയില്‍ അത്രയും കാലം കരുതല്‍ തുടരുകയായിരുന്നു.

സുകുമാരന്‍ മരിച്ചുവെന്ന് വിശ്വസിക്കാത്തതിനാല്‍ കുടുംബം ശേഷക്രിയകള്‍ ചെയ്തില്ല. അവര്‍ എബ്രഹാമിനൊപ്പം ക്രിസ്മസ് ആഘോഷിച്ചു. അയാളാകട്ടെ ഒരു മനുഷ്യനില്‍ നിന്ന് അവയവദാനത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തുന്ന പ്രസ്ഥാനമായി മാറി. എബ്രഹാമിനെ കാണാന്‍ സ്‌കൂള്‍കുട്ടികള്‍ ബസ് പിടിച്ചുവന്നു. ഹൃദയം മാറ്റിവയ്ക്കപ്പെട്ട ഒരാളെ തങ്ങളിലൊരാളായി കാണുന്നതിനുപകരം സമൂഹം അത്ഭുതവസ്തുവിനെപ്പോലെ നോക്കിത്തുടങ്ങി. സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിത ആത്മവിശ്വാസത്തിലും അമാനുഷികന്‍ എന്ന തോന്നലിലും എബ്രഹാം പമ്പാനദി നീന്തിക്കടന്നു.

ചിട്ടയോടെയുള്ള ജീവിതക്രമത്തിനുപകരംപണ്ടേയുള്ള ആത്മധൈര്യത്തില്‍ കഠിനജോലികള്‍ പലതും ചെയ്യാന്‍ മുതിര്‍ന്നു. ആ ജീവിതശൈലി തന്നെയാണെന്നു തോന്നുന്നു അയാളുടെ നെഞ്ചിടറിച്ചത്. വിവാഹം ചെയ്യാന്‍ തയ്യാറായി ഒരു പെണ്‍കുട്ടി മുന്നോട്ടുവരികയും മെഡിക്കല്‍ ട്രസ്റ്റില്‍ നിന്ന് ജീവിതമാര്‍ഗമായി ടാക്‌സി വാങ്ങി നല്‍കാന്‍ തീരുമാനമാകുകയും ചെയ്ത സമയത്ത് അപ്രതീക്ഷിതമായി എബ്രഹാമില്‍ സുകുമാരന്‍ നിലച്ചു. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് അന്നേക്ക് 20മാസവും 11ദിവസവും പിന്നിട്ടിരുന്നു.

വെറും പ്രാഥമിക ശുശ്രൂഷയിലും ഉപരിപ്ലവമായ രീതികളിലും ഒതുങ്ങിനിന്നിരുന്ന കേരളത്തിന്റെ ആതുരശുശ്രൂഷാരംഗം സൂപ്പര്‍ സ്‌പെഷാലിറ്റി സമ്പ്രദായങ്ങളിലേക്ക് വളര്‍ന്നതിന്റെ തുടക്കമായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍. അതിന് കാരണക്കാര്‍ യഥാര്‍ഥത്തില്‍ സുകുമാരന്റെ കുടുംബമാണ്. പിന്നെ എന്റെ വിരലുകളില്‍ കുടിയിരുന്ന ദൈവവും.

മൂന്നുതാലന്തുകള്‍ ആറു താലന്തുകളാക്കി മടക്കി നല്‍കിയ ഭൃത്യനെക്കുറിച്ചുള്ള ബൈബിള്‍ ഉപമയെ ഓര്‍മിച്ചുകൊണ്ട് പറയട്ടെ....ദൈവം തന്നതിനെ ഇരട്ടിയാക്കി സമൂഹത്തിന് നല്‍കാനാണ് ശ്രമം; ഓരോ നിമിഷവും....

തയ്യാറാക്കിയത്: ശരത് കൃഷ്ണ

 

 




MathrubhumiMatrimonial